
തിരുവനന്തപുരം: തിരുവനന്തപുരം-ദില്ലി എയർ ഇന്ത്യ വിമാനം ചെന്നൈയിൽ അടിയന്തര ലാൻഡിങ് നടത്തിയതിൽ അന്വേഷണം വേണമെന്ന് ആവശ്യം. തലനാരിഴയ്ക്കാണ് എംപിമാർ രക്ഷപ്പെട്ടത്. സുരക്ഷാ വീഴ്ചയുണ്ടായെന്ന് കേരളത്തിൽ നിന്നുള്ള എംപിമാർ പറഞ്ഞു. കെ സി വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ്, അടൂർ പ്രകാശ്, കെ രാധാകൃഷ്ണൻ, റോബർട്ട് ബ്രൂസ് എന്നിവരാണ് വിമാനത്തിലുണ്ടായിരുന്ന എംപിമാർ.
ഡിജിസിഎയും സിവിൽ ഏവിയേഷൻ മന്ത്രാലയവും അടിയന്തര അന്വേഷണം നടത്തണമെന്നും ഇത്തരം വീഴ്ചകൾ ഒരിക്കലും സംഭവിക്കുന്നില്ലെന്ന് ഉറപ്പ് വരുത്തണമെന്നും കെ സി വേണുഗോപാൽ ആവശ്യപ്പെട്ടു. ക്യാപ്റ്റൻ്റെ അടിയന്തര ഇടപെടൽ യാത്രക്കാരുടെ ജീവൻ രക്ഷിച്ചു. ഈ സംഭവം അടിയന്തരമായി അന്വേഷിക്കണം. ഉത്തരവാദിത്തം ഉറപ്പാക്കണമെന്നും ഇത്തരം വീഴ്ചകൾ ഇനി ഒരിക്കലും സംഭവിക്കുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും അദ്ദേഹം പറഞ്ഞു.
7.30-ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെടേണ്ട എയർ ഇന്ത്യ 2455 വിമാനം ഒരുമണിക്കൂറിലേറെ വൈകിയാണ് പുറപ്പെട്ടത്. ചെന്നൈയിൽ അടിയന്തരമായി ലാൻഡ് ചെയ്യുന്നുവെന്ന് അറിയിച്ചിട്ട് വീണ്ടും ഒരുമണിക്കൂറോളം ആകാശത്ത് പറന്നത് കൂടുതൽ ഭീതിയുണ്ടാക്കിയെന്നും അടൂർ പ്രകാശ് പറഞ്ഞു.
അതേസമയം, വിമാനം വഴിതിരിച്ചുവിട്ട് ചെന്നൈയിൽ ഇറക്കിയത് മുൻകരുതലെന്നനിലയിലാണെന്നും സുരക്ഷാപരിശോധനയ്ക്കുശേഷം യാത്രക്കാരെ ലക്ഷ്യസ്ഥാനത്തെത്തിക്കുമെന്നും എയർ ഇന്ത്യ അറിയിച്ചിരുന്നു.160 യാത്രക്കാരുമായി 7.50ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട വിമാനമാണ് ചെന്നൈയിൽ അടിയന്തരമായി ലാൻഡിങ് നടത്തിയത്. എയർ ഇന്ത്യ 2455 വിമാനമാണ് അടിയന്തര ലാൻഡിങ് നടത്തിയത്. പറന്നുയർന്ന് ഒരു മണിക്കൂറിന് ശേഷമാണ് തകരാർ ഉണ്ടായത്. ഉടൻ തന്നെ ചെന്നൈ വിമാനത്താവളത്തിൽ ലാൻഡ് ചെയാൻ അനുമതി ലഭിച്ചു. എന്നാൽ ഇതിനിടെ റൺവേയിൽ മറ്റൊരു വിമാനം ഉണ്ടായിരുന്നത് ആശങ്കയുണ്ടാക്കി. തുടർന്ന് അൽപനേരം കൂടി പറന്നതിന് ശേഷമാണ് ചെന്നൈയിൽ ലാൻഡ് ചെയ്യാനായത്.
Content Highlights: kc venugopal mp on air india flight emergency landing