
കൊച്ചി: ഗാസയിലെ ജനങ്ങൾ മുഴു പട്ടിണിയിലാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഭക്ഷണത്തിനും കുടിവെള്ളത്തിനുമായി കൈനീട്ടുന്നവരെപ്പോലും ബോംബിട്ടും വെടിവച്ചും കൊല്ലുന്ന ക്രൂരതയുടെ പേരാണ് ഇസ്രയേൽ എന്നും എം വി ഗോവിന്ദൻ വിമർശിച്ചു. ഇസ്രയേലിൻ്റെ ക്രൂരതയ്ക്കെതിരെ ഒരക്ഷരം ഉരിയാടാൻ ഇന്ത്യ തയ്യാറായിട്ടില്ലെന്നും എം വി ഗോവിന്ദൻ കുറ്റപ്പെടുത്തി. ചേരിചേരാനയം പൂർണമായും ഉപേക്ഷിച്ച് പലസ്തീൻ ജനതയെ വംശഹത്യക്ക് വിധേയമാക്കുന്ന ഇസ്രയേൽ– അമേരിക്കൻ കൂട്ടുകെട്ടിനൊപ്പം നിലയുറപ്പിച്ചിരിക്കുകയാണ് മോദി സർക്കാർ എന്നും എം വി ഗോവിന്ദൻ കൂട്ടിച്ചേർത്തു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് എം വി ഗോവിന്ദൻ വിമർശനം ഉന്നയിച്ചിരിക്കുന്നത്.
പാശ്ചാത്യ മാധ്യമങ്ങൾ ഗാസയിലെ പട്ടിണിയെക്കുറിച്ച് റിപ്പോർട്ട് ചെയ്യാൻ തുടങ്ങിയിട്ടും ഇസ്രയേൽ രൂപീകരണത്തിനായി മുഖ്യപങ്ക് വഹിച്ച പാശ്ചാത്യ രാജ്യങ്ങൾ പലസ്തീനെ അംഗീകരിക്കാൻ തയ്യാറായിട്ടും ഇന്ത്യ ഒരക്ഷരം ഉരിയാടാൻ തയ്യാറായിട്ടില്ലെന്നും എം വി ഗോവിന്ദൻ കുറ്റപ്പെടുത്തി. 'ഭക്ഷ്യവസ്തുക്കളും കുടിവെള്ളവും നൽകുന്നത് തടയരുതെന്ന് സുഹൃത്തായ ബെന്യാമിൻ നെതന്യാഹുവിനോട് പറയാൻ മോദിക്ക് നാവ് പൊങ്ങിയിട്ടില്ല. യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ഭക്ഷ്യസാധനങ്ങൾ അനുവദിക്കണമെന്ന് പറഞ്ഞത് മാത്രമാണ് ഇന്ത്യയുടെ ഭാഗത്തുനിന്നുയർന്ന ഏകശബ്ദം. ഉപാധികളൊന്നുമില്ലാതെ ഉടൻ വെടിനിർത്തൽ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് യുഎൻ ജനറൽ അസംബ്ലിയിൽ വന്ന പ്രമേയത്തെ അനുകൂലിക്കാൻ ഇന്ത്യ തയ്യാറായില്ല. ഗാസയിലെ ഇസ്രയേൽ അധിനിവേശത്തെ ഇതുവരെ അപലപിക്കാനും ഇന്ത്യ തയ്യാറായിട്ടില്ല. ആർഎസ്എസും ബിജെപിയും പറയുന്നതുപോലെ ഇസ്രയേൽ നടത്തുന്നത് മുസ്ലിം ഭീകരവാദത്തിനെതിരെയുള്ള യുദ്ധമാണെന്നാണ് ഇന്ത്യൻ സർക്കാരിന്റെയും നയമെന്ന് വ്യക്തം. ഹിന്ദുത്വവും സയണിസവും വേർപെടുത്താൻ കഴിയാത്ത വിധം ഒന്നാകുന്ന കാഴ്ചയാണ് ദൃശ്യമാകുന്ന'തെന്നും എം വി ഗോവിന്ദൻ കുറ്റപ്പെടുത്തി.
