'രാഹുൽ പറഞ്ഞതിൽ തെറ്റുണ്ടെങ്കിൽ നടപടിയെടുക്കണം, തന്‍റേടമുണ്ടെങ്കിൽ കമ്മീഷൻ അതിന് തയ്യാറാകണം'; ബിനോയ് വിശ്വം

വോട്ട് ക്രമക്കേട് ചൂണ്ടിക്കാണിച്ച സംഭവത്തില്‍ പ്രതികരണവുമായി ബിനോയ് വിശ്വം

dot image

തിരുവനന്തപുരം: രാഹുല്‍ ഗാന്ധി പറഞ്ഞത് തെറ്റാണെങ്കില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അദ്ദേഹത്തിനെതിരെ നടപടിയെടുക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. തൻ്റേടം ഉണ്ടെങ്കില്‍ കമ്മീഷന്‍ അതിന് തയ്യാറാകണമെന്നും ബിനോയ് വിശ്വം ആവശ്യപ്പെട്ടു. രാഹുൽ ഗാന്ധി ചൂണ്ടിക്കാണിച്ച വോട്ട് ക്രമക്കേട് വിഷയത്തിൽ പ്രതികരിക്കുകയായിരുന്നു ബിനോയ് വിശ്വം. രാഹുല്‍ ഗാന്ധിക്കെതിരെ നടപടി സ്വീകരിക്കാന്‍ പറ്റില്ലെങ്കില്‍ കമ്മീഷന്‍ പിരിച്ച് വിടാന്‍ തയ്യാറാകണമെന്നും, ഇത്തരത്തില്‍ ഒരു കമ്മീഷന്‍ ഇന്ത്യയ്ക്ക് ശാപമാണെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.

ഛത്തീസ്ഗഡിലെ കന്യാസ്ത്രീകളുടെ വിഷയത്തെക്കുറിച്ചും ബിനോയ് വിശ്വം പ്രതികരിച്ചു. കന്യാസ്ത്രീകള്‍ പോയത് ആരെയും മതം മാറ്റാനല്ലെന്നും പെണ്‍കുട്ടികള്‍ക്ക് ജീവിക്കാനുള്ള തൊഴില്‍ കൊടുക്കാനാണെന്നും ബിനോയ് വിശ്വം പറഞ്ഞു. എവിടെയൊക്കെ മനുഷ്യര്‍ ആക്രമിക്കപ്പെടുന്നോ അവിടെയൊക്കെ അവരെ സംരക്ഷിക്കുന്നതിനായി ഇറങ്ങി പുറപ്പെട്ട പാര്‍ട്ടിയാണ് സിപിഐ എന്നും ബിനോയ് വിശ്വം കൂട്ടിച്ചേര്‍ത്തു.

ട്രംപിന്റെ വ്യാപാര ചുങ്കത്തെക്കുറിച്ചും ആഞ്ഞടിച്ച ബിനോയ് വിശ്വം, വ്യാപാര ചുങ്കം കൂട്ടിയാല്‍ അതിന്റെ പ്രതിഫലം വിവിധ രംഗങ്ങളില്‍ ഉണ്ടാകുമെന്ന് വ്യക്തമാക്കി. നമ്മുടെ ഇറക്കുമതി പെരുവഴി ആവുമെന്നും ട്രംപിനെക്കുറിച്ച് എന്തുകൊണ്ട് മോദി മിണ്ടുന്നില്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ചേദിച്ചു. മോദിക്ക് ട്രംപിനെ കണ്ടാല്‍ കവാത്ത് മറക്കാനും മുട്ടിടിക്കാനും മാത്രമെ അറിയൂ എന്നും ബിനോയ് വിശ്വം പറഞ്ഞു. സ്വദേശിവത്കരണം പറഞ്ഞ് വിദേശികള്‍ക്ക് വേണ്ടി ദാസ്യ പണിക്ക് പോകുന്ന പാര്‍ട്ടിയാണ് ബിജെപി എന്നും ബിനോയ് വിശ്വം കുറ്റപ്പെടുത്തി

Content Highlight; Binoy Viswam responds to the incident where voting irregularities were pointed out

dot image
To advertise here,contact us
dot image