

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മുന്നണി വിപുലീകരണത്തിന് മുൻകൈ എടുക്കാൻ കോൺഗ്രസ്. എൽഡിഎഫിലെ അസ്വസ്ഥതകൾ മുതലെടുക്കാനാണ് നീക്കം. കേരള കോൺഗ്രസ് മാണി വിഭാഗവുമായി ചർച്ച നടത്താനാണ് തീരുമാനം. മാണി വിഭാഗത്തെ യുഡിഎഫിൽ എത്തിച്ചാൽ ഗുണമാകുമെന്നാണ് വിലയിരുത്തൽ. കേരള കോൺഗ്രസ് ജോസഫ്
വിഭാഗത്തെ അനുനയിപ്പിക്കും. ആർജെഡിയെ യുഡിഎഫിൽ എത്തിക്കാനും ശ്രമം തുടങ്ങിയിട്ടുണ്ട്.
തദ്ദേശതെരഞ്ഞെടുപ്പിൽ ലഭിച്ച മേൽക്കൈയുടെ ആത്മവിശ്വാസത്തിലാണ് യുഡിഎഫ്. വിജയത്തെ കുറിച്ചുള്ള പ്രതികരണത്തിൽ മുന്നണി വിപുലീകരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞിരുന്നു. നിലവിലെ രാഷ്ട്രീയ സാഹചര്യം വിലയിരുത്തിയാണ് മുന്നണി വിപുലീകരണത്തിലേക്ക് കോൺഗ്രസ് കടക്കുന്നത്. കെപിസിസി യോഗം ചേരും. അതിന് മുമ്പായി മുതിർന്ന നേതാക്കൾ ഉൾപ്പെടുന്ന കോർ കമ്മിറ്റി യോഗം ചേർന്ന് ഇതു സംബന്ധിച്ച തീരുമാനത്തിലേക്ക് എത്തും. ഈ യോഗത്തിലായിരിക്കും ഏതെല്ലാം കക്ഷികളെ മുന്നണിയിലേക്ക് ഉൾപ്പെടുത്താൻ മുൻകൈ എടുക്കണമെന്ന കാര്യത്തിൽ തീരുമാനമെടുക്കുക.
കേരള കോൺഗ്രസ് മാണി വിഭാഗവും ആർജെഡിയും എൽഡിഎഫിൽ അസ്വസ്ഥരാണെന്നാണ് കോൺഗ്രസ് വിലയിരുത്തൽ. ഇരു കക്ഷികളും എൽഡിഎഫിൽ പൂർണമായി അവഗണിക്കപ്പെടുന്നുവെന്ന നിഗമനത്തിലാണ് യുഡിഎഫ്. നേരത്തെ യുഡിഎഫിന്റെ ഭാഗമായിരുന്ന ഇരു വിഭാഗത്തെയും തിരിച്ചെത്തിക്കുകയാണ് ലക്ഷ്യം. മുസ്‌ലിം ലീഗിന്റെ സഹായത്തോടെയായിരിക്കും മാണി വിഭാഗത്തെ തിരിച്ചെത്തിക്കുക. ജോസ് കെ മാണി കൂടെയുണ്ടെങ്കിൽ നൂറ് സീറ്റെങ്കിലും യുഡിഎഫിന് ലഭിക്കുമെന്നാണ് മുന്നണിയുടെ കാഴ്ചപ്പാട്. യുഡിഎഫിന്റെ കാഴ്ചപ്പാടിനോട് ആഭിമുഖ്യമുള്ള എല്ലാ കക്ഷികളെയും ഒപ്പം ചേർക്കാൻ ഹൈക്കമാൻഡ് നിർദേശം ഉണ്ടായിരുന്നു.
Content Highlights: Congress to take initiative to expand UDF