കോഴിക്കോട്ടെ സഹോദരിമാരുടെ മരണം കഴുത്ത് ഞെരിച്ചുള്ള കൊലപാതകം; സഹോദരനായി തിരച്ചിൽ

സഹോദരൻ പ്രമോദാണ് മരണ വിവരം ബന്ധുക്കളെ വിളിച്ചറിയിച്ചത്. ബന്ധു വീട്ടിലെത്തിയപ്പോഴാണ് രണ്ടുപേരെ മരിച്ച നിലയില്‍ കണ്ടെത്തിയത്

dot image

കോഴിക്കോട്: തടമ്പാട്ടുത്താഴം ഫ്‌ളോറിക്കൻ റോഡിൽ സഹോദരിമാരെ മരിച്ചനിലയിൽ കണ്ടെത്തിയത് കൊലപാതകമെന്ന് പൊലീസ്. കരിക്കാംകുളത്ത് വാടകയ്ക്ക് താമസിക്കുകയായിരുന്ന 72കാരി ശ്രീജയ, 68 വയസുള്ള പുഷ്പ എന്നിവരാണ് മരിച്ചത്. കഴുത്ത് ഞെരിച്ചാണ് കൊലപാതകം നടത്തിയതെന്നാണ് പ്രാഥമിക വിവരം.

കൂടെ താമസിച്ചിരുന്ന 60 വയസുള്ള സഹോദരൻ പ്രമോദാണ് മരണ വിവരം ബന്ധുക്കളെ വിളിച്ചറിയിച്ചത്. പുലർച്ചെ അഞ്ച് മണിയോടെ പ്രമോദ് ഒരു സഹോദരി മരിച്ചെന്ന് ബന്ധുവിനെ വിളിച്ചു പറഞ്ഞു. ഇയാൾ വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് രണ്ടുപേരെയും രണ്ട് മുറികളിലായി മരിച്ച നിലയിൽ കണ്ടെത്തിയത്. എന്നാൽ പ്രമോദിനെ കാണാനില്ലായിരുന്നു. മൂന്നുപേർക്കും ആരോഗ്യപ്രശ്‌നങ്ങൾ ഉള്ളതായാണ് വിവരം.

മൂവരും മൂന്ന് വർഷമായി വാടകയ്ക്ക് താമസിക്കുകയാണ്. അതേസമയം സഹോദരനെ ഇതുവരെ കണ്ടെത്താനായിട്ടില്ല. മൂന്നുപേരും വളരെ നല്ല അടുപ്പത്തിലായിരുന്നുവെന്നാണ് നാട്ടുകാരുടെ പ്രതികരണം. എന്നാൽ ബന്ധുക്കളിൽ നിന്നും അകന്ന് കഴിയുകയായിരുന്നു ഇവർ. ചേവായൂർ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പ്രമോദിനായി തിരച്ചിൽ തുടരുകയാണ്. ഫറോക്ക് ഭാഗത്താണ് അവസാനമായി പ്രമോദിന്റെ ഫോൺ ലൊക്കേഷൻ ലഭിച്ചത്.

Content Highlights: Kozhikode sisters death is murder, police searching brother

dot image
To advertise here,contact us
dot image