പലസ്തീൻ ഐക്യദാർഢ്യപരിപാടിക്ക് മുംബൈയിലെ ആസാദ് മൈതാനം അനുവദിക്കണമെന്ന സിപിഐഎം ആവശ്യത്തിനെതിരായ കോടതി വിധിയെയും എം വി ഗോവിന്ദൻ വിമർശിച്ചു. 'ഒരു ദേശീയ രാഷ്ട്രീയകക്ഷി എന്ന നിലയിൽ സർക്കാരിന്റെ തെറ്റായ നയങ്ങൾക്കെതിരെ പ്രതിഷേധിക്കാനുള്ള ഭരണഘടനാപരമായ അവകാശത്തെയാണ് കോടതിയിൽ ചോദ്യം ചെയ്തതെന്ന് എം വി ഗോവിന്ദൻ ചൂണ്ടിക്കാണിച്ചു. ‘ആദ്യം രാജ്യസ്നേഹികളാകൂ അതിനു ശേഷമാകാം ആയിരക്കണക്കിന് കിലോമീറ്റർ അകലെയുള്ള പലസ്തീൻ ജനതയ്‌ക്കുള്ള ഐക്യദാർഢ്യം’ എന്ന നിലപാടാണ് ഹൈക്കോടതി ബെഞ്ച് കൈക്കൊണ്ടത്. രാജ്യത്തുതന്നെ നിരവധി പ്രശ്നങ്ങൾ ഉള്ളപ്പോൾ (മലിനീകരണം, അഴുക്കുചാലുകൾ, വെള്ളപ്പൊക്കം) എന്തിന് ഗാസയിലേക്ക് നോക്കിയിരിക്കണം എന്ന രീതിയിലുള്ള പരാമർശവും കോടതിയിൽനിന്നുണ്ടായി. രാജ്യത്തിന്റെ വിദേശനയം ഭരിക്കുന്ന സർക്കാരിന്റെ ഇച്‌ഛയ്‌ക്കനുസരിച്ചുള്ളതാകണമെന്നും അത് ചോദ്യം ചെയ്യുന്നത് രാജ്യസ്നേഹമല്ലെന്ന വ്യാഖ്യാനവും കോടതിയിൽനിന്നുണ്ടായി. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തെക്കുറിച്ചും ആ കാലംമുതൽ പലസ്തീൻ വിഷയത്തിൽ ഇന്ത്യ സ്വീകരിച്ച നിലപാടുകളും അറിയുമായിരുന്നെങ്കിൽ കോടതിയിൽനിന്ന് ഇത്തരമൊരു പരാമർശം ഉണ്ടാകില്ലായിരുന്നു'വെന്നായിരുന്നു എം വി ഗോവിന്ദൻ്റെ വിമർശനം.
ഗാസയിലെ ജനങ്ങൾ മുഴുപ്പട്ടിണിയിലാണ്. ഭക്ഷണത്തിനും കുടിവെള്ളത്തിനുമായി കൈനീട്ടുന്നവരെപ്പോലും ബോംബിട്ടും വെടിവച്ചും കൊല്ലുന്ന ക്രൂരതയുടെ പേരാണ് ഇസ്രയേൽ. എന്നിട്ടും ഇതിനെതിരെ ഒരക്ഷരം ഉരിയാടാൻ ഇന്ത്യ തയ്യാറായിട്ടില്ല. ചേരിചേരാനയം പൂർണമായും ഉപേക്ഷിച്ച് പലസ്തീൻ ജനതയെ വംശഹത്യക്ക് വിധേയമാക്കുന്ന ഇസ്രയേൽ– അമേരിക്കൻ കൂട്ടുകെട്ടിനൊപ്പം നിലയുറപ്പിച്ചിരിക്കുകയാണ് മോദി സർക്കാർ. രണ്ടു വർഷത്തോളമായി ഇസ്രയേലിനെ പിന്തുണയ്‌ക്കുന്ന പാശ്ചാത്യമാധ്യമങ്ങൾപോലും ഗാസ കൊടുംപട്ടിണിയിലേക്കാണെന്നും അവിടെ നടക്കുന്നത് വംശഹത്യയാണെന്നും തലക്കെട്ടുകൾ നിരത്താൻ നിർബന്ധിതമായി. പട്ടിണികിടന്ന് എല്ലും തോലുമായ മനുഷ്യരെക്കുറിച്ച് ന്യൂയോർക്ക് ടൈംസും സിഎൻഎൻ, ബിബിസി, യൂറോപ്യൻ ടെലിവിഷൻ എന്നിവയും മടിച്ച് മടിച്ചാണെങ്കിലും റിപ്പോർട്ട് ചെയ്യാൻ തുടങ്ങി. ഇസ്രയേൽ രൂപീകരണത്തിൽ മുഖ്യപങ്ക് വഹിച്ച പാശ്ചാത്യ രാഷ്ട്രങ്ങളും പലസ്തീനെ അംഗീകരിക്കുന്നതിനെക്കുറിച്ച് സംസാരിക്കുന്നു. ഫ്രാൻസും ബ്രിട്ടനുമാണ് വെടിനിർത്തൽ ഉണ്ടാകാത്ത പക്ഷം സെപ്തംബറിൽ പലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുമെന്ന് പ്രഖ്യാപിച്ചത്.
