കാലാവധി തീരുന്നതിന് ഒരു വർഷം മുമ്പെ പാസ്പോർട്ട് പുതുക്കാം; നിയമവുമായി യുഎഇ

2025ൽ ലോകത്തിലെ ഏറ്റവും ശക്തമായ 10 പാസ്പോർട്ടുകളിൽ ഒന്നാണ് യുഎഇ പാസ്പോർട്ട്

dot image

യുഎഇ പൗരന്മാർക്ക് ഇപ്പോൾ പാസ്പോർട്ട് കാലാവധി തീരുന്നതിന് ഒരു വർഷം മുമ്പ് പുതുക്കാം. നേരത്തെ ആറ് മാസം മുമ്പ് പാസ്പോർട്ട് പുതുക്കാമെന്നായിരുന്നു നിയമം. 2025 ഓഗസ്റ്റ് 18 മുതൽ നിയമം പ്രാബല്യത്തിൽ വരുമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് & പോർട്ട് സെക്യൂരിറ്റി (ICP) അറിയിച്ചു.

ഒരു വർഷമോ അതിൽ കുറവോ കാലാവധിയുള്ള പാസ്‌പോർട്ടുകളുള്ള പൗരന്മാർക്ക് സ്മാർട്ട് സേവന പ്ലാറ്റ്‌ഫോമിന്റെ സേവനം ഇതിനായി ഉപയോഗിക്കാം. പാസ്‌പോർട്ട് നേരത്തെ പുതുക്കുവാൻ കഴിഞ്ഞാൽ യുഎഇ പൗരന്മാർക്ക് യാത്രാ പദ്ധതികൾ മുൻകൂട്ടി ആസൂത്രണം ചെയ്യാനും ഔദ്യോഗിക ഇടപാടുകൾ കൂടുതൽ കാര്യക്ഷമമായി പൂർത്തിയാക്കാനും ഡിജിറ്റൽ ഐഡന്റിറ്റി സേവനങ്ങളുടെ ഉപയോഗം വിപുലീകരിക്കാനും സഹായിക്കുമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ചെയർമാൻ അൽ ഷംസി പറഞ്ഞു. യുഎഇ പാസ്‌പോർട്ട് ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോർട്ടുകളിലൊന്നാണ്. നേരത്തെ പാസ്പോർട്ട് പുതുക്കാൻ കഴിയുന്നതിലൂടെ അതിൻ്റെ ആഗോള നിലവാരം കൂടുതൽ ഉയർത്താൻ കഴിയുമെന്നും അൽ ഷംസി വ്യക്തമാക്കി.

കൂടുതൽ മികച്ചതും ഉപയോക്തൃ സൗഹൃദവുമായ സർക്കാർ സേവനങ്ങൾ നൽകുകയാണ് നിയമത്തിന് പിന്നിലെ മറ്റൊരു ലക്ഷ്യം. പൗരന്മാരുടെ ജീവിത നിലവാരം മെച്ചപ്പെടുത്താനും വിപുലമായ ശ്രമങ്ങളുടെ ഭാഗമാണ് ഈ മാറ്റമെന്നും അധികൃതർ വിലയിരുത്തി.

2025ൽ ലോകത്തിലെ ഏറ്റവും ശക്തമായ 10 പാസ്പോർട്ടുകളിൽ ഒന്നാണ് യുഎഇ പാസ്പോർട്ട്. ആ​ഗോളതലത്തിൽ നിലവിൽ എട്ടാം സ്ഥാനത്താണ് യുഎഇ പാസ്പോർട്ടിന്റെ സ്ഥാനം. 21 വയസ് പിന്നിട്ട പൗരന്മാർക്ക് യുഎഇ പാസ്‌പോർട്ടിന്റെ കാലാവധി 10 വർഷമായി ഉയർത്തിയിരുന്നു. മുമ്പ്, പാസ്‌പോർട്ട് ഇഷ്യു ചെയ്ത തീയതി മുതൽ അഞ്ച് വർഷമായിരുന്നു കാലാവധി.

Content Highlights: UAE: Emiratis can now renew passports one year in advance

dot image
To advertise here,contact us
dot image