
കൊല്ലം: സിപിഐ കൊല്ലം ജില്ലാ സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനും പാർട്ടി നേതൃത്വത്തിനുമെതിരെ രൂക്ഷ വിമർശനം. പിണറായി വിജയനും സിപിഐഎമ്മിനും മുന്നിൽ മുട്ടിടിച്ച് നിൽക്കുകയാണ് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും പാർട്ടി നേതൃത്വവുമെന്ന് പ്രതിനിധികൾ വിമർശിച്ചു. ഇവിടെ നടക്കുന്നത് പിണറായിയുടെ ഏകാധിപത്യമാണ്. എണ്ണിയാലൊടുങ്ങാത്ത വാഹനങ്ങളുടെ അകമ്പടിയോടെ മുഖ്യമന്ത്രി യാത്ര ചെയ്യുന്നത് ചോദ്യം ചെയ്യാൻ എന്തുകൊണ്ട് കഴിയുന്നില്ലെന്നും ചോദ്യമുയർന്നു.
ആർക്കും മനസിലാകാത്ത ഭാഷയിലാണ് പാർട്ടി സെക്രട്ടറിമാർ സംസാരിക്കുന്നത്. എം വി ഗോവിന്ദനും ബിനോയ് വിശ്വവും പറയുന്നത് ആർക്കും മനസിലാകുന്നില്ലെന്നും ജനങ്ങൾക്ക് മനസിലാകുന്ന രീതിയിൽ സംസാരിക്കാൻ ഇരുവരും ശ്രമിക്കണമെന്നും പ്രതിനിധികൾ ആവശ്യപ്പെട്ടു. ബ്രൂവറി ഉൾപ്പെടെ ഒന്നിലും നിലപാടിൽ ബിനോയ് വിശ്വം ഉറച്ചു നിൽക്കുന്നില്ല. വെളിയം ഭാർഗവൻ, സി കെ ചന്ദ്രപ്പൻ തുടങ്ങിയവർ സെക്രട്ടറിമാരായിരുന്നപ്പോൾ പാർട്ടിക്കുണ്ടായിരുന്ന വ്യക്തിത്വം ഇപ്പോൾ നഷ്‌ടപ്പെട്ടു. പാർട്ടിയുടെ മന്ത്രിമാർ വൻ പരാജയമാണെന്ന് അംഗങ്ങൾ കുറ്റപ്പെടുത്തി. സിവിൽ സപ്ലൈസ്-കൃഷിവകുപ്പുകൾ പരാജയമാണെന്ന് ചർച്ച ചെയ്ത അംഗങ്ങൾ ചൂണ്ടിക്കാട്ടി.
കേന്ദ്രം കേരളത്തോട് കാണിക്കുന്ന അവഗണന തന്നെയാണ് സിപിഐഎം സിപിഐ ഭരിക്കുന്ന വകുപ്പുകളോടും കാണിക്കുന്നത്. വകുപ്പുകൾക്ക് വേണ്ട പണം അനുവദിക്കുന്നില്ലെന്നും സമ്മേളനത്തിൽ വിമർശനമുണ്ടായി. ആരോഗ്യ മേഖലയിലെ പോരായ്മകൾ തുറന്നു പറഞ്ഞ ഡോ. ഹാരിസിനെതിരെ ഉത്തർപ്രദേശിൽ ബിജെപി സർക്കാർ ഡോ. കഫീൽ ഖാനെ കൈകാര്യം ചെയ്തതുപോലെയാണ് നടപടിയുണ്ടായത്. ഇതിൽ ഡോ. ഹാരിസിനെ പിന്തുണയ്ക്കാൻ പാർട്ടിയുടെ ഒരു നേതാവ് പോലും തയാറായില്ല. എഐഎസ്എഫ് ആണ് എസ്എഫ്ഐയുടെ പ്രധാന ശത്രു. എന്നാൽ എഐഎസ്എഫ്, എബിവിപിയെയും കെഎസ്‌യുവിനെയുമാണ് എതിരായി കാണുന്നത്. എഐഎസ്എഫ് പ്രവർത്തകരെ ആക്രമിച്ചാൽ എസ്എഫ്ഐയെ തെരുവിൽ നേരിടുമെന്ന് സിപിഐ ജില്ലാ സെക്രട്ടറി പിഎസ് സുപാൽ പറഞ്ഞു. ആശാ വർക്കർമാർ നടത്തുന്ന സമരത്തിൽ സിപിഐയും എഐടിയുസിയും എന്ത് ചെയ്തുവെന്നും പ്രതിനിധികൾ ചോദിച്ചു.
പ്രകടന പത്രിക വാഗ്ദാനം മാത്രമായി മാറുന്നുവെന്നും പ്രതിനിധികൾ ആരോപിച്ചു. എൽഡിഎഫ് പ്രകടന പത്രിക പി ആർ ഏജൻസി തയ്യാറാക്കിയതാണോയെന്നും പ്രതിനിധികൾ ചോദിച്ചു. മാധ്യമങ്ങളുടെ മുന്നിൽ സംസാരിക്കാൻ മന്ത്രിമാർക്ക് പരിശീലനം നൽകണമെന്ന് മന്ത്രി ജെ ചിഞ്ചുറാണിയെ പരോക്ഷമായി വിമർശിച്ചുകൊണ്ട് പ്രതിനിധികൾ വ്യക്തമാക്കി.
ചില മന്ത്രിമാരുടെ പ്രസ്താവന കൊണ്ട് നാണക്കേടിലാകുന്നത് സർക്കാർ മാത്രമല്ല, പാർട്ടി കൂടിയാണ്. അത് ഓർത്താൽ നന്ന്. സിപിഐ മന്ത്രിമാരുടെ വകുപ്പുകൾക്ക് മാത്രം എന്തുകൊണ്ട് പണം ലഭിക്കുന്നില്ലെന്നും അംഗങ്ങൾ ചോദിച്ചു. റവന്യൂ വകുപ്പ് മാത്രം പരിക്കില്ലാതെ പോകുന്നു. സപ്ലൈകോ കേന്ദ്രങ്ങൾ പൂച്ച പെറ്റു കിടക്കുന്ന ഇടങ്ങളായെന്ന് മന്ത്രി ജി ആർ അനിലിനെ വിമർശിച്ചുകൊണ്ട് പ്രതിനിധികൾ പറഞ്ഞു. മുമ്പ് വകുപ്പ് ഭരിച്ച സിപിഐ മന്ത്രിമാരുടെ പാരമ്പര്യം ഓർക്കണമെന്നും പ്രതിനിധികൾ ഓർമിപ്പിച്ചു.
Content Highlights: Criticism against binoy viswam in CPI kollam district meet