1988ൽ അൾജീരിയയുടെ തലസ്ഥാനമായ അൾജിയേഴ്സിൽ വച്ചാണ് പലസ്തീൻ വിമോചന മുന്നണി നേതാവായ യാസർ അറഫാത്ത് പലസ്തീൻ രാഷ്ട്രത്തിന്റെ പിറവി പ്രഖ്യാപിക്കുന്നത്. ഇന്ത്യയുൾപ്പെടെ 147 രാഷ്‌ട്രങ്ങൾ അംഗീകരിക്കുകയും പാശ്ചാത്യരാഷ്ട്രങ്ങൾ അംഗീകരിക്കാൻ മടിക്കുകയും ചെയ്ത പ്രഖ്യാപനമാണിത്. എന്നാൽ, ജൂലൈ 25ന് ചേർന്ന ഓൺലൈൻ യോഗത്തിനുശേഷം ഫ്രാൻസ്, ബ്രിട്ടൻ, ജർമനി എന്നീ രാജ്യങ്ങളുടെ നേതാക്കൾ സംയുക്തമായി ഇറക്കിയ പ്രസ്താവനയിൽ, ഗാസയിലേക്കുള്ള സഹായങ്ങൾ തടയുന്ന ഇസ്രയേൽ നടപടിയെ ശക്തമായി അപലപിച്ചു. എന്നിട്ടും ഇന്ത്യക്ക് ഒരു മനംമാറ്റവുമില്ല. ഭക്ഷ്യവസ്തുക്കളും കുടിവെള്ളവും നൽകുന്നത് തടയരുതെന്ന് സുഹൃത്തായ ബെന്യാമിൻ നെതന്യാഹുവിനോട് പറയാൻ മോദിക്ക് നാവ് പൊങ്ങിയിട്ടില്ല.
യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ഭക്ഷ്യസാധനങ്ങൾ അനുവദിക്കണമെന്ന് പറഞ്ഞത് മാത്രമാണ് ഇന്ത്യയുടെ ഭാഗത്തുനിന്നുയർന്ന ഏകശബ്ദം. ഉപാധികളൊന്നുമില്ലാതെ ഉടൻ വെടിനിർത്തൽ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് യുഎൻ ജനറൽ അസംബ്ലിയിൽ വന്ന പ്രമേയത്തെ അനുകൂലിക്കാൻ ഇന്ത്യ തയ്യാറായില്ല. ഗാസയിലെ ഇസ്രയേൽ അധിനിവേശത്തെ ഇതുവരെ അപലപിക്കാനും ഇന്ത്യ തയ്യാറായിട്ടില്ല. ആർഎസ്എസും ബിജെപിയും പറയുന്നതുപോലെ ഇസ്രയേൽ നടത്തുന്നത് മുസ്ലിം ഭീകരവാദത്തിനെതിരെയുള്ള യുദ്ധമാണെന്നാണ് ഇന്ത്യൻ സർക്കാരിന്റെയും നയമെന്ന് വ്യക്തം. ഹിന്ദുത്വവും സയണിസവും വേർപെടുത്താൻ കഴിയാത്ത വിധം ഒന്നാകുന്ന കാഴ്ചയാണ് ദൃശ്യമാകുന്നത്.
