സി സദാനന്ദന്റെ കാല്‍ വെട്ടിയ കേസ്; പ്രതികള്‍ക്ക് സിപിഐഎം ഓഫീസില്‍ യാത്രയയപ്പ്, തെറ്റായ സന്ദേശമെന്ന് എംപി

പ്രതികള്‍ കീഴടങ്ങിയ തലശ്ശേരി കോടതിക്ക് മുന്‍പിലും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിന് മുന്നിലും സിപിഐഎം പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളികളുമായി എത്തി

dot image

കണ്ണൂര്‍: സി സദാനന്ദന്‍ എംപിയുടെ കാല്‍വെട്ടിയ കേസില്‍ ജയിലില്‍ പോകുന്ന പ്രതികള്‍ക്ക് യാത്രയയപ്പ് നല്‍കി സിപിഐഎം. മട്ടന്നൂര്‍ പഴശ്ശി സൗത്ത് ലോക്കല്‍ കമ്മിറ്റി ഓഫീസിലാണ് പ്രതികള്‍ക്ക് യാത്രയയപ്പ് നല്‍കിയത്. മുന്‍ മന്ത്രി കെ കെ ശൈലജ എംഎല്‍എയും യാത്രയയപ്പില്‍ പങ്കെടുത്തു. അഭിവാദ്യം നേര്‍ന്ന് മുദ്രാവാക്യം വിളിച്ചുകൊണ്ടായിരുന്നു യാത്രയയപ്പ്. പ്രതികള്‍ കീഴടങ്ങിയ തലശ്ശേരി കോടതിക്ക് മുന്‍പിലും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിന് മുന്നിലും സിപിഐഎം പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളികളുമായി എത്തി.

കുറ്റവാളികള്‍ക്ക് കെ കെ ശൈലജ യാത്രയയപ്പ് നല്‍കിയത് ദൗര്‍ഭാഗ്യകരമാണെന്ന് സി സദാനന്ദന്‍ എംപി പ്രതികരിച്ചു. ഇതിലൂടെ മോശം സന്ദേശമാണ് നല്‍കുന്നത്. കുറ്റവാളികളെ തിരുത്തുന്നതിന് പകരം കുറ്റകൃത്യങ്ങള്‍ നടത്താന്‍ പ്രേരണയാകുന്നതാണ് യാത്രയയപ്പ്. തനിക്ക് നീതി കിട്ടിയെങ്കിലും വൈകിയെന്നും സി സദാനന്ദന്‍ പ്രതികരിച്ചു.

കേസില്‍ 30 വര്‍ഷത്തിന് ശേഷമാണ് പ്രതികള്‍ ജയിലില്‍ കീഴടങ്ങിയത്. സുപ്രീം കോടതിയില്‍ അനുകൂല വിധി ഉണ്ടാകാതിരുന്നതിനെ തുടര്‍ന്നാണ് പ്രതികള്‍ തലശ്ശേരി കോടതിയില്‍ കീഴടങ്ങിയത്. സിപിഐഎമ്മുകാരായ എട്ട് പ്രതികളെ വിചാരണ കോടതി ശിക്ഷിച്ചിരുന്നു. തുടര്‍ന്നാണ് പ്രതികള്‍ ഹൈക്കോടതിയെയും പിന്നീട് സുപ്രീംകോടതിയെയും സമീപിച്ചത്.

Content Highlights: c sadanandan case Convicts sent off at CPIM office Kannur

dot image
To advertise here,contact us
dot image