
ഇംഗ്ലണ്ടിനെതിരെയുള്ള ഇന്ത്യയുടെ ആൻഡേഴ്‌സൺ-ടെണ്ടുൽക്കർ ട്രോഫി കഴിഞ്ഞ ദിവസമാണ് അവസാനിച്ചത്. ലീഡ്‌സിൽ നടന്ന ഒന്നാം ടെസ്റ്റ് മുതൽ ഓവലിൽ കളിച്ച അവസാന ടെസ്റ്റിലെ അഞ്ചാം ദിനം വരെ ആവേശം നിലനിന്ന പരമ്പര 2-2 എന്ന നിലയിലാണ് അവസാനിച്ചത്. നിർണായകമായ അവസാന ടെസ്റ്റായ ഓവലിൽ ആറ് റൺസിന്റെ വിജയമാണ് ഇന്ത്യ നേടിയത്.
അതേ സമയം സെപ്തംബറിൽ ആരംഭിക്കുന്ന ഏഷ്യാ കപ്പാണ് ഇന്ത്യയുടെ അടുത്ത ദൗത്യം. 2024 ലോകകപ്പിന് ശേഷം രോഹിത് ശർമ, വിരാട് കോഹ്‌ലി തുടങ്ങിയ മുതിർന്ന താരങ്ങൾ ടി20യിൽ നിന്ന് വിരമിച്ചതിനാൽ സൂര്യകുമാർ യാദവിന്റെ യുവസംഘമാണ് ഇറങ്ങുക. 2026 ടി 20 ലോകകപ്പിന് മുന്നോടിയായാണ് ഈ ടൂർണമെന്റ് നടക്കുക. അതേ സമയം ഇംഗ്ലണ്ട് പരമ്പരയിൽ നിന്ന് നിരവധി ടെസ്റ്റ് താരങ്ങൾക്ക് ബിസിസിഐ വിശ്രമം നൽകുമെന്നാണ് റിപ്പോർട്ടുകൾ.
ഏഷ്യ കപ്പ് കഴിഞ്ഞാൽ ഇന്ത്യയ്ക്ക് കളിക്കാനുള്ളത് വെസ്റ്റ് ഇൻഡീസിനെതിരെയുള്ള ടെസ്റ്റ് പരമ്പരയാണ്. രണ്ട് മത്സരങ്ങളാണ് ഈ പരമ്പരയിലുണ്ടാകുക. ഒക്ടോബർ ആദ്യത്തിൽ ഇന്ത്യയിൽ വെച്ചാണ് മത്സരങ്ങൾ നടക്കുക.
വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റുകൾക്ക് ശേഷം, മൂന്ന് ഏകദിനങ്ങളും അഞ്ച് ടി20 മത്സരങ്ങളും കളിക്കാൻ ഇന്ത്യ ഓസ്‌ട്രേലിയയിലേക്ക് പറക്കും.
രോഹിത് ശർമയും വിരാട് കോഹ്‌ലിയും 50 ഓവർ ഫോർമാറ്റിൽ തുടരുന്നതിനാൽ ഈ പരമ്പര കൂടുതൽ ആവേശമാകും. ഒക്ടോബർ 19 ന് പെർത്തിൽ നടക്കുന്ന ഏകദിനത്തോടെയാണ് പര്യടനം ആരംഭിക്കുന്നത്.
നവംബർ-ഡിസംബർ മാസങ്ങളിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഹോം പരമ്പരയോടെയാണ് ഇന്ത്യ വർഷം അവസാനിപ്പിക്കുന്നത്. രണ്ട് ടെസ്റ്റുകളും മൂന്ന് ഏകദിനങ്ങളും അഞ്ച് ടി20 മത്സരങ്ങളും കളിക്കും.
Content Highlights: indian cricket team schedule 2025