ഇതേനയംതന്നെ ജുഡീഷ്യറിയും സ്വീകരിച്ചാൽ എന്താണ് പ്രതീക്ഷിക്കാൻ ബാക്കിയാവുക. പലസ്തീൻ ഐക്യദാർഢ്യപരിപാടിക്ക് മുംബൈയിലെ ആസാദ് മൈതാനം അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് സിപിഐ എം മുംബൈ പൊലീസിൽ അപേക്ഷ നൽകിയത്. എന്നാൽ, അനുമതി ലഭിക്കാത്തതിനാൽ പാർടി ബോംബെ ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിലെ ജസ്റ്റിസുമാരായ രവീന്ദ്ര ഗുഗെയും ഗൗതം അൽഖദും സിപിഐ എമ്മിന്റെ ആവശ്യം തള്ളിക്കളഞ്ഞെന്ന് മാത്രമല്ല, ഒരു ദേശീയ രാഷ്ട്രീയകക്ഷി എന്ന നിലയിൽ സർക്കാരിന്റെ തെറ്റായ നയങ്ങൾക്കെതിരെ പ്രതിഷേധിക്കാനുള്ള ഭരണഘടനാപരമായ അവകാശത്തെയാണ് ചോദ്യം ചെയ്തത്. ‘ആദ്യം രാജ്യസ്നേഹികളാകൂ അതിനു ശേഷമാകാം ആയിരക്കണക്കിന് കിലോമീറ്റർ അകലെയുള്ള പലസ്തീൻ ജനതയ്‌ക്കുള്ള ഐക്യദാർഢ്യം’ എന്ന നിലപാടാണ് ഹൈക്കോടതി ബെഞ്ച് കൈക്കൊണ്ടത്. രാജ്യത്തുതന്നെ നിരവധി പ്രശ്നങ്ങൾ ഉള്ളപ്പോൾ (മലിനീകരണം, അഴുക്കുചാലുകൾ, വെള്ളപ്പൊക്കം) എന്തിന് ഗാസയിലേക്ക് നോക്കിയിരിക്കണം എന്ന രീതിയിലുള്ള പരാമർശവും കോടതിയിൽനിന്നുണ്ടായി. രാജ്യത്തിന്റെ വിദേശനയം ഭരിക്കുന്ന സർക്കാരിന്റെ ഇച്‌ഛയ്‌ക്കനുസരിച്ചുള്ളതാകണമെന്നും അത് ചോദ്യം ചെയ്യുന്നത് രാജ്യസ്നേഹമല്ലെന്ന വ്യാഖ്യാനവും കോടതിയിൽനിന്നുണ്ടായി.
ഇന്ത്യൻ സ്വാതന്ത്ര്യസമരത്തെക്കുറിച്ചും ആ കാലംമുതൽ പലസ്തീൻ വിഷയത്തിൽ ഇന്ത്യ സ്വീകരിച്ച നിലപാടുകളും അറിയുമായിരുന്നെങ്കിൽ കോടതിയിൽനിന്ന് ഇത്തരമൊരു പരാമർശം ഉണ്ടാകില്ലായിരുന്നു. പലസ്തീൻ പ്രദേശത്ത് ജൂതസംസ്ഥാനം എന്ന ആശയത്തെ ഗാന്ധിജി ശക്തമായി എതിർത്തിരുന്നു. 1947ൽ യുഎൻ വിഭജന പദ്ധതിയെ ജവാഹർലാൽ നെഹ്റു എതിർത്തെന്ന് മാത്രമല്ല; സ്വതന്ത്ര പലസ്തീൻ സ്‌റ്റേറ്റിൽ ജൂതരും മുസ്ലിങ്ങളും ക്രിസ്ത്യാനികളും സഹവാസത്തോടെ കഴിയണമെന്ന ആശയമാണ് ഇന്ത്യ അന്ന് മുന്നോട്ടുവച്ചത്. 1948ൽ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ സഹായത്തോടെ ഇസ്രയേൽ രൂപം കൊണ്ടപ്പോൾ യുഎൻ പൊതുസഭയിൽ ഇന്ത്യ അതിനെതിരെയാണ് വോട്ട് ചെയ്തത്. പലസ്തീന്റെ യഥാർഥ പ്രതിനിധിയായി യാസർ അറഫാത്തിന്റെ പിഎൽഒയെ ആദ്യം അംഗീകരിച്ച അറബ് ഇതരരാഷ്ട്രം ഇന്ത്യയായിരുന്നു. 