കെട്ടിടംവാടകക്കെടുത്തു,150 സിം,50 എടിഎം കാര്‍ഡുകള്‍,കൗണ്ടിംഗ് മെഷീനും;മക്കരപ്പറമ്പ് സ്വദേശിയുടെ 15 ലക്ഷം തട്ടി

തിരുവനന്തപുരം മുതൽ കാസർകോട് വരെ വിവിധ ജില്ലകളിൽ ഇത്തരത്തിൽ ഇവർ തട്ടിപ്പ് നടത്തിയതായാണ് അറിയുന്നത്

dot image

മങ്കട: ട്രേഡിങ് നടത്തി ലാഭം ഉണ്ടാക്കിത്തരാമെന്ന് പറഞ്ഞ് വാട്സാപ്പ് മുഖേന ബാങ്ക് ട്രാൻസ്ഫർ വഴി പല തവണകളായി 15 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രതികൾ പിടിയിൽ. മക്കരപ്പറമ്പ് സ്വദേശിയിൽനിന്നാണ് പല തവണകളായി 15 ലക്ഷം രൂപ തട്ടിയെടുത്തത്. തിരുവനന്തപുരം പേരൂർക്കട സ്വദേശിയായ സൂരജ് എബ്രഹാം, പാച്ചല്ലൂർ സ്വദേശിയായ സുൽഫിക്കർ എന്നിവരാണ് മങ്കട പൊലീസിന്റെ പിടിയിലായത്. 2024 ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

പ്രതികൾ കരമനയിൽ ഒരു കെട്ടിടം വാടകയ്ക്കെടുത്താണ് തട്ടിപ്പ് നടത്തിയത്. ഇരുവരെയും കൂടാതെ കൂടുതൽ പേർ സംഘത്തിൽ ഉൾപ്പെട്ടിട്ടുണ്ട്. പ്രതികളെ പൊലീസ് പിടികൂടുമ്പോൾ 150-ഓളം സിം കാർഡുകളും 50-ഓളം എടിഎം കാർഡുകളും പാസ് ബുക്കുകളും ചെക്ക് ബുക്കുകളും പേടിഎമ്മിന്റെ ക്യു ആർ കോഡ് സ്കാനർ മെഷീനുകളും നോട്ട് എണ്ണാനുള്ള കൗണ്ടിങ് മെഷീനുകളും പിടിച്ചെടുത്തിട്ടുണ്ട്.

തിരുവനന്തപുരം മുതൽ കാസർകോട് വരെ വിവിധ ജില്ലകളിൽ ഇത്തരത്തിൽ ഇവർ തട്ടിപ്പ് നടത്തിയതായാണ് അറിയുന്നത്. കർണാടകയിലും ഇവർക്ക് കേസുള്ളതായാണ് ലഭിച്ച വിവരം. സുഹൃത്തുക്കൾവഴി ബാങ്ക് അക്കൗണ്ടുകൾ ഉണ്ടാക്കുകയും എടിഎം കാർഡ് ഉൾപ്പെടെ കൈക്കലാക്കി 2000, 3000 രൂപ പ്രതിഫലമായി നൽകിയാണ് ഇവർ ബാങ്ക് അക്കൗണ്ടുകൾ കൈവശപ്പെടുത്തിയിരുന്നത്. എടിഎം വഴി പിൻവലിക്കുന്നതിന്റെ സന്ദേശം ഫോണിൽ വരാതിരിക്കാൻ അക്കൗണ്ട് തുറക്കുമ്പോൾ കൊടുക്കുന്ന മൊബൈൽ നമ്പർ ഇവർ മാറ്റിയിരുന്നു. കേരളത്തിൽ മാത്രം മൂന്നുകോടിയിലധികം രൂപ ഇവർ തട്ടിയെടുത്തതായി പൊലീസ് പറഞ്ഞു.

ജില്ലാ പൊലീസ് മേധാവിക്കു കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പെരിന്തൽമണ്ണ ഡിവൈഎസ്‍പിയുടെ നിർദ്ദേശപ്രകാരം മങ്കട പൊലീസ് ഇൻസ്പെക്ടർ അശ്വത് എസ് കാരണ്മയിൽ, എസ്‍സിപിഒ സോണി ജോൺസൺ, സിപിഒ സുരേഷ് എന്നിവരുടെ സംഘമാണ് കരമന പൊലീസ് എസ്ഐ സുരേഷ് കുമാർ, എഎസ്ഐ ജയപ്രസാദ്, എസ്‍സിപിഒ കിരൺ എന്നിവരുടെ സഹായത്തോടെയാണ് പ്രതികളെ അറസ്റ്റുചെയ്തത്. തിരുവനന്തപുരം സൈബർ ഓപ്പറേഷൻസ് ഇൻസ്പെക്ടർ ബിനോജ്, ഹരിലാൽ, രാജേഷ് എന്നിവർ സ്ഥലത്ത് എത്തിയിരുന്നു.

Content Highlight : 15 lakhs stolen by saying that they can make profit by trading; The accused are under arrest

dot image
To advertise here,contact us
dot image