'എസ്‌സി-എസ്ടി വിഭാഗത്തിന്റെ ഉന്നമനത്തിന് തുരങ്കംവെയ്ക്കുന്ന നിലപാട്; അടൂരിന് കൈയടി കിട്ടിയത് അത്ഭുതപ്പെടുത്തി'

സദസ്സില്‍ നിന്ന് ആരും പ്രതികരിക്കുന്നില്ലല്ലോ എന്നതാണ് ആലോചിച്ചതെന്നും പുഷ്പവതി

dot image

തിരുവനന്തപുരം: ദളിത് വിഭാഗങ്ങള്‍ക്കും സ്ത്രീകള്‍ക്കുമെതിരായ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്റെ പരാമര്‍ശത്തിന് മറുപടിയുമായി സംഗീത, നാടക അക്കാദമി അംഗവും ഗായികയുമായ പുഷ്പവതി പൊയ്പ്പാടത്ത്. പട്ടിക ജാതി-പട്ടിക വര്‍ഗ വിഭാഗത്തിന്റെ ഉന്നമനത്തിന് തുരങ്കംവെയ്ക്കുന്ന നിലപാടാണ് അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞതെന്ന് പുഷ്പവതി പറഞ്ഞത്. അതിന് തക്കതായ മറുപടി നല്‍കാന്‍ സാധിക്കുമെന്നും പുഷ്പവതി പറഞ്ഞു.

അടൂരിന്റെ പരാമര്‍ശത്തിന് നിറഞ്ഞ കൈയടിയാണ് ലഭിച്ചതെന്നും അത് തന്നെ അത്ഭുതപ്പെടുത്തിയെന്നും പുഷ്പവതി പറഞ്ഞു. സദസ്സില്‍ നിന്ന് ആരും പ്രതികരിക്കുന്നില്ലല്ലോ എന്നതാണ് ആലോചിച്ചതെന്നും പുഷ്പവതി പറഞ്ഞു. ദളിത് വിഭാഗത്തിന്റെ പ്രശ്‌നങ്ങള്‍ കോണ്‍ക്ലേവില്‍ ചര്‍ച്ചയായി. എസ്‌സി-എസ്ടി വിഭാഗം നൂറ്റാണ്ടുകളായി അടിച്ചമര്‍ത്തപ്പെട്ട വിഭാഗമാണ്. അടൂരിനോടുള്ള ബഹുമാനം നിലനിര്‍ത്തിയാണ് അഭിപ്രായം പറഞ്ഞതെന്നും പുഷ്പവതി പൊയ്പ്പാടത്ത് പറഞ്ഞു. നേരത്തേ സിനിമാ കോണ്‍ക്ലേവില്‍ അടൂര്‍ ഗോപാലകൃഷ്ണന്റെ നിലപാട് ചോദ്യം ചെയ്ത് പുഷ്പവതി രംഗത്തെത്തിയിരുന്നു.

സിനിമാ കോണ്‍ക്ലേവിന്റെ അവസാന ദിവസമായ ഇന്നായിരുന്നു അടൂര്‍ ഗോപാലകൃഷ്ണന്റെ വിവാദ പരാമര്‍ശം. സര്‍ക്കാര്‍ ഫണ്ടില്‍ സിനിമ എഠുക്കുന്നതിന് മുന്നോടിയായി ദളിത് വിഭാഗത്തിനും സ്ത്രീകള്‍ക്കും പരിശീലനം നല്‍കണമെന്നായിരുന്നു അടൂര്‍ ഗോപാലകൃഷ്ണന്റെ പരാമര്‍ശം. സര്‍ക്കാര്‍ പട്ടികജാതി പട്ടികവര്‍ഗത്തിന് നല്‍കുന്ന പണം ഒന്നരക്കോടിയാണ്. അഴിമതിക്കുള്ള വഴിയുണ്ടാക്കുകയാണെന്ന് താന്‍ മുഖ്യമന്ത്രിയോട് പറഞ്ഞിരുന്നു. ഉദ്ദേശ്യം വളരെ നല്ലതാണ്. എന്നാല്‍ ഈ തുക മൂന്ന് പേര്‍ക്കായി നല്‍കണം. മൂന്ന് മാസത്തെ പരിശീലനം നല്‍കണം. അവര്‍ക്ക് മൂന്ന് മാസം വിദഗ്ധരുടെ പരിശീലനം നല്‍കണമെന്നും അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞിരുന്നു. പണം ലഭിച്ചവര്‍ക്ക് പരാതിയാണെന്നും അവരെ പറഞ്ഞ് മനസിലാക്കണമെന്നും അടൂര്‍ കുറ്റപ്പെടുത്തിയിരുന്നു. ജനങ്ങളില്‍ നിന്ന് കരം പിടിച്ച പണമാണെന്ന് പറഞ്ഞ് മനസിലാക്കണം. നിര്‍ബന്ധമായും പരിശീലനം വേണം. വാണിജ്യ സിനിമ എടുക്കാനുള്ള കാശല്ലയിത്. സ്ത്രീയായത് കൊണ്ട് മാത്രം പണം കൊടുക്കരുത്, അവര്‍ക്കും പരിശീലനം നല്‍കണം. എല്ലാ പ്രയാസങ്ങളും അറിഞ്ഞ് വേണം പണമെടുക്കാനെന്നും അദ്ദേഹം പറഞ്ഞു. വ്യക്തമായ പരിശീലനം ഇല്ലാതെ സിനിമ എടുത്താല്‍ ആ പണം നഷ്ടം ആകുമെന്ന് അടൂര്‍ പറഞ്ഞിരുന്നു.

അടൂരിന് മറുപടിയുമായി മന്ത്രി സജി ചെറിയാനും രംഗത്തെത്തിയിരുന്നു. കൂടുതല്‍ സിനിമകള്‍ക്ക് കൂടുതല്‍ പണം നല്‍കണമെന്നും അതൊരു തെറ്റായി താന്‍ കാണുന്നില്ലെന്നും സജി ചെറിയാന്‍ പറഞ്ഞു. കൂടുതല്‍ പണം നല്‍കുമ്പോള്‍ ലാഭം ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. സിനിമയുടെ പ്രതിഫലത്തെക്കുറിച്ചും റിവ്യൂവിനെ കുറിച്ചും സജി ചെറിയാന്‍ പ്രതികരിച്ചു. പട്ടിക ജാതി, പട്ടിക വര്‍ഗങ്ങള്‍ക്ക് 98 വര്‍ഷമായിട്ടും സിനിമയില്‍ മുഖ്യധാരയില്‍ എത്താന്‍ കഴിഞ്ഞിട്ടില്ല. അവര്‍ക്ക് സഹായം നല്‍കും. കേരത്തിലെ തലയെടുപ്പ് ഉള്ള സംവിധായകര്‍ അവരുടെ സിനിമ സ്‌ക്രീനിംഗ് ചെയ്യും. സ്ത്രീകള്‍ക്കും അതേ പരിഗണന നല്‍കും. ഒന്നര കോടി എടുത്തവര്‍ തന്നെ വെള്ളം കുടിച്ച് നില്‍ക്കുകയാണ്. ഈ സാഹചര്യത്തിലാണ് തുക മൂന്നായി വീതിക്കാന്‍ പറയുന്നതെന്നും മന്ത്രി പറഞ്ഞിരുന്നു.

Content Highlights- Singer pushpavati poippadath against adoor gopalakrishnan on his statement against sc, st and women

dot image
To advertise here,contact us
dot image