1988ൽ അറഫാത്ത് പലസ്തീൻ രാഷ്ട്രപ്രഖ്യാപനം നടത്തിയപ്പോൾ അത് ആദ്യം അംഗീകരിച്ചതും ഇന്ത്യയായിരുന്നു. ഈ പലസ്തീൻ അനുകൂലനയത്തിൽ വെള്ളം ചേർക്കപ്പെടുന്നത് നവ ഉദാരവാദനയത്തിന് തുടക്കമിട്ട നരസിംഹറാവുവിന്റെ കാലത്താണ്. 1992ലാണ് ഇസ്രയേലുമായി നയതന്ത്രബന്ധം പുനഃസ്ഥാപിക്കുന്നത്. ദേശീയതാൽപ്പര്യം, സാമ്പത്തിക പ്രായോഗികത തുടങ്ങിയ വാദങ്ങൾ ഉന്നയിച്ചാണ് നെഹ്‌റുവിയൻ വിദേശനയം വെടിഞ്ഞ് കോൺഗ്രസ് സർക്കാർ ഇസ്രയേലുമായി അടുത്തത്. ബിജെപി സർക്കാർ വന്നതോടെ അത് പ്രത്യയശാസ്ത്രപരമായ ഐക്യമായി വളർന്നു. അതിന്റെ ഫലമായാണ് ലോകരാഷ്ട്രങ്ങളും അവിടത്തെ ജനങ്ങളും ഇസ്രയേലി കൂട്ടക്കൊലയെ അപലപിക്കുമ്പോഴും മോദി സർക്കാരിന് അതിന് താൽപ്പര്യമില്ലാത്തത്. ഇതേനയം ഉയർത്തിപ്പിടിച്ചാണ് ഇപ്പോൾ ജുഡീഷ്യറിയും ഇസ്രയേൽവിരുദ്ധ ജനമുന്നേറ്റത്തെ തടയാൻ ശ്രമിക്കുന്നത്.
സിപിഐ എമ്മിന്റെ പലസ്തീൻ ഐക്യദാർഢ്യപരിപാടിക്ക് അനുമതി നിഷേധിക്കുന്നതിൽ ജഡ്ജിമാരുടെ കമ്യൂണിസ്റ്റ് വിരുദ്ധനിലപാടും കാരണമായിട്ടുണ്ടാകാമെന്നാണ് കരുതേണ്ടത്. ആഗോളമായി നടക്കുന്ന അനീതിക്കെതിരെ രൂപീകരണകാലംമുതൽ പ്രവർത്തിക്കുകയും പ്രചാരണം സംഘടിപ്പിക്കുകയും ചെയ്ത പാർടിയാണ് സിപിഐ എം. സാമ്രാജ്യത്വവിരുദ്ധ, കൊളോണിയൽവിരുദ്ധ പോരാട്ടങ്ങളിൽ അണിനിരന്ന പാർടി എല്ലാ അടിച്ചമർത്തലുകൾക്കും വിവേചനങ്ങൾക്കും അധിനിവേശങ്ങൾക്കും എതിരെ നിലകൊണ്ടിട്ടുണ്ട്. അംഗീകൃത രാഷ്ട്രീയകക്ഷി എന്ന നിലയിൽ അങ്ങനെ ചെയ്യാൻ ഭരണഘടനതന്നെ അനുവാദം നൽകുന്നുമുണ്ട്. ആ അവകാശമാണ് ഹൈക്കോടതി നിഷേധിച്ചിട്ടുള്ളത്. ജൂണിൽ പുറത്തിറക്കിയ സർവേ അനുസരിച്ച് 24 രാജ്യങ്ങളിൽ 20 ഇടത്തും 75 ശതമാനം ജനങ്ങളും ഇസ്രയേലിനെതിരെയാണ് പ്രതികരിച്ചത്. ഇന്ത്യയിൽ 34 ശതമാനം ഇസ്രയേലിനെ അനുകൂലിച്ചപ്പോൾ 29 ശതമാനം ശക്തമായ എതിർപ്പ് രേഖപ്പെടുത്തി. ചുറ്റുമുള്ള ഇത്തരം വസ്തുതകൾ എന്തേ കോടതി മനസ്സിലാക്കാത്തത്.
