
തിരുവനന്തപുരം: സംവിധായകൻ അടൂര്‍ ഗോപാലകൃഷ്ണന്റെ അധിക്ഷേപ പരാമര്‍ശത്തില്‍ പ്രതികരിച്ച് സംഗീത നാടക അക്കാദമി വൈസ് ചെയര്‍പേഴ്‌സണ്‍ പുഷ്പവതി പൊയപ്പാടത്ത്. അടൂര്‍ ഗോപാലകൃഷ്ണന്‍ വളരെ നെഗറ്റീവ് ആയ പരാമര്‍ശമാണ് തന്നെ കുറിച്ച് നടത്തിയത്. വയസ്സായ ആളല്ലേ. ആ അര്‍ത്ഥത്തില്‍ അത് തള്ളിക്കളയുന്നുവെന്നും പുഷ്പവതി റിപ്പോര്‍ട്ടറിനോട് പ്രതികരിച്ചു.
'ആരാണ് ഞാന്‍ എന്നാണ് അദ്ദേഹം ചോദിച്ചത്. ഞാന്‍ ഇന്ത്യന്‍ പൗരയാണ്. സംഗീത സംവിധായകയാണ്. സര്‍ക്കാരിന്റെ ക്ഷണം സ്വീകരിച്ചാണ് ഞാന്‍ കോണ്‍ക്ലേവില്‍ പങ്കെടുത്തത്. അദ്ദേഹം ജനിച്ചു വളര്‍ന്ന സാഹചര്യത്തില്‍ നിന്നുണ്ടായ പ്രതികരണമാണത്. ഞാന്‍ ജനിച്ചു വളര്‍ന്ന സാഹചര്യം അതല്ല. പാതാളത്തില്‍ നിന്ന് വന്ന് ഇവിടെ എത്തിയ ആള്‍ ആണ് ഞാന്‍', പുഷ്പവതി പറഞ്ഞു.
നമ്മളെയൊന്നും അദ്ദേഹത്തിന് അറിയില്ലെന്നും അതൊക്കെയാണ് കുഴപ്പമെന്നും പുഷ്പവതി പ്രതികരിച്ചു. അദ്ദേഹത്തിന്റെ പ്രതികരണം കണ്ടിട്ട് ഇനിയും അദ്ദേഹം പടങ്ങള്‍ എടുക്കും എന്നാണ് കരുതുന്നതെന്നും ഇനിയും അരികുവത്കരിക്കപ്പെട്ടവരുടെ സിനിമ എടുക്കട്ടെയെന്നും പുഷ്പവതി പറഞ്ഞു. എല്ലാം കയറി അങ്ങ് വിളിച്ചു പറയരുതല്ലോയെന്നും അതിനെതിരെ ശബ്ദം ഉണ്ടാകുമ്പോള്‍ മാത്രമേ ഇനി ഉണ്ടാകാതിരിക്കുള്ളുവെന്നും പുഷ്പവതി വ്യക്തമാക്കി.
'അദ്ദേഹത്തിന്റെ അതെ നിലവാരത്തില്‍ തിരിച്ചു പറയാന്‍ കഴിയില്ല. അദ്ദേഹത്തിന്റെ പ്രായത്തെ ബഹുമാനിക്കുന്നു. തിരുത്താന്‍ ഉള്ള കാര്യം പക്ഷെ എങ്ങനെ ആയാലും തിരുത്തും. ഉറച്ചുപോയ മനോനില ആണ് അദ്ദേഹത്തിന്. അതുപോലുള്ള മനോനില ഉള്ളവരാണ് ഇന്നലെ കയ്യടിച്ചത്. അവരോട് ചേരാന്‍ പറ്റിയവര്‍ അവരെ സപ്പോര്‍ട്ട് ചെയ്ത് പറയും', പുഷ്പവതി പറഞ്ഞു.
അടൂര്‍ ഗോപാലകൃഷ്ണനെതിരെ കേസ് എടുക്കേണ്ടത് തന്നെയാണെന്നും അവര്‍ വ്യക്തമാക്കി. താന്‍ ഏതായാലും നിയമപരമായി പോകുന്നില്ലെന്നും ഇനിയും താന്‍ പ്രതികരിക്കുമെന്നും പുഷ്പവതി വ്യക്തമാക്കി. തെറ്റ് കണ്ടാല്‍ മറുപടി പറയുമെന്നും തനിക്ക് ആരെയും ഭയമില്ലെന്നും പുഷ്പവതി പറഞ്ഞു.
