
ചന്ദ്രനെ വലംവയ്ക്കുക… ചന്ദ്രനിൽ കാൽകുത്തുക എന്നിങ്ങനെയായിരുന്നു ഒരു കാലത്ത് ബഹിരാകാശവുമായി ബന്ധപ്പെട്ട ചർച്ചകളിൽ നിലനിന്നിരുന്നത്. മനുഷ്യൻ അതെല്ലാം നേടിയെടുത്തിരിക്കുന്നു. നിലവിൽ പുതിയൊരു മത്സരം ത്‌ന്നെ ചന്ദ്രന്റെ പേരിൽ നടക്കാനൊരുങ്ങുകയാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇക്കഴിഞ്ഞ ഏപ്രിലിലാണ് ചൈന 2035ഓടെ ഒരു ന്യൂക്ലിയർ പവർ പ്ലാന്റ് സ്ഥാപിക്കാനായി പദ്ധതിയിടുന്നെന്ന് അറിയിച്ചത്. അവരുടെ ഇന്റർനാഷണൽ ലൂണാർ റിസർച്ച് സ്റ്റേഷന് വേണ്ടിയാണ് ഇത് സ്ഥാപിക്കുന്നതെന്നാണ് അറിയിച്ചതും. ഇപ്പോൾ നാസാ അഡ്മിനിസ്‌ട്രേറ്റർ സീൻ ഡിഫി വ്യക്തമാക്കിയിരിക്കുന്നത് 2030ൽ ചന്ദ്രനിൽ യുഎസിന്റെ ആണവ റിയാക്ടർ അവിടെ പ്രവർത്തിച്ചു തുടങ്ങുമെന്നാണ്. കാലങ്ങളായി ചെറിയ ന്യൂക്ലിയർ പവർ സിസ്റ്റമുകൾ വികസിപ്പിക്കാനുള്ള ശ്രമങ്ങൾ നാസയും ഊർജ്ജവകുപ്പും ഒന്നിച്ചു നടത്തുന്നുണ്ടായിരുന്നു. പെട്ടെന്നുള്ള ഒരു നീക്കമോ ബ്രേക്കിങ് ന്യൂസോ അല്ല ഇതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ഇത്തരമൊരു സജ്ജീകരണമുണ്ടായാൽ, അത് സമാധാനപരമായി ചന്ദ്രനിൽ ഗവേഷണങ്ങൾ നടത്താൻ സഹായകമാകുമെന്നാണ് നാസാ അധികൃതർ പറയുന്നത്. 1960കളിൽ യുഎസും അന്നത്തെ സോവിയറ്റ് യൂണിയനും റേഡിയോഐസോടോപ്പ് ജനറേറ്ററുകൾ ഉപയോഗിച്ചിരുന്നു. ഇതിൽ റേഡിയോ ആക്ടീവ് മൂലകങ്ങളാണ് അടങ്ങിയിട്ടുള്ളത്. ഈ ആണവ ഇന്ധനമാണ് സാറ്റ്‌ലൈറ്റുകളുടെ പ്രവർത്തനത്തിനും എന്തിന് ബഹിരാകാശ പേടകങ്ങളിലും ഉപയോഗിക്കുന്നത്.
സൗരോർജം മതിയാകാതെ വരുന്ന സാഹചര്യത്തിൽ ഇത്തരം ആണവ ഊർജങ്ങളുടെ ആവശ്യകത ഒഴിച്ചുകൂടാനാവാത്തതാണ്. യുഎന്നിന്റെ 1992ലെ പ്രിൻസിപ്പിൾസ് റെലവന്റ് ടു ദി യൂസ് ഒഫ് ന്യൂക്ലിയർ പവർ സോഴ്‌സസ് ഇൻ ഔട്ടർ സ്‌പേസിൽ ഇത് ചൂണ്ടിക്കാട്ടുന്നുണ്ടെന്നും ഇതിനായുള്ള മാർഗരേഖ അതിൽ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടെന്നും സീൻ ഡിഫി പറയുന്നു. മാത്രമല്ല അന്താരാഷ്ട്ര നിയമം ചന്ദ്രനിലെ സമാധാനപരമായുള്ള ന്യൂക്ലിയർ പ്രവർത്തനങ്ങൾക്ക് തടയിടുന്നില്ലെന്നും രാജ്യങ്ങൾ എത്തരത്തിലാണ് അത് വിന്യസിക്കുക എന്നതിനാണ് പ്രാധാന്യമെന്നും പറയുന്നു. മാത്രമല്ല ഏത് രാജ്യമാണോ അതിൽ ആദ്യം വിജയിക്കുന്നത് അവർക്ക് ചന്ദ്രന്റെ സാന്നിധ്യവും സ്വാധീനവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പുതിയ മാനദണ്ഡങ്ങൾ രൂപപ്പെടുത്താൻ കഴിയും.
Content Highlights: NASA Nuclear power plant in Moon will be operational by 2030