
തൃശൂര്‍: മന്ത്രി ആര്‍ ബിന്ദു ഉദ്ഘാടനം ചെയ്യേണ്ടിയിരുന്ന തൃശൂര്‍ അരിസ്റ്റോ റോഡിന്റെ ഉദ്ഘാടനം എല്‍ഡിഎഫ് ഭരിക്കുന്ന തൃശൂര്‍ കോര്‍പ്പറേഷന്‍റെ ഡെപ്യൂട്ടി മേയര്‍ എം എല്‍ റോസി നിര്‍വഹിച്ചു. തൃശൂര്‍ കോര്‍പ്പറേഷന്‍ ഞായറാഴ്ച്ചയായിരുന്നു ഉദ്ഘാടനച്ചടങ്ങ് നടത്താന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ സിപിഐഎം നേതൃത്വം ഇടപെട്ട് അത് പന്ത്രണ്ടാം തിയതിയിലേക്ക് മാറ്റുകയായിരുന്നു. മന്ത്രി ബിന്ദുവായിരുന്നു ഉദ്ഘാടക. എന്നാല്‍ ഇന്ന് ഡെപ്യൂട്ടി മേയര്‍ എംഎല്‍ റോസിയുടെ നേതൃത്വത്തില്‍ റോഡ് ഉദ്ഘാടനം ചെയ്യുകയായിരുന്നു. എം എല്‍ റോസിക്കൊപ്പം കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരും ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുത്തു. അഞ്ചാം തിയതി മേയറാണ് റോഡ് ഉദ്ഘാടനം ചെയ്യാനിരുന്നത്. എന്നാല്‍ സിപിഐഎം നേതൃത്വം ഇടപെട്ട് തിയതി മാറ്റിവയ്ക്കുകയും മന്ത്രിയെ ഉദ്ഘാടകയാക്കുകയുമായിരുന്നു. കോണ്‍ഗ്രസ് കൗണ്‍സിലറുടെ വാര്‍ഡിലാണ് റോഡുളളത്.
അതേസമയം, സംഭവത്തിൽ വിശദീകരണവുമായി എം എൽ റോസി രംഗത്തെത്തി. കൗൺസിലർമാർ ആരു വിളിച്ചാലും എത്തേണ്ടത് അത്യാവശ്യമാണെന്നും വാർഡ് കൗൺസിലർമാർ വിളിച്ചതനുസരിച്ചാണ് പോയത്, അവിടെയെത്തിയപ്പോഴാണ് ഈ കാര്യങ്ങളൊക്കെ അറിയുന്നതെന്നും റോസി പറഞ്ഞു. 'മന്ത്രി ഉദ്ഘാടനം ചെയ്യേണ്ടിയിരുന്നതാണ് എന്ന് നേരത്തെ അറിഞ്ഞിരുന്നില്ല. കൂട്ടായ ചർച്ച ഇല്ലാത്തതിന്റെ അപാകതയാണ് കോർപ്പറേഷനിൽ നിഴലിച്ചു കാണുന്നത്. ഇത്രയും മോശമായി ഭരിച്ച ഒരു ഭരണസമിതി എന്റെ രാഷ്ട്രീയ പ്രവർത്തനകാലത്ത് കണ്ടിട്ടില്ല. കമ്മറ്റികൾ വിളിച്ചാൽ വെറുതെ നോക്കുകുത്തിയായി പോയിരിക്കേണ്ട അവസ്ഥയാണ്'-റോസി പറഞ്ഞു.
തൃശൂർ മേയർക്കെതിരെയും എം എൽ റോസി ആഞ്ഞടിച്ചു. ഞാനിറങ്ങിയാൽ ഭരണം വീഴുമെന്നാണ് മേയർ ഭീഷണിപ്പെടുത്തുന്നതെന്നും കോർപ്പറേഷനിൽ മേയറുടെ 'ഞാൻ ഭരണ'മാണ് നടക്കുന്നതെന്നും ഡെപ്യൂട്ടി മേയർ പറഞ്ഞു. 'മേയറും സിപിഐഎം കൌൺസിലർ വർഗീസ് കണ്ടംകുളത്തിയും തൃശൂരിരെ സ്വയംഭരണ പ്രദേശമാക്കി മാറ്റി. ഒരു ഹൈമാസ് ലൈറ്റ് കൊടുത്താൽ ഞാൻ കൊടുത്തു എന്നാണ് പറയുന്നത്. എന്റെ മുറിയിൽ ബോർഡ് ഇല്ല. ബാത്റൂമിൽ വെള്ളം പോലുമില്ല'- എം എൽ റോസി പറഞ്ഞു.
'വര്‍ഷങ്ങളായി തകര്‍ന്നുകിടന്നിരുന്ന റോഡ് ഒന്നരക്കോടി ചിലവഴിച്ചാണ് പണിതത്. ശേഷം മേയറുമായി ആലോചിച്ച് കൗണ്‍സിലര്‍മാര്‍ ഉദ്ഘാടനം തീരുമാനിച്ച് നോട്ടീസടക്കം അടിച്ചു. അഞ്ചാം തിയതിയിലേക്ക് തീരുമാനിച്ചത് ആറിലേക്ക് മാറ്റി. പിന്നീട് മേയര്‍ വിളിച്ചുപറയുകയായിരുന്നു ബിന്ദുവാണ് ഉദ്ഘാടനം ചെയ്യുക എന്ന്. മേയറെ മാറ്റുന്നത് ശരിയല്ലെന്ന് ഞങ്ങള്‍ക്ക് തോന്നി. ഉദ്ഘാടനവുമായി മുന്നോട്ടുപോവുകയാണെന്ന് മേയറെ അറിയിച്ചു. എംഎല്‍ റോസിയാണ് മുഖ്യ അതിഥി. അവര്‍ ഉദ്ഘാടനം ചെയ്യുകയും ചെയ്തു. മേയറുടെ ഓഫീസ് ഭരിക്കുന്നത് സിപിഐഎമ്മിന്റെ ആളുകളായ താല്‍ക്കാലിക ജീവനക്കാരാണെന്നും അത് അംഗീകരിച്ചുകൊടുക്കാന്‍ പറ്റില്ലെന്നും ഡെപ്യൂട്ടി മേയര്‍ പറഞ്ഞിരുന്നു'- മുന്‍മേയറും നിലവിലെ കോര്‍പ്പറേഷനിലെ പ്രതിപക്ഷ നേതാവുമായ രാജന്‍ പല്ലന്‍ പറഞ്ഞു.
Content Highlights: Thrissur Deputy Mayor inaugurated aristo road, which was supposed to be inaugurated by minister R Bindu