
കൊച്ചി: കോതമംഗലത്ത് ആൺ സുഹൃത്തിനെ വിഷം നൽകി കൊലപ്പെടുത്തിയ കേസിലെ പ്രതി അദീന കളനാശിനി കലർത്തി നൽകിയത് റെഡ്ബുളളിൽ. പ്രതിയുടെ വീട്ടിൽ നിന്നും റെഡ്ബുളളിന്റെ കാനുകൾ കണ്ടെടുത്തു. അൻസിൽ നിരന്തരമായി റെഡ്ബുൾ ഉപയോഗിക്കുന്ന ആളാണെന്ന് മനസ്സിലാക്കിയായിരുന്നു ഇത്. വീട്ടിലേക്ക് വരാൻ ആവശ്യപ്പെട്ട് അദീന നിരവധി തവണ അൻസിലിന്റെ ഫോണിലേക്ക് വിളിച്ചു. നമ്പർ ബ്ലോക്ക് ചെയ്തതോടെ സുഹൃത്തിന്റെ ഫോണിലേക്ക് വിളിച്ചാണ് അൻസിലിനെ വരുത്തിയത്. അൻസിൽ ലഹരി ഉപയോഗിച്ചാണ് വീട്ടിലെത്തിയത്. കൃത്യം നടത്താൻ അദീനയ്ക്ക് മറ്റാരുടെയും സഹായം ലഭിച്ചിട്ടില്ലെന്നും പൊലീസ് കണ്ടെത്തി.
ദീര്‍ഘകാലമായുള്ള ബന്ധത്തിനിടെ തന്നെ ഉപദ്രവിച്ചുവെന്ന അദീനയുടെ പരാതിയില്‍ കോതമംഗലം പൊലീസ് അന്‍സിലിനെതിരെ നേരത്തെ കേസ് എടുത്തിരുന്നു. കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട അന്‍സില്‍ ഇതിനായി അദീനയ്ക്ക് പണവും വാഗ്ദാനം ചെയ്തു. എന്നാല്‍ ഈ പണം നല്‍കാത്തതിനെ തുടര്‍ന്നുള്ള തര്‍ക്കത്തിലാണ് അദീന, ആണ്‍ സുഹൃത്തായ അന്‍സിലിനെ കൊലപ്പെടുത്തിയതെന്നായിരുന്നു പൊലീസിന്റെ കണ്ടെത്തല്‍.
കൊലപാതകത്തിനുള്ള തയ്യാറെടുപ്പ് രണ്ട് മാസങ്ങള്‍ക്കു മുന്‍പ് അദീന ആരംഭിച്ചിരുന്നു. അദീന ഒറ്റയ്ക്ക് താമസിക്കുന്ന വീട്ടില്‍ കഴിഞ്ഞ ബുധനാഴ്ച പുലര്‍ച്ചെ 4.30ഓടെയാണ് കൃത്യം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. വിഷം അന്‍സില്‍ കൊണ്ടുവന്നതെന്നായിരുന്നു അദീന ആദ്യം നല്‍കിയ മൊഴി. എന്നാല്‍ കളനാശിനി ദിവസങ്ങള്‍ക്ക് മുന്‍പുതന്നെ വാങ്ങിവെച്ചിരുന്നതായി അന്വേഷണത്തില്‍ കണ്ടെത്തി. ആശുപത്രിയിലേക്ക് പോകുമ്പോള്‍ ആംബുലന്‍സില്‍വെച്ച് അന്‍സില്‍ നടത്തിയ വെളിപ്പെടുത്തലും നിര്‍ണ്ണായകമായി. 'അവള്‍ വിഷം നല്‍കി, എന്നെ ചതിച്ചു'വെന്നാണ് അന്‍സില്‍ പറഞ്ഞത്.
അബോധാവസ്ഥയിലായതോടെ അന്‍സില്‍ വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചതാണെന്ന് അദീന പൊലീസിനെയും ബന്ധുക്കളെയും വിളിച്ച് അറിയിക്കുകയായിരുന്നു. കൃത്യത്തിന് ശേഷം അന്‍സിലിന്റെ മൊബൈല്‍ വീടിനുസമീപം കാട്ടിലേക്ക് വലിച്ചെറിഞ്ഞിരുന്നു. വീട്ടിലെ സിസിടിവിയുടെ ഹാര്‍ഡ് ഡിസ്‌ക് എടുത്തുമാറ്റുകയും ചെയ്തിരുന്നു. അദീനയെ പൊലീസ് കഴിഞ്ഞ ദിവസം കസ്റ്റഡിയില്‍ വിട്ടിരുന്നു.
Content Highlights: Adeena mixed poison in Red Bull to ansil