CCTV രക്ഷ; പ്രായപൂർത്തിയാകാത്ത സഹോദരൻ സ്‌കൂട്ടർ ഓടിച്ചെന്നുകാട്ടി സഹോദരിക്കെതിരെ കള്ളക്കേസ്;SIയെ സ്ഥലം മാറ്റും

ഞായറാഴ്ച വൈകിട്ട് ആറുമണിയോടെ കാസര്‍കോട്ടെ ചെര്‍ക്കള ടൗണിലായിരുന്നു സംഭവം

CCTV രക്ഷ; പ്രായപൂർത്തിയാകാത്ത സഹോദരൻ സ്‌കൂട്ടർ ഓടിച്ചെന്നുകാട്ടി സഹോദരിക്കെതിരെ കള്ളക്കേസ്;SIയെ സ്ഥലം മാറ്റും
dot image

കാസര്‍കോട്: പ്രായപൂര്‍ത്തിയാകാത്ത സഹോദരന്‍ വാഹനം ഓടിച്ചെന്നാരോപിച്ച് സഹോദരിക്കെതിരെയെടുത്ത കേസ് വ്യാജമെന്ന് കണ്ടെത്തിയതോടെ വിദ്യാനഗര്‍ എസ്‌ഐയെ സ്ഥലം മാറ്റാന്‍ തീരുമാനം. എസ്‌ഐ അനൂപിന് വീഴ്ച സംഭവിച്ചുവെന്ന സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. പ്രായപൂര്‍ത്തിയാകാത്ത സഹോദരന്‍ സ്‌കൂട്ടര്‍ ഓടിച്ചെന്ന പേരിലായിരുന്നു സഹോദരി മാജിദ(19)ക്കെതിരെ കേസെടുത്തത്. എന്നാല്‍ സിസിടിവി പരിശോധിച്ചതില്‍ നിന്നും സഹോദരന്‍ വാഹനം ഓടിച്ചില്ലെന്ന് കണ്ടെത്തുകയായിരുന്നു. എന്നാൽ ദൃശ്യം പരിശോധിക്കാതെയായിരുന്നു പൊലീസ് കേസെടുത്തത്. തുടര്‍ന്ന് മാജിദ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

താന്‍ ഓടിച്ച സ്‌കൂട്ടറിന്റെ പേരില്‍ പ്രായപൂര്‍ത്തിയാകാത്ത സഹോദരന്‍ വാഹനം ഓടിച്ചെന്ന് ആരോപിച്ച് കള്ളക്കേസ് എടുത്തെന്നാണ് യുവതിയുടെ പരാതി. മാജിദയുടെ വാദങ്ങളെ ശരിവെക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ പൊലീസിനെതിരെ വ്യാപക വിമര്‍ശനത്തിന് ഇത് വഴിവെച്ചിരുന്നു.

ഞായറാഴ്ച വൈകിട്ട് ആറുമണിയോടെയാണ് കാസര്‍കോട്ടെ ചെര്‍ക്കള ടൗണില്‍ സംഭവം നടന്നത്. ലൈസന്‍സുള്ള മാജിദ ഹെല്‍മെറ്റ് ധരിച്ച് സ്‌കൂട്ടര്‍ ഓടിക്കുകയും 16 വയസ്സുള്ള സഹോദരന്‍ പിന്നില്‍ ഹെല്‍മെറ്റ് ധരിച്ച് യാത്ര ചെയ്യുകയുമായിരുന്നു. റോഡരികില്‍ സ്‌കൂട്ടര്‍ നിര്‍ത്തിയ ശേഷം മാജിദ തൊട്ടടുത്ത ട്യൂഷന്‍ സെന്ററിലേക്കും സഹോദരന്‍ ഹൈപ്പര്‍മാര്‍ക്കറ്റിലേക്കും പോയി. കുറച്ച് കഴിഞ്ഞ് സഹോദരന്‍ തിരിച്ച് സ്‌കൂട്ടറിനടുത്ത് നില്‍ക്കുമ്പോഴാണ് വിദ്യാനഗര്‍ പൊലീസ് സ്റ്റേഷനിലെ വാഹനം സ്ഥലത്തെത്തുന്നത്. സ്‌കൂട്ടറിനടുത്ത് വിദ്യാര്‍ത്ഥി നില്‍ക്കുന്നതുകണ്ട എസ് ഐ കൂടുതല്‍ വ്യക്തത വരുത്തുന്നതിന് മുമ്പ് തന്നെ 16 കാരനാണ് വാഹനം ഓടിച്ചതെന്ന് തെറ്റിദ്ധരിക്കുകയായിരുന്നു. മജീദ സ്ഥലത്തെത്തി താനാണ് വാഹനം ഓടിച്ചതെന്ന് ആവര്‍ത്തിച്ചെങ്കിലും ഇതൊന്നും ചെവിക്കൊള്ളാതെ കേസെടുക്കുകയായിരുന്നു. മോട്ടോര്‍ വെഹിക്കിള്‍ ആക്ട് പ്രകാരമായിരുന്നു മാജിദയ്‌ക്കെതിരെ കേസെടുത്തത്.

Content Highlights: kasargod vidhyanagar police False Case against 19 year old girl

dot image
To advertise here,contact us
dot image