'ഈ കേസിന് പിന്നിൽ ഗൂഢാലോചന, ഇത് തടയാൻ സിനിമ നയത്തിൽ നടപടി വേണം'; ശ്വേത മേനോന് പിന്തുണയുമായി നടൻ രവീന്ദ്രൻ

എല്ലാവരെയും ചേർത്തുപിടിച്ചുകൊണ്ട് പോകുന്ന സംഘടനയാണ് അമ്മ എന്നും നടൻ പറഞ്ഞു.

dot image

കൊച്ചി: ശ്വേതാ മേനോന്റെ കേസിന് പിന്നിൽ ഗൂഢാലോചനയെന്ന് നടൻ രവീന്ദ്രൻ. ഈ വിഷയത്തിൽ പ്രതിഷേധം അറിയിക്കുന്നുവെന്നും അഭിനേതാക്കൾക്കെതിരെ വരുന്ന കുബുദ്ധിപരമായ എല്ലാ പ്രവർത്തനങ്ങളെയും എതിർത്ത് തോൽപ്പിക്കണമെന്നും രവീന്ദ്രൻ പറഞ്ഞു.

'അഭിനേതാക്കൾക്കെതിരെ വരുന്ന കുബുദ്ധിപരമായ എല്ലാ പ്രവർത്തനങ്ങളെയും എതിർത്ത് തോൽപ്പിക്കണം. ഇതൊരു പൊതുമണ്ഡലത്തിന്റെ പ്രശ്നമാണ്. എല്ലാവരെയും ചേർത്തുപിടിച്ചുകൊണ്ട് പോകുന്ന സംഘടനയാണ് അമ്മ. അഭിനേതാക്കൾക്ക് നിയമാനുസൃതമായി അഭിനയിക്കാനുള്ള എല്ലാ സ്വാതന്ത്ര്യവും അവകാശമുണ്ട്. ഈ കേസിന് പിന്നിലെ ഗൂഢാലോചന പൊലീസ് കണ്ടെത്തണം. ഇത് തടയാൻ സിനിമ നയത്തിൽ നടപടി വേണം', രവീന്ദ്രൻ പറഞ്ഞു.

അശ്ലീല സിനിമകളിലൂടെ പണം സമ്പാദിച്ചുവെന്ന പരാതിയിലാണ് നടി ശ്വേത മേനോനെതിരെ എറണാകുളം പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. നടി അഭിനയിച്ച ചിത്രങ്ങള്‍ ചൂണ്ടിക്കാട്ടി അതിലൊക്കെ അശ്ലീല രംഗങ്ങളാണെന്നാണ് മാര്‍ട്ടിന്‍ മേനാച്ചേരി പരാതി നല്‍കിയത്. പാലേരിമാണിക്യം. രതിനിര്‍വേദം, ശ്വേത മേനോന്‍റെ പ്രസവം ചിത്രീകരിച്ച ബ്ലെസി ചിത്രം കളിമണ്ണ്, ഒപ്പം ഒരു ഗര്‍ഭനിരോധന ഉറയുടെ പരസ്യചിത്രവുമാണ് പരാതിക്കാരന്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് നല്‍കി പ്രേക്ഷകര്‍ കണ്ടതും ഇപ്പോഴും പൊതുമധ്യത്തില്‍ ലഭ്യവുമായ ചിത്രങ്ങളാണ് ഇവ. ഈ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലും അശ്ലീല സൈറ്റുകളിലും പ്രചരിക്കുന്നുണ്ടെന്ന് പറഞ്ഞാണ് പരാതി.

മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ എ.എം.എം.എയിലെ പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേതാ മേനോൻ മത്സരിക്കുന്ന സമയത്താണ് ഈ കേസ്. പ്രസിഡന്റ് സ്ഥാനത്തേക്ക് വനിത വരുന്നതിനെ പിന്തുണച്ചുകൊണ്ട് ജഗദീഷ് അടക്കമുള്ളവർ മുൻപ് പത്രിക പിൻവലിച്ചിരുന്നു. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് നാസർ ലത്തീഫ്, ജയൻ ചേർത്തല ലക്ഷ്മിപ്രിയ എന്നിവരാണ് മത്സരിക്കുന്നത്. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് രവീന്ദ്രൻ, കുക്കു പരമേശ്വരൻ എന്നിവർ മത്സരിക്കുന്നു. അനൂപ് ചന്ദ്രനും ഉണ്ണി ശിവപാലും തമ്മിൽ ട്രഷറർ സ്ഥാനത്തേക്ക് മൽസരം നടക്കും.

Content Highlights: Actor Raveendran extends his support to Actress Shwetha Menon

dot image
To advertise here,contact us
dot image