
തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ച കേസിൽ 27കാരനായ പ്രതിക്ക് അഞ്ച് വർഷം കഠിന തടവും 30,000 രൂപ പിഴയും വിധിച്ച് കാട്ടാക്കട അതിവേഗ പോക്‌സോ കോടതി. കീഴാറൂർ മൈലച്ചൽ കിഴക്കിൻകര പുത്തൻവീട്ടിൽ അജിത്ത് എന്ന ചിക്കുവിനെയാണ് കോടതി ശിക്ഷിച്ചത്.
2024 ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുട്ടിയുടെ സഹോദരി മരിച്ച ദിവസം പ്രതി മരണവീട്ടിലെത്തി. കുട്ടിയെ ഉറക്കാനെന്ന വ്യാജേന പ്രതി രാത്രിയോടെ തൊട്ടടുത്ത മുറിയിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. ദിവസങ്ങൾക്ക് ശേഷം കുഞ്ഞ് ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ചതോടെ മാതാവ് മലയിൻകീഴ് ആശുപത്രിയിലെത്തിച്ച് പരിശോധന നടത്തിയപ്പോഴാണ് വിവരം പുറത്തറിയുന്നത്. സംഭവം ഡോക്ടർ പൊലീസിൽ അറിയിക്കുകയായിരുന്നു.
പ്രോസിക്യൂഷൻ ഭാഗത്തുനിന്നും 15 ലേറെ സാക്ഷികളെയാണ് വിസ്തരിച്ചത്. പിഴത്തുക അതിജീവിതനായ കുഞ്ഞിന് കൈമാറണമെന്നും പിഴയൊടുക്കിയില്ലെങ്കിൽ മൂന്ന് മാസം അധിക കഠിന തടവ് കൂടി അനുഭവിക്കേണ്ടി വരുമെന്നും ജഡ്ജി എസ് രമേഷ് കുമാർ ശിക്ഷാവിധിയിൽ പറഞ്ഞു.
Content Highlights: Thiruvananthapuram Keezharoor POCSO case