
സെപ്റ്റംബർ 9 മുതൽ 28 വരെയുള്ള ഏഷ്യ കപ്പ് ടൂർണമെന്റിൽ ഇന്ത്യയുടെ സ്റ്റാർ പേസർ ജസ്പ്രീത് ബുംറ കളിക്കില്ല. വർക്ക് ലോഡ് മാനേജ്‌മെന്റ് മൂലം താരം ടൂർണമെന്റിൽ നിന്നും മാറിനിൽക്കുമെന്ന് ബിസിസിഐ വൃത്തങ്ങൾ അറിയിച്ചു. ഇപ്പോൾ പുരോഗമിക്കുന്ന ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ആൻഡേഴ്‌സൺ-ടെണ്ടുൽക്കർ ട്രോഫിയിൽ താരം മൂന്ന് മത്സരങ്ങൾ മാത്രമാണ് കളിച്ചിട്ടുള്ളത്. 119.4 ഓവർ എറിഞ്ഞ് 31 കാരൻ 14 വിക്കറ്റുകൾ വീഴ്ത്തി.
അതേ സമയം യു എ ഇ യിലാണ് ഇത്തവണ ഏഷ്യ കപ്പ് ടൂർണമെന്റ് നടക്കുന്നത്. അടുത്ത വർഷം ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ഐസിസി ടി20 ലോകകപ്പിന് മുന്നോടിയായി ഈ ഏഷ്യാ കപ്പ് ടി20 ഫോർമാറ്റിലായിരിക്കും നടക്കുക.
എട്ട് ടീമുകളാണ് ടൂർണമെന്റിൽ മാറ്റുരയ്ക്കുക. ഐസിസിയുടെ അഞ്ച് പൂർണ അംഗങ്ങളായ ഇന്ത്യ, പാക്കിസ്ഥാൻ, ശ്രീലങ്ക, ബംഗ്ലദേശ്, അഫ്ഗാനിസ്ഥാൻ എന്നിവർക്ക് പുറമെ 2024ലെ ഐസിസി പ്രീമിയർ കപ്പിൽ മികച്ച പ്രകടനം കാഴ്ചവച്ച യുഎഇ, ഒമാൻ, ഹോങ്കോങ് എന്നീ ടീമുകളും ടൂർണമെന്റിൽ പങ്കെടുക്കും.
പരമ്പരാഗത വൈരികളായ ഇന്ത്യയും പാക്കിസ്ഥാനും ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പരസ്പരം പോരാടും. ഗ്രൂപ്പ് എ യിൽ ഇന്ത്യ, പാകിസ്ഥാൻ, യുഎഇ, ഒമാൻ എന്നീ ടീമുകളാണ് ഉള്ളത്. ഗ്രൂപ്പ് ബിയിൽ ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ, ഹോങ്കോങ് എന്നീ ടീമുകളും അണിനിരയ്ക്കും. സെപ്‌തംബർ 14 ന് ഇന്ത്യയും പാക്സിതാനും തമ്മിലുള്ള ഗ്