സിനിമാ കോണ്‍ക്ലേവിന്റെ അവസാന ദിനമായ ഇന്നലെയായിരുന്നു അടൂരിന്റെ അധിക്ഷേപ പരാമര്‍ശം. സ്ത്രീകള്‍ക്കും ദളിത് വിഭാഗങ്ങള്‍ക്കും സിനിമ നിര്‍മിക്കാന്‍ സര്‍ക്കാര്‍ നല്‍കുന്ന ഫണ്ടുമായി ബന്ധപ്പെട്ടായിരുന്നു അടൂര്‍ നിലപാട് പറഞ്ഞത്. സര്‍ക്കാരിന്റെ ഫണ്ടില്‍ സിനിമ നിര്‍മിക്കാന്‍ ഇറങ്ങുന്നവര്‍ക്ക് മൂന്ന് മാസത്തെ ഇന്റന്‍സീവ് ട്രെയിനിങ് കൊടുക്കണമെന്ന് അടൂര്‍ പറഞ്ഞിരുന്നു. സര്‍ക്കാര്‍ പട്ടികജാതി പട്ടികവര്‍ഗത്തിന് നല്‍കുന്ന പണം ഒന്നരക്കോടിയാണ്. അഴിമതിക്കുള്ള വഴിയുണ്ടാക്കുകയാണെന്ന് താന്‍ മുഖ്യമന്ത്രിയോട് പറഞ്ഞിരുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.
എന്നാല്‍ അടൂരിനെതിരെ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നുവരുന്നത്. അടൂര്‍ പ്രസംഗിക്കുമ്പോള്‍ പുഷ്പവതി അടൂരിനെതിരെ പ്രതിഷേധിച്ചിരുന്നു. എന്നാല്‍ പുഷ്പവതിയെയും അപകീര്‍ത്തിപ്പെടുത്തുന്ന രീതിയിലായിരുന്നു അടൂറിന്റെ പ്രതികരണം. 'സിനിമയുമായി യാതൊരു ബന്ധവുമില്ലാത്ത ഒരുകുട്ടിയാണ് എഴുന്നേറ്റുനിന്ന് പ്രതിഷേധിച്ചത്. അവര്‍ അവിടെ എങ്ങനെ വന്നു എന്നറിയില്ല. സംഗീതനാടക അക്കാദമിക്ക് സിനിമയുമായി യാതൊരു ബന്ധവുമില്ല. ഞാന്‍ പറഞ്ഞതെന്താണ് മനസിലാക്കിയിട്ടുവേണം പ്രതിഷേധിക്കാന്‍. ശ്രദ്ധിക്കപ്പെടാന്‍ വേണ്ടിയാണ് അവരങ്ങനെ ചെയ്തത്. ഇന്നത്തെ പത്രത്തിലെല്ലാം അവരുടെ പടമില്ലേ. അതില്‍ കൂടുതല്‍ അവര്‍ക്കെന്താ വേണ്ടത്?', അദ്ദേഹം പറഞ്ഞു.
ഇന്നുതന്നെ മറ്റൊരു മാധ്യമത്തിന് നല്‍കിയ പ്രതികരണത്തില്‍ പുഷ്പവതിക്കെതിരെ മോശമായ ഭാഷയിലാണ് അടൂര്‍ പ്രതികരിച്ചത്. വഴിയെ പോകുന്ന എല്ലാ സ്ത്രീകള്‍ക്കും കയറി വര്‍ത്തമാനം പറയാനുള്ള സ്ഥലമാണോ കോണ്‍ക്ലേവെന്നും ഇത് ചന്തയൊന്നുമല്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. എന്തവകാശമാണതെന്നും ആരാണവര്‍ക്ക് മൈക്ക് കൊടുത്തതെന്നും അദ്ദേഹം ചോദിച്ചിരുന്നു.
Content Highlights: Pushpavathy Poypadathu about Adoor Gopalakrishnan defamation