
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഉപകരണ ക്ഷാമമുണ്ടെന്ന വെളിപ്പെടുത്തലില്‍ കാരണം കാണിക്കല്‍ നോട്ടീസ് ലഭിച്ചതായി ഡോ. ഹാരിസ് ചിറക്കല്‍. താന്‍ പറഞ്ഞത് കള്ളമാണെന്നാണ് നോട്ടീസില്‍ പറയുന്നത്. കാരണം കാണിക്കല്‍ നോട്ടീസില്‍ വിശദീകരണം നല്‍കും. ശസ്ത്രക്രിയ മുടക്കി എന്നുള്ള ആരോപണം കള്ളമാണ്. തനിക്കെതിരെ പ്രതികാര നടപടിയെടുക്കുകയാണെന്നും ഡോ. ഹാരിസ് ചിറക്കല്‍ മാധ്യമങ്ങളോട് പറഞ്ഞു.
എല്ലാ ചോദ്യങ്ങള്‍ക്കുമുള്ള മറുപടി വിദഗ്ധ സമിതിക്ക് മുന്നില്‍ നല്‍കിയത്. വിദഗ്ധ സമിതി റിപ്പോര്‍ട്ട് താന്‍ കണ്ടിട്ടില്ല. ഒന്നുകില്‍ റിപ്പോര്‍ട്ട് വ്യാജമാകാം. അല്ലെങ്കില്‍ അത് വിശകലനം ചെയ്തിരിക്കുന്നത് തെറ്റാകാം. ആശുപത്രിയില്‍ ഉപകരണമില്ല എന്നുള്ള കാര്യം അവര്‍ക്ക് അറിയാം. പരിഹരിക്കാന്‍ നടപടിയില്ലെന്നും അവര്‍ക്കറിയാം. സോഷ്യല്‍ മീഡിയയില്‍ എഴുതിയത് ചട്ടലംഘനമാണ്. വേറെ വഴിയില്ലാത്തതിനാലാണ് ഫേസ്ബുക്കില്‍ എഴുതിയത്. പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കുകയാണെന്നും ഹാരിസ് ചിറക്കല്‍ പറഞ്ഞു. എന്ത് നടപടിയുണ്ടായാലും നേരിടും. ഒളിച്ചോടില്ലെന്നും അദ്ദേഹം പറഞ്ഞു. മെഡിക്കല്‍ കോളേജില്‍ ഉപകരണ ക്ഷാമം ഇപ്പോഴും ഉണ്ടെന്നും ഹാരിസ് ചിറക്കല്‍ പറഞ്ഞു. ഇഎസ്എല്‍ഡബ്ല്യു എന്ന ഉപകരണം കഴിഞ്ഞ രണ്ട് വര്‍ഷമായി ആശുപത്രിയില്‍ ഇല്ല. നാലായിരം രോഗികള്‍ക്കായി അത് ഉപയോഗിച്ചിരുന്നു. ഇപ്പോള്‍ അതിന്റെ പിന്നാലെ ഓടുകയാണെന്നും ഹാരിസ് ചിറക്കല്‍ കൂട്ടിച്ചേര്‍ത്തു.
തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മതിയായ ശസ്ത്രക്രിയാ ഉപകരണങ്ങള്‍ ഇല്ലെന്ന് തുറന്നുപറഞ്ഞതിന്റെ പേരില്‍ ഹാരിസ് ചിറക്കലിന് കാരണം കാണിക്കല്‍ നോട്ടീസ് ലഭിച്ചിരുന്നു. ഡിഎംഇയാണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. ഹാരിസ് ചട്ടലംഘനം നടത്തിയതായി നാലംഗ സമിതിയുടെ റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. തുടര്‍നടപടികളുടെ ഭാഗമായാണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. വെളിപ്പെടുത്തലിന് ഇടയാക്കിയ സാഹചര്യം വ്യക്തമാക്കണമെന്ന് കാരണം കാണിക്കല്‍ നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ ഹാരിസ് ചിറക്കല്‍ ശ്രമിച്ചതായി കാരണം കാണിക്കല്‍ നോട്ടീസില്‍ സൂചിപ്പിക്കുന്നുണ്ട്. പ്രോബ് ഇല്ലെന്ന് പറഞ്ഞ് ശസ്ത്രക്രിയകള്‍ മുടക്കിയെന്നും എന്നാല്‍ ശസ്ത്രക്രിയ മുടക്കിയ ദിവസം പ്രോബ് ഉണ്ടായിരുന്നുവെന്നും നോട്ടീസില്‍ പറയുന്നു.
ഇക്കഴിഞ്ഞ ജൂണ്‍ 28നായിരുന്നു തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഉപകരണക്ഷാമം വെളിപ്പെടുത്തി ഡോ. ഹാരിസ് ചിറക്കല്‍ രംഗത്തെത്തിയത്. ഫേസ്ബുക്കിലൂടെയായിരുന്നു വെളിപ്പെടുത്തല്‍. ആശുപത്രിയില്‍ ഉപകരണങ്ങള്‍ ഇല്ലെന്നും അവ വാങ്ങിനല്‍കാന്‍ ഉദ്യോഗസ്ഥരും മറ്റുള്ളവരുടെയും ഭാഗത്തുനിന്നും നടപടിയുണ്ടാകുന്നില്ലെന്നുമായിരുന്നു ഹാരിസ് ചിറക്കലിന്റെ വെളിപ്പെടുത്തല്‍ ഗുരുതര പ്രശ്‌നങ്ങളുമായി വരുന്ന രോഗികളുടെ ഓപ്പറേഷന്‍ അടക്കം മാറ്റിവെയ്‌ക്കേണ്ടിവരികയാണെന്നും മികച്ച ചികിത്സ നല്‍കാന്‍ ഡോക്ടര്‍മാര്‍ തയ്യാറായിട്ട് പോലും അനങ്ങാപ്പാറ പോലെ ബ്യൂറോക്രസിയുടെ മതില്‍ മുന്‍പില്‍ നില്‍ക്കുകയാണ്. പലരോടും അപേക്ഷിച്ചിട്ടും യാതൊരു പരിഹാരവുമില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിന് പിന്നാലെ ഹാരിസ് ചിറക്കല്‍ ഫേസ്ബുക്ക് പോസ്റ്റ് വലിച്ചു. എന്നാല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഉപകരണ ക്ഷാമമുണ്ടെന്ന നിലപാടില്‍ അദ്ദേഹം ഉറച്ചുനിന്നു. ഇതിന് പിന്നാലെ ഡോ. ഹാരിസ് ചിറക്കലിനെ തള്ളി ഡിഎംഇ രംഗത്തെത്തി. സംവിധാനത്തെയാകെ നാണംകെടുത്താനുള്ള പോസ്‌റ്റെന്നായിരുന്നു ഡിഎംഇ പറഞ്ഞത്.
ഡോ. ഹാരിസ് ചിറക്കലിന്റെ വെളിപ്പെടുത്തല്‍ സര്‍ക്കാരിന് വലിയ തിരിച്ചടി നല്‍കുന്നതായിരുന്നു. ആദ്യം ഹാരിസ് ചിറക്കലിന് അനുകൂല നിലപാട് സ്വീകരിച്ച ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് പിന്നീട് നിലപാട് മാറ്റി. ഡോ. ഹാരിസ് ചിറക്കലിനെ പിന്തുണച്ച് പ്രതിപക്ഷം രംഗത്തുവന്നപ്പോള്‍ മെഡിക്കല്‍ കോളേജില്‍ അങ്ങനെയൊരു പ്രതിസന്ധിയില്ലെന്നായിരുന്നു സര്‍ക്കാര്‍ വ്യക്തമാക്കിയത്. ഹാരിസ് ചിറക്കലിന്റെ വെളിപ്പെടുത്തലിന് പിന്നാലെ ആശുപത്രിയില്‍ ഉപകരണങ്ങള്‍ എത്തിക്കുകയും മുടങ്ങിയ ശസ്ത്രക്രിയകള്‍ നടക്കുകയും ചെയ്തിരുന്നു. ഡോ. ഹാരിസ് ചിറക്കലിനെതിരെ അച്ചടക്ക നടപടിയുണ്ടാകുമെന്ന് നേരത്തേ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ വിവിധ കോണുകളില്‍ നിന്ന് പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തില്‍ നടപടി വൈകിപ്പിക്കുകയായിരുന്നു.
Content Highlights- Dr Haris Chirackal reaction on show cause notice