അധികാര വിഭജനത്തെക്കുറിച്ച് ഇന്ത്യൻ ഭരണഘടനയിലും പരാമർശമുണ്ട്. ഭരണഘടനയിലെ 50-ാം വകുപ്പ് ജുഡീഷ്യറിയെ എക്സിക്യൂട്ടീവിൽനിന്ന് വേർതിരിക്കുന്നതിനെക്കുറിച്ചാണ് പറയുന്നത്. ഈ വകുപ്പ് സംബന്ധിച്ച് ഭരണഘടനാ നിർമാണസഭയിൽ ചർച്ച നടന്ന വേളയിൽ 1949 മെയ് 24ന് ഡോ. ബി ആർ അംബേദ്കർ ഇങ്ങനെ അഭിപ്രായപ്പെടുന്നു– "ജുഡീഷ്യറി എക്സിക്യൂട്ടീവിൽനിന്ന് സ്വതന്ത്രമായിരിക്കണമെന്ന് മാത്രമല്ല, സ്വന്തം കഴിവുള്ള സ്ഥാപനവുമായിരിക്കണം’. എന്നാൽ ബോംബെ ഹൈക്കോടതിയുടെ പരാമർശം എക്സിക്യൂട്ടിവിന് കീഴടങ്ങുന്നതല്ലേ എന്ന് ആരെങ്കിലും സംശയിച്ചാൽ കുറ്റം പറയാനാകില്ല. കുറച്ചു കാലമായി ജുഡീഷ്യറിയിൽനിന്നുണ്ടാകുന്ന വിധികൾ ഈ സംശയത്തെ ബലപ്പെടുത്തുന്നതാണ്. അയോധ്യ കേസ്, ആർട്ടിക്കിൾ 370 റദ്ദാക്കിയ നടപടി സംബന്ധിച്ച വിധി, ഇസ്രയേലിന് ആയുധം നൽകുന്നത് തടയണമെന്ന ആവശ്യം നിരാകരിച്ച വിധി എന്നിവയെല്ലാം എക്സിക്യൂട്ടീവിന്റെ ഭാഗമായി ജുഡീഷ്യറിയും മാറുകയല്ലേ എന്ന സംശയമാണ് ഉയർത്തുന്നത്. നാസി ജർമനിക്കാലത്തെ ന്യൂറംബർഗ് നിയമങ്ങളെയാണ് ഇത് ഓർമിപ്പിക്കുന്നത്. ഈ നിയമങ്ങൾ ഉപയോഗിച്ചാണ് ജൂതരുടെ അവകാശങ്ങൾ ഒന്നൊന്നായി കവർന്നെടുത്തതും അവരെ പൊതുജീവിതത്തിൽനിന്ന് പുറന്തള്ളിയതും. സമാനമായി ഹിന്ദുത്വ രാഷ്ട്രീയവും ഫാസിസ്റ്റ് ക്രമത്തിലേക്ക് ഇന്ത്യയെ നയിക്കാനാണ് ശ്രമിക്കുന്നത്. ജുഡീഷ്യറിയും അതേവഴിക്ക് നീങ്ങുമെന്ന മുന്നറിയിപ്പാണ് സിപിഐ എമ്മിനെതിരെ ഹൈക്കോടതിയിൽനിന്നുണ്ടായ പരാമർശങ്ങൾ സൂചിപ്പിക്കുന്നത്. ജുഡീഷ്യറിയും ഹിന്ദുത്വത്തിന്റെ ഭാഷയിൽ സംസാരിക്കുമ്പോൾ ജനാധിപത്യത്തിലും മതനിരപേക്ഷതയിലും ഫെഡറലിസത്തിലും സാമൂഹ്യനീതിയിലും ഊന്നുന്ന ഇന്ത്യൻ ഭരണഘടന അട്ടിമറിക്കപ്പെടുകയാണെന്ന മുന്നറിയിപ്പാണ് ലഭിക്കുന്നത്. ഇതിനെതിരെ ഒന്നിച്ചുള്ള വിശാലമായ പോരാട്ടമാണ് വേണ്ടത്.
Content Highlights: People in Gaza are starving MV Govindan criticizes Modi government for not responding to Israel