
തൃശ്ശൂര്‍: സുരേഷ് ഗോപി എം പിയുടെ ഓഫീസ് ബോർഡിൽ കരി ഓയിൽ ഒഴിച്ച് പ്രതിഷേധിച്ച് സിപിഐഎം പ്രവർത്തകൻ വിപിൻ. 'കരി ഓയില്‍ ഒഴിച്ചത് ശക്തമായ പ്രതിഷേധം അറിയിക്കാനാണെന്നായിരുന്നു പിന്നാലെ വിപിൻ്റെ പ്രതികരണം. കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ എംപി ക്യാമ്പ് ഓഫീസിന് മുന്നിൽ സ്ഥാപിച്ച എം പിയുടെ പേരെഴുതിയ ബോര്‍ഡിലാണ് വിപിൻ കരി ഓയില്‍ ഒഴിച്ച് പ്രതിഷേധിച്ചത്. ഇതിന് പിന്നാലെ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
താനൊരു മലയാളി ആയതുകൊണ്ടാണ് ഇത്തരം ഒരു പ്രതികരണത്തിന് മുതിര്‍ന്നത് എന്നും പ്രതിഷേധത്തിന് പിന്നാലെ വിപിൻ പ്രതികരിച്ചിരുന്നു. തനിക്ക് ഇത്രയെങ്കിലും ചെയ്യാന്‍ കഴിഞ്ഞല്ലോ. വ്യക്തിപരമായ പ്രതിഷേധമാണ് നടത്തിയത്. അറസ്റ്റ് ചെയ്താലും കുഴപ്പമില്ല. ഒരു പൊതുപ്രവര്‍ത്തകന്‍ എന്ന നിലയിലും വോട്ട് ചെയ്യുന്ന വ്യക്തി എന്ന നിലയിലും ഇതെങ്കിലും ചെയ്യാന്‍ കഴിഞ്ഞതില്‍ സന്തോഷമെന്നും വിപിൻ കൂട്ടിച്ചേർത്തിരുന്നു.
വോട്ടര്‍ പട്ടിക ക്രമക്കേട് ആരോപണത്തിൽ കേന്ദ്ര മന്ത്രി സുരേഷ് ഗോപി എം പിയുടെ തൃശൂരിലെ ക്യാമ്പ് ഓഫീസിലേക്ക് സിപിഐഎം നടത്തിയ മാർച്ചിനിടെയായിരുന്നു ബോര്‍ഡിൽ കരി ഓയിൽ ഒഴിച്ചത്. ഇതോടെ നാടകീയ രംഗങ്ങളാണ് പ്രതിഷേധ സ്ഥലത്തുണ്ടായത്. കരി ഓയിൽ ഒഴിച്ചശേഷം ബോര്‍ഡിൽ ചെരുപ്പുമാല അണിയിക്കാൻ ശ്രമിക്കുന്നതിനിടെ പൊലീസെത്തി സിപിഐഎം പ്രവര്‍ത്തകനെ കസ്റ്റഡിയിലെടുത്തു.
ഇതോടെ നേതാക്കള്‍ ഇടപെട്ടു. പൊലീസ് വാഹനത്തിലേക്ക് മാറ്റിയ വിപിനെ പിന്നീട് സിപിഐഎം നേതാക്കളെത്തി വാഹനത്തിൽ നിന്ന് മോചിപ്പിച്ച് പുറത്തേക്ക് കൊണ്ടുവരുകയായിരുന്നു.
Content Highlight; CPIM protest march to Union Minister Suresh Gopi's camp office in Thrissur