
ജീവനക്കാരുടെ ശമ്പളം കുത്തനെ വെട്ടിക്കുറച്ച് കേരള ബ്ലാസ്റ്റേഴ്‌സ്. ക്ലബ് സിഇഒ അഭിക് ചാറ്റർജി, സ്‌പോർട്ടിങ് ഡയറക്ടർ കരോളിസ് സ്‌കിൻകിസ് എന്നിവരടക്കമുള്ളവരുടെ ശമ്പളത്തിലാണ് കുറവുവരുത്തിയത്. 30 മുതൽ 50 ശതമാനംവരെയാണ് ശമ്പളത്തിൽ കുറവുവരുത്തിയിരിക്കുന്നത്. താഴെത്തട്ടിലുള്ള ജീവനക്കാരുടെ ശമ്പളത്തിൽ മാറ്റംവരുത്തിയിട്ടില്ല.
കളിക്കാരുടെ കാര്യത്തിൽ വ്യാഴാഴ്ച നടക്കുന്ന ഐ എസ് എൽ ക്ലബുകളുടെ യോഗത്തിന് ശേഷം തീരുമാനമെടുക്കുമെന്ന് ക്ലബ് അറിയിച്ചു. നേരത്തെ മറ്റൊരു ക്ലബ്ബായ ചെന്നൈയിൻ എഫ്സി ഫുട്ബോൾ പ്രവർത്തനങ്ങൾ പൂർണമായി നിർത്തിവെച്ചു. കളിക്കാർക്ക് ജൂലായിലെ ശമ്പളം നൽകാനാവില്ലെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. ബ്ലാസ്റ്റേഴ്‌സ് ഇതുവരെ താരങ്ങളുടെ കരാർ റദ്ദാക്കിയിട്ടില്ല.
ഐഎസ്എൽ നടത്തിപ്പ് അനിശ്ചിതത്വത്തിലായതോടെ സ്‌പോൺസർമാരെ കണ്ടെത്തുന്നതടക്കമുള്ള പ്രവർത്തനങ്ങൾ മന്ദഗതിയിലായിട്ടുണ്ട്. ലീഗിൽ കളിക്കുന്ന ക്ലബ്ബുകളിൽ ഏറ്റവും കൂടുതൽ സ്‌പോൺസർമാരെ ലഭിക്കുന്ന ടീമാണ് ബ്ലാസ്‌റ്റേഴ്‌സ്. കഴിഞ്ഞസീസണിൽ ടീമിന് 16 കമ്പനികളുമായി സ്‌പോൺസർഷിപ്പ് അടക്കമുള്ള കരാറുകളുണ്ടായിരുന്നു.
ഐഎസ്എൽ പ്രതിസന്ധിയെ തുടർന്ന് നടപടിയെടുക്കുന്ന നാലാമത്തെ ക്ലബ്ബാണ് ബ്ലാസ്റ്റേഴ്‌സ്. ബെംഗളൂരു എഫ്‌സി കളിക്കാരുടെ ശമ്പളം നിർത്തിവെച്ചിരുന്നു. ഒഡിഷ എഫ്‌സി കളിക്കാരുടെ കരാറുകൾ താത്‌കാലികമായി റദ്ദാക്കി. ചെന്നൈയിൻ എഫ്സി ഫുട്‌ബോൾ പ്രവർത്തനം നിർത്തിവെക്കുന്നതായി ബുധനാഴ്ചയാണ് പ്രഖ്യാപിച്ചത്.
കഴിഞ്ഞ പത്തു സീസണുകളിലായി ലീഗ് നടത്തിക്കൊണ്ടുവന്ന ഫുട്‌ബോൾ സ്‌പോർട്‌സ് ഡിവലപ്മെന്റും (എഫ്എസ്ഡിഎൽ) ഫെഡറേഷനും തമ്മിലുള്ള കരാർ ഡിസംബറിൽ അവസാനിക്കുന്നതാണ് പ്രതിസന്ധിക്കു കാരണം. ഫെഡറേഷൻ ഭരണഘടന സംബന്ധമായ കേസ് സുപ്രീംകോടതിയുടെ പരിഗണനയിലായതിനാൽ കരാർ പുതുക്കാനും കഴിയില്ല.
Content Highlights: ISL crisis; Blasters cut staff salaries