പ്രതികാര നടപടികൾ സ്വീകരിക്കാനുള്ള ആരോഗ്യവകുപ്പിന്റെ നീക്കത്തെ ശക്തമായി ചെറുക്കും; ഡോ.ഹാരിസിന് ഐഎംഎയുടെ പിന്തുണ

പ്രതികാര നടപടികള്‍ ആരോഗ്യ പ്രവര്‍ത്തകരുടെ ആത്മവീര്യത്തെ തകര്‍ക്കുമെന്നും ഐഎംഎ

dot image

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഉപകരണക്ഷാമമുണ്ടെന്ന വെളിപ്പെടുത്തലിന് പിന്നാലെ ഡോ. ഹാരിസ് ചിറക്കലിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുകയും തുടര്‍നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുകയും ചെയ്യുന്ന സാഹചര്യത്തില്‍ പിന്തുണയുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ). പ്രതികാര നടപടികള്‍ സ്വീകരിക്കാനുള്ള ആരോഗ്യവകുപ്പിന്റെ നീക്കത്തെ ശക്തമായി ചെറുക്കുമെന്ന് ഐഎംഎ അറിയിച്ചു.

പ്രതികാര നടപടികള്‍ ആരോഗ്യ പ്രവര്‍ത്തകരുടെ ആത്മവീര്യത്തെ തകര്‍ക്കുമെന്നും ഐഎംഎ വ്യക്തമാക്കി. ഹാരിസിനെതിരെയുള്ള നീക്കങ്ങള്‍ പാവപ്പെട്ട രോഗികളോടുള്ള യുദ്ധപ്രഖ്യാപനമാണ്. ഡോക്ടര്‍ ഹാരിസ് സദുദ്ദേശത്തോടെയാണ് വെളിപ്പെടുത്തലുകള്‍ നടത്തിയത്. ആരോഗ്യവകുപ്പിന്റെ സിസ്റ്റം തകരാറില്‍ ആണെന്ന് മന്ത്രി തന്നെ സമ്മതിച്ചിട്ടുള്ളതാണ്. സ്വന്തം വകുപ്പിലെ തകരാറുകള്‍ പരിഹരിക്കാന്‍ നടപടികള്‍ സ്വീകരിച്ചില്ല. ബ്യൂറോക്രാറ്റിക് ധാര്‍ഷ്ട്യങ്ങള്‍ക്കെതിരെ ജനങ്ങള്‍ അണിനിരക്കണം. മെഡിക്കല്‍ കോളേജിലെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കണമെന്നും ഐഎംഎ ആവശ്യപ്പെട്ടു.

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ദുരവസ്ഥ വെളിപ്പെടുത്തിയതിന്റെ പേരില്‍ വിദഗ്ധ സമിതിയുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസമായിരുന്നു ഡോ. ഹാരിസ് ചിറക്കലിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ ഹാരിസ് ചിറക്കല്‍ ശ്രമിച്ചതായി കാരണം കാണിക്കല്‍ നോട്ടീസില്‍ സൂചിപ്പിച്ചിരുന്നു. പ്രോബ് ഇല്ലെന്ന് പറഞ്ഞ് ശസ്ത്രക്രിയകള്‍ മുടക്കിയെന്നും എന്നാല്‍ ശസ്ത്രക്രിയ മുടക്കിയ ദിവസം പ്രോബ് ഉണ്ടായിരുന്നുവെന്നും കാരണം കാണിക്കല്‍ നോട്ടീസില്‍ ചൂണ്ടിക്കാട്ടിയിരുന്നു. പിന്നാലെ പ്രതികരണവുമായി ഹാരിസ് ചിറക്കല്‍ രംഗത്തെത്തിയിരുന്നു. ശസ്ത്രക്രിയ മുടക്കി എന്നുള്ള ആരോപണം കള്ളമാണെന്നും തനിക്കെതിരെ പ്രതികാര നടപടിയെടുക്കുകയാണെന്നുമായിരുന്നു ഹാരിസ് ചിറക്കല്‍ പറഞ്ഞത്.

ഇതിന് പന്നാലെ മെഡിക്കല്‍ കോളേജിലെ യൂറോളജി വിഭാഗത്തില്‍ എംപി ഫണ്ട് ഉപയോഗിച്ച് വാങ്ങിയ ഉപകരണത്തിന്റെ ഒരുഭാഗം കാണുന്നില്ലെന്ന് അന്വേഷണ സമിതി കണ്ടെത്തിയെന്ന് വ്യക്തമാക്കി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് രംഗത്തെത്തിയിരുന്നു. ഇക്കാര്യം മുന്‍പ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ലെന്നും കളവ് പോയെന്നാണ് സംശയമെന്നും മന്ത്രി പറഞ്ഞിരുന്നു. വകുപ്പുതല അന്വേഷണത്തിന് ശേഷം ആവശ്യമെങ്കില്‍ പൊലീസില്‍ പരാതി നല്‍കുന്ന കാര്യം പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു. മന്ത്രിയുടെ വെളിപ്പെടുത്തലിന് പിന്നാലെ അന്വേഷണവുമായി സഹകരിക്കുമെന്ന് വ്യക്തമാക്കി ഹാരിസ് ചിറക്കല്‍ രംഗത്തെത്തി. തുടര്‍ന്ന് വകുപ്പുതല അന്വേഷണവും ആരംഭിച്ചിരുന്നു.

Content Highlights- Inidan medical association supports to dr haris chirakkal

dot image
To advertise here,contact us
dot image