
'കൽക്കി 2898 എ ഡി' എന്ന സിനിമയുടെ വിജയത്തിന് ശേഷം തെലുങ്ക് നടൻ പ്രഭാസിന്‍റേതായി അണിയറയിൽ ഒരുങ്ങുന്ന ചിത്രമാണ് 'ദി രാജാസാബ്'. ഹൊറർ-കോമഡി ഴോണറിൽ കഥ പറയുന്ന സിനിമ ഡിസംബർ അഞ്ചിന് ആഗോളതലത്തിൽ റിലീസ് ചെയ്യും. ചിത്രത്തിന്റെ അവസാനഘട്ട ജോലികൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ സിനിമയുടെ വമ്പൻ അപ്ഡേറ്റ് പങ്കുവെച്ചിരിക്കുകയാണ് നിർമാതാവ് ടി ജി വിശ്വപ്രസാദ്. ചിത്രം വലിയ ഫ്രാഞ്ചൈസിയായാണ് ഒരുങ്ങുന്നതെന്നും സിനിമയ്ക്ക് തുടർ ഭാഗങ്ങൾ ഉണ്ടാകുമെന്നും വിശ്വ പ്രസാദ് പറഞ്ഞു. ഗ്രേറ്റ് ആന്ധ്ര എന്ന മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
'രാജാസാബ് സിനിമയുടെ രണ്ടാം ഭാഗത്തിന് പദ്ധതിയിടുന്നുണ്ട്. അതൊരു തുടർച്ചയോ രണ്ടാം ഭാഗമോ ആയിരിക്കില്ല, മറിച്ച് പൂർണ്ണമായും പുതിയൊരു കഥയായിരിക്കും. ഒരു മൾട്ടിവേഴ്സ് ആശയം പോലെ. വ്യത്യസ്ത ലോകങ്ങളിൽ നടക്കുന്ന ഒരു ഫ്രാഞ്ചൈസിയായി ഇത് തുടരാനാണ് തങ്ങൾ പദ്ധതിയിടുന്നത്,' വിശ്വപ്രസാദ് പറഞ്ഞു.
ചിത്രത്തിലെ വിഷ്വൽ എഫക്ട്സിനെക്കുറിച്ചുള്ള വിമർശനങ്ങളെക്കുറിച്ചും നിർമ്മാതാവ് പ്രതികരിച്ചു. 'ആളുകൾക്ക് കഥയുമായോ പാട്ടുകളുമായോ വൈകാരികമായി അടുക്കാൻ കഴിഞ്ഞാൽ, അവർ വിഎഫ്എക്സിലെ കുറവുകൾ ക്ഷമിക്കും. അല്ലെങ്കിൽ, അവർ അതിനെ ട്രോളും. 'ദി രാജാ സാബി'നായി ഞങ്ങൾ ഒരു ക്വാളിറ്റി കൺട്രോൾ ടീമിനെ പുറത്തുനിന്ന് ഏൽപ്പിക്കുന്നുണ്ട്,' വിശ്വ പ്രസാദ് കൂട്ടിച്ചേർത്തു.
അതേസമയം, താൻ ഇതുവരെ ചെയ്തതിൽ ഏറ്റവും വലിയ പ്രോജക്ടുകളിൽ ഒന്നാണ് രാജാസാബ് എന്ന് സംവിധായകൻ മാരുതി ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. ചിത്രത്തിൽ പ്രഭാസ് ഡബിൾ റോളിലാണ് എത്തുന്നതെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. മാളവിക മോഹനനാണ് ചിത്രത്തിൽ നായികയായെത്തുന്നത്. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലായി പാൻ ഇന്ത്യൻ ചിത്രമായി പ്രദർശനത്തിനെത്തുന്ന രാജാസാബ് പീപ്പിൾ മീഡിയ ഫാക്ടറിയുടെ ബാനറിൽ ടി.ജി. വിശ്വപ്രസാദാണ് ചിത്രം നിർമ്മിക്കുന്നത്. ഇന്ത്യൻ സിനിമയിലെ തന്നെ വ്യത്യസ്തമായൊരു ഒരു ദൃശ്യവിസ്മയമായാണ് ചിത്രം അണിയറയിൽ ഒരുങ്ങുന്നതെന്നാണ് അറിയാനാകുന്നത്. നിധി അഗർവാള്‍, റിഥി കുമാർ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്.
Content Highlights: Producer says Prabhas' Rajasaab will continue as a franchise