
കോഴിക്കോട്: യുവതിയെ സമൂഹമാധ്യമത്തിലൂടെ അപകീര്‍ത്തിപ്പെടുത്തിയ കേസില്‍ കുറ്റസമ്മതം നടത്തി വി എസ് അച്യുതാനന്ദന്റെ മുന്‍ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയും മാധ്യമപ്രവര്‍ത്തകനുമായ കെ എം ഷാജഹാന്‍. തെറ്റുപറ്റിയെന്ന് കെ എം ഷാജഹാന്‍ പറഞ്ഞു. സൈബര്‍ പൊലീസ് ചോദ്യംചെയ്യുന്നതിനിടെയാണ് ഷാജഹാന്‍ കുറ്റസമ്മതം നടത്തിയത്. നാളെ വീണ്ടും ഹാജരാകാന്‍ അന്വേഷണ സംഘം നോട്ടീസ് നല്‍കിയിട്ടുണ്ട്. അപകീര്‍ത്തിപ്പെടുത്താന്‍ ഉപയോഗിച്ച ഇലക്ട്രോണിക് ഉപകരണങ്ങളും ഹാജരാക്കാന്‍ ആവശ്യപ്പെട്ടു. കേരള പ്രവാസി അസോസിയേഷന്‍ എന്ന യുഡിഎഫിന്റെ കക്ഷിയുടെ നേതാവായ യുവതി നല്‍കിയ പരാതിയിലാണ് തിരുവനന്തപുരം സൈബര്‍ പൊലീസ് കെ എം ഷാജഹാനെതിരെ കേസെടുത്തത്.
യുവതിയും പ്രതിപക്ഷ നേതാവ് വി ഡി സതീശനും ഒരുമിച്ച് നില്‍ക്കുന്ന ചിത്രം ഫേസ്ബുക്കിലിട്ട് അശ്ലീലച്ചുവയുളള പരാമര്‍ശം നടത്തിയെന്നായിരുന്നു കെ എം ഷാജഹാനെതിരായ പരാതി. യുവതി പരാതി നല്‍കുകയും തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറുടെ നിര്‍ദേശപ്രകാരം സൈബര്‍ പൊലീസ് കേസെടുക്കുകയും ചെയ്തു. അന്വേഷണം കടുപ്പിച്ച സാഹചര്യത്തിലാണ് അബദ്ധത്തില്‍ സംഭവിച്ചതാണെന്ന മൊഴി കെ എം ഷാജഹാന്‍ നല്‍കിയത്.
കേരള പ്രവാസി അസോസിയേഷന്‍ യുഡിഎഫില്‍ ഘടകകക്ഷിയായതിന് ശേഷമാണ് സംഘടനയിൽ പ്രവർത്തിക്കുന്ന തനിക്കെതിരെ കെ എം ഷാജഹാന്‍ അപകീര്‍ത്തികരമായ പരാമര്‍ശങ്ങളുമായി രംഗത്തെത്തിയതെന്ന് പരാതിക്കാരി നേരത്തെ പറഞ്ഞിരുന്നു. പൊലീസ് അന്വേഷണം ശരിയായ നിലയ്ക്ക് നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പൊതുരംഗത്തേക്ക് സ്ത്രീകള്‍ കടന്നുവരുന്നത് കഴിവുകൊണ്ടു മാത്രമല്ലെന്നാണ് ഷാജഹാന്റെ തോന്നലുകള്‍. പരാതിയുമായി മുന്നോട്ട് പോകുമെന്നും പരാതിക്കാരിയായ യുവതി പറഞ്ഞു.
Content Highlights: KM Shajahan apologise on defamatiotory remarks against kerala pravasi association leader