
തിരുവനന്തപുരം: സിനിമാ കോണ്‍ക്ലേവില്‍ സംവിധായകൻ അടൂര്‍ ഗോപാലകൃഷ്ണന്‍ നടത്തിയ അധിക്ഷേപ പരാമര്‍ശത്തില്‍ മറുപടിയുമായി സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. കൂടുതല്‍ സിനിമകള്‍ക്ക് കൂടുതല്‍ പണം നല്‍കണമെന്നും അതൊരു തെറ്റായി താന്‍ കാണുന്നില്ലെന്നും സജി ചെറിയാന്‍ പറഞ്ഞു. കൂടുതല്‍ പണം നല്‍കുമ്പോള്‍ ലാഭം ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. സിനിമയുടെ പ്രതിഫലത്തെക്കുറിച്ചും റിവ്യൂവിനെ കുറിച്ചും സജി ചെറിയാന്‍ പ്രതികരിച്ചു.
'സിനിമയുടെ 80 ശതമാനത്തിലധികവും തുക ചെലവാക്കുന്നത് താരങ്ങള്‍ക്ക് വേണ്ടിയാണ്. അതില്‍ എത്ര കുറക്കണം എന്നത് അവര് തന്നെ തീരുമാനിക്കണം. സുരേഷ് കുമാറും മോഹന്‍ലാലും ഒക്കെ അടുത്ത ആള്‍ക്കാര്‍ അല്ലേ അവര്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കട്ടെ. സിനിമാ മേഖല മൊത്തത്തില്‍ കുഴപ്പം എന്ന അഭിപ്രായം ഇല്ല. വര്‍ത്തമാന കാലത്ത് സിനിമ നിര്‍മിക്കുന്നവര്‍ക്ക് നല്ല സിനിമ എടുക്കണം എന്നത് മാത്രം അല്ല ലക്ഷ്യം. പല കച്ചവട ഉദ്ദേശങ്ങളും ഉണ്ട്', സജി ചെറിയാന്‍ പറഞ്ഞു.സര്‍ക്കാരിന്റെ സിനിമാ ധന സഹായം സിനിമാ നയത്തിന്റെ ഭാഗമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
പട്ടിക ജാതി, പട്ടിക വർഗങ്ങൾക്ക് 98 വർഷമായിട്ടും സിനിമയിൽ മുഖ്യധാരയിൽ എത്താൻ കഴിഞ്ഞിട്ടില്ലെന്നും അവർക്ക് സഹായം നൽകുമെന്നും മന്ത്രി പറഞ്ഞു. കേരത്തിലെ തലയെടുപ്പ് ഉള്ള സംവിധായകർ അവരുടെ സിനിമ സ്ക്രീനിംഗ് ചെയ്യും. സ്ത്രീകൾക്കും അതേ പരിഗണന നൽകും. ഒന്നര കോടി എടുത്തവർ തന്നെ വെള്ളം കുടിച്ച് നിൽക്കുകയാണ്. ഈ സാഹചര്യത്തിലാണ് തുക മൂന്നായി വീതിക്കാൻ പറയുന്നതെന്നും മന്ത്രി പറഞ്ഞു.
ശ്രീകുമാരന്‍ തമ്പിയുടെ ഹേമ കമ്മിറ്റി പരാമര്‍ശത്തിലും സജി ചെറിയാന്‍ മറുപടി നല്‍കി. ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് എവിടെ പോയി എന്ന ചോദ്യത്തിന് മറുപടിയാണ് ഈ കോണ്‍ക്ലേവെന്ന് സജി ചെറിയാന്‍ പറഞ്ഞു. ഹേമ കമ്മിറ്റിയില്‍ പരാതി ഉന്നയിച്ചവര്‍ക്ക് പൂര്‍ണ്ണ സംരക്ഷണം കൊടുക്കുന്നതായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
'സിനിമാ മേഖലയിലെ മാറ്റങ്ങള്‍ കൂട്ടായി ചര്‍ച്ച നടത്തും. ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളുടെ തൊഴില്‍ സുരക്ഷിതത്വം. ഗൗരവമായ വിഷയമായി അത് കാണുന്നു. കൃതമായ വേതനം, വിശ്രമം, ഭക്ഷണം, ജോലി സമയം തുടങ്ങിയവയില്‍ ഇടപെടല്‍ ഉണ്ടാകണം. ഭക്ഷണത്തില്‍ തരം തിരിവ് ഉള്ളതായി ഇന്നലത്തെ ചര്‍ച്ചയില്‍ ബോധ്യപ്പെട്ടു. ഈ വിഷയം സിനിമാ നയത്തില്‍ ഉണ്ടാകും', മന്ത്രി പറഞ്ഞു. സിനിമ റിവ്യൂവില്‍ പൊതുവായ പെരുമാറ്റ ചട്ടം കൊണ്ട് വരുമെന്നും സിനിമയിലെ അലിഖിത നിയമം ഒഴിവാക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ തൊഴില്‍ നിയമം എല്ലാവര്‍ക്കും ബാധകമാണെന്നും എല്ലാവര്‍ക്കും സംരക്ഷണമൊരുക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Content Highlights: Minister Saji Cheriyan s reaction over Adoor Gopalakrishnan s controversy