
മലയാള സിനിമയിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യാനായി കേരള സർക്കാർ സംഘടിപ്പിച്ച സിനിമാ കോൺക്ലേവിൽ പ്രതീക്ഷ ഉണ്ടെന്ന് റിപ്പോര്‍ട്ടര്‍ ടിവിയോട് നടി നിഖില വിമൽ. താൻ വർക്ക് ചെയ്ത മറ്റൊരു ഇൻഡസ്ട്രിയിലും ഇതുപോലെ കോൺക്ലേവ് നടത്തിയോ ചർച്ചകൾ ചെയ്തോ പ്രശ്നങ്ങൾ കേട്ടതായും പറഞ്ഞതായും അറിവില്ലെന്നും അതുവെച്ച് നോക്കുമ്പോൾ ഇവിടെ ചെയ്യുന്നത് വലിയ കാര്യമാണെന്നും നിഖില വിമൽ കൂട്ടിച്ചേർത്തു. കോൺക്ലേവിലെ ചർച്ചകളിൽ വ്യത്യസ്തമായ അഭിപ്രായങ്ങൾ ഉയരുന്നുണ്ടെന്നും കേരളത്തിലെ സിനിമാനയം ജനാധിപത്യപരമാകുമെന്ന് പ്രതീക്ഷയുള്ളതായും നിഖില റിപ്പോർട്ടർ ടി വിയോട് പറഞ്ഞു.
'സിനിമാ നയത്തിലെ കമ്മിറ്റിയിൽ മെമ്പർ കൂടിയാണ് ഞാൻ. മറ്റ് ഇൻഡസ്ട്രിയിൽ നിന്ന് നിർദേശങ്ങൾ വരുന്നുണ്ട്. എല്ലാ അഭിപ്രായങ്ങളും പരിഗണിക്കപ്പെടില്ല, എങ്കിലും ചർച്ചയിലേക്ക് ആശയങ്ങൾ വരുന്നത് നല്ലതായി തോന്നി. കോൺക്ലേവിലെ ചർച്ചകളിൽ വ്യത്യസ്തമായ അഭിപ്രായങ്ങൾ ഉയരുന്നുണ്ട്. സിംഗിൾ വിൻഡോ സിസ്റ്റം ആലോചിക്കുന്നുണ്ട്. ഇതിലൂടെ ലൊക്കേഷനുകളിൽ ചിത്രീകരണം നടത്താനുള്ള ബുദ്ധിമുട്ട്, ചില പണമിടപാടുകൾ ഇവയെല്ലാം പരിഹരിക്കപ്പെടും. ഒരു വെബ് സൈറ്റ് രൂപീകരിക്കാനുള്ള പദ്ധതിയുണ്ട്. മാറ്റമാണ് എല്ലാവർക്കും വേണ്ടത്, അതുണ്ടാകുമെന്നാണ് പ്രതീക്ഷ.
മറ്റ് ഏതെങ്കിലും ഇൻഡസ്ട്രിയിൽ ഇതുപോലെ ചർച്ചകൾ നടത്തിയിട്ട് നമ്മുടെ പ്രശ്നങ്ങൾ പറയാനും കേൾക്കാനുമുള്ള അവസരം ഒരുക്കിയതായി എനിക്ക് അറിവില്ല. അതുവെച്ച് നോക്കുമ്പോൾ നമ്മൾ ഇത് ചെയ്യുന്നു എന്ന് പറയുന്നത് തന്നെ വലിയ കാര്യമാണ്.
കേരളത്തിലെ സിനിമാനയം ജനാധിപത്യപരമാകും. കോൺക്ലേവ് പ്രതീക്ഷ നൽകുന്നതാണ്, നല്ല മാറ്റത്തിനുള്ള തുടക്കമാകും,' നിഖില വിമൽ പറഞ്ഞു.
സ്ത്രീ സുരക്ഷ, ലിംഗ സമത്വം, തൊഴിൽ സുരക്ഷിതത്വം തുടങ്ങിയ വിഷയങ്ങളിൽ വിശദ ചർച്ചകളാണ് കോൺക്ലേവിൽ നടക്കുന്നത്. പ്രതിനിധികളുടെ അഭിപ്രായങ്ങൾ ഉൾപ്പെടുത്തി അന്തിമ നയം തയ്യാറാക്കാനാണ് തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയനാണ് കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്തത്. നിയമസഭാ സമുച്ചയത്തിലെ ആര്‍ ശങ്കരനാരായണന്‍ തമ്പി മെമ്പേഴ്‌സ് ലോഞ്ചിലാണ് കോണ്‍ക്ലേവ് നടന്നത്. മോഹന്‍ലാലും സുഹാസിനിയും ഉദ്ഘാടനത്തിലെ മുഖ്യാതിഥികളായിരുന്നു.
മലയാള ചലച്ചിത്രമേഖലയുടെ ഭൂതം, വര്‍ത്തമാനം, ഭാവി എന്നിവ അപഗ്രഥിച്ചുകൊണ്ട് തയ്യാറാക്കുന്ന ഒരു ചലച്ചിത്ര നയത്തിന് സിനിമയുടെ ആവാസവ്യവസ്ഥയെ പുഷ്ടിപ്പെടുത്താനും വ്യക്തമായ ദിശാബോധം നല്‍കാനും കഴിയുമെന്ന് മോഹന്‍ലാല്‍ കോണ്‍ക്ലേവിനെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു. സിനിമാ മേഖലയുമായി ബന്ധപ്പെട്ട ഒമ്പത് വിഷയങ്ങളിലാണ് ചര്‍ച്ചകള്‍ നടക്കുക. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങളിലൊന്നായിരുന്നു കോണ്‍ക്ലേവ്. കോണ്‍ക്ലേവില്‍ നിന്ന് ലഭിക്കുന്ന നിര്‍ദേശങ്ങളുടെയും മറ്റും അടിസ്ഥാനത്തില്‍ ആറ് മാസത്തിനകം സിനിമാ നയം പ്രഖ്യാപിക്കുകയാണ് ലക്ഷ്യം.
Content Highlights: Nikhila Vimal expects positive changes in the Cinema Conclave