
കൊച്ചി: കോതമംഗലത്ത് ആണ്‍ സുഹൃത്തിനെ വിഷം നല്‍കി കൊലപ്പെടുത്തിയ കേസില്‍ പ്രതി അദീനയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. രണ്ടുദിവസത്തേക്കാണ് കസ്റ്റഡിയില്‍ വിട്ടത്. കോതമംഗലം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടെതാണ് നടപടി. അതേസമയം അന്‍സിലിന്റെ മരണത്തില്‍ അദീനയ്ക്ക് മറ്റൊരാളുടെ സഹായം ലഭിച്ചിട്ടുണ്ടോയെന്നുള്ള സംശയത്തിലാണ് പൊലീസ്.
രണ്ടുമാസത്തെ ആസൂത്രണത്തിനിടെ അദീനക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചോ എന്നതില്‍ അന്വേഷണം നടക്കുകയാണ് ഇപ്പോള്‍. സിസിടിവി തകരാറിലാക്കാന്‍ സഹായം ലഭിച്ചിട്ടുണ്ടോയെന്നും പരിശോധിക്കും. പ്രതിയുടെ കൂടുതല്‍ ചോദ്യം ചെയ്യല്‍ അനിവാര്യമെന്ന നിലപാടിലാണ് പൊലീസ്.
ദീര്‍ഘകാലമായുള്ള ബന്ധത്തിനിടെ തന്നെ ഉപദ്രവിച്ചുവെന്ന അദീനയുടെ പരാതിയില്‍ കോതമംഗലം പൊലീസ് അന്‍സിലിനെതിരെ നേരത്തെ കേസ് എടുത്തിരുന്നു. കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട അന്‍സില്‍ ഇതിനായി അദീനയ്ക്ക് പണവും വാഗ്ദാനം ചെയ്തു. എന്നാല്‍ ഈ പണം നല്‍കാത്തതിനെ തുടര്‍ന്നുള്ള തര്‍ക്കത്തിലാണ് അദീന, ആണ്‍ സുഹൃത്തായ അന്‍സിലിനെ കൊലപ്പെടുത്തിയതെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.
കൊലപാതകത്തിനുള്ള തയ്യാറെടുപ്പ് രണ്ട് മാസങ്ങള്‍ക്കു മുന്‍പ് അദീന ആരംഭിച്ചിരുന്നു. അദീന ഒറ്റയ്ക്ക് താമസിക്കുന്ന വീട്ടില്‍ ബുധനാഴ്ച പുലര്‍ച്ചെ 4.30ഓടെയാണ് കൃത്യം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. വിഷം അന്‍സില്‍ കൊണ്ടുവന്നതെന്നായിരുന്നു അദീന ആദ്യം നല്‍കിയ മൊഴി. എന്നാല്‍ കളനാശിനി ദിവസങ്ങള്‍ക്ക് മുന്‍പുതന്നെ വാങ്ങിവെച്ചിരുന്നതായി അന്വേഷണത്തില്‍ കണ്ടെത്തി. ആശുപത്രിയിലേക്ക് പോകുമ്പോള്‍ ആംബുലന്‍സില്‍വെച്ച് അന്‍സില്‍ നടത്തിയ വെളിപ്പെടുത്തലും നിര്‍ണ്ണായകമായി. അവള്‍ വിഷം നല്‍കി, എന്നെ ചതിച്ചുവെന്നാണ് അന്‍സില്‍ പറഞ്ഞത്.
അന്‍സില്‍ കുടിക്കാനായി വെള്ളം ചോദിച്ചപ്പോള്‍ അദീന ഡിസ്‌പോസിബിള്‍ ഗ്ലാസില്‍ കളനാശിനി ശീതളപാനീയത്തില്‍ ചേര്‍ത്ത് നല്‍കുകയായിരുന്നുവെന്നാണ് വിവരം. അബോധാവസ്ഥയിലായതോടെ അന്‍സില്‍ വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചതാണെന്ന് അദീന പൊലീസിനെയും ബന്ധുക്കളെയും വിളിച്ച് അറിയിക്കുകയായിരുന്നു. കൃത്യത്തിന് ശേഷം അന്‍സിലിന്റെ മൊബൈല്‍ വീടിനുസമീപം കാട്ടിലേക്ക് വലിച്ചെറിഞ്ഞിരുന്നു. വീട്ടിലെ സിസിടിവിയുടെ ഹാര്‍ഡ് ഡിസ്‌ക് എടുത്തുമാറ്റുകയും ചെയ്തിരുന്നു. ഫോണ്‍ പരിശോധനയ്ക്ക് അയക്കും. ഹാര്‍ഡ് ഡിസ്‌ക് കിട്ടിയാല്‍ നിര്‍ണ്ണായക വിവരം ലഭിക്കുമെന്നാണ് പൊലീസിന്റെ കണക്കുകൂട്ടല്‍.
Content Highlights: Ansil murder case Police take Adeena on custody