
യാത്രക്കാരുടെ എണ്ണത്തില്‍ ഇടിവ് രേഖപ്പെടുത്തിയ ഗള്‍ഫ് മേഖലയിലെ ഏക എയര്‍പോർട്ടായി കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളം. വിവിധ വിമാന കമ്പനികള്‍ രാജ്യത്ത് നിന്ന് പിന്മാറിയതാണ് തിരിച്ചടിക്ക് കാരണമെന്നാണ് വിലയിരുത്തല്‍. ഗള്‍ഫ് മേഖലയിലെ പ്രധാന വിമാനത്താവളങ്ങളിൽ യാത്രക്കാരുടെ എണ്ണത്തില്‍ പുരോഗതി രേഖപ്പെടുത്തുമ്പോഴാണ് കുവൈത്ത് വിമാനത്താവളത്തിൽ യാത്രക്കാരുടെ എണ്ണത്തിൽ കുറവുണ്ടാകുന്നത്.
2025ന്റെ ആദ്യ പകുതിയിലെ റിപ്പോര്‍ട്ടുകള്‍ പ്രകാരം, യാത്രക്കാരുടെ എണ്ണം കുറഞ്ഞ ഏക ഗള്‍ഫ് വിമാനത്താവളമാണ് കുവൈത്തിലേത്. മറ്റ് രാജ്യങ്ങളിലെ വിമാനത്താവളങ്ങള്‍ 2% മുതല്‍ 13% വരെ വളര്‍ച്ച കൈവരിച്ചപ്പോഴാണ് കുവൈത്ത് വിമാനത്താവളത്തിനത്തിന് തിരിച്ചടി നേരിട്ടിരിക്കുന്നത്.
മുമ്പ് ഗള്‍ഫ് മേഖലയിലെ പ്രധാന എയര്‍പോര്‍ട്ട് ആയിരുന്നു കുവൈത്ത് വിമാനത്താവളം. യാത്രക്കാരുടെ കുറവിന് വിവിധ ഘടകങ്ങള്‍ ബാധകമാണെന്ന് അധികൃതര്‍ വ്യക്തമാക്കി. കഴിഞ്ഞ കുറേ മാസങ്ങളായി ചില യൂറോപ്യന്‍ വിമാനക്കമ്പനികള്‍ കുവൈത്തില്‍ നിന്നുള്ള സര്‍വീസുകള്‍ സാമ്പത്തികമായി ലാഭകരമല്ലെന്ന കാരണം ചൂണ്ടിക്കാട്ടി നിര്‍ത്തിവച്ചിരുന്നു.
അതിനിടെ ഈ വിമാനക്കമ്പനികള്‍ മറ്റു ഗള്‍ഫ് രാജ്യങ്ങളിലേക്ക് സര്‍വീസ് തുടരുകയും ചെയ്യുന്നുണ്ട്. ബ്രിട്ടീഷ് എയര്‍വേയ്സ്, ലുഫ്താന്‍സ, കെഎല്‍എം എന്നീ എയര്‍ലൈന്‍സുകള്‍ കുവൈത്തില്‍ നിന്ന് പിന്മാറിയതാണ് തിരിച്ചടിക്ക് കാരണമെന്നും വിലയിരുത്തപ്പെടുന്നു.
Content Highlights: Kuwait Airport Hits New Low, Worst Performance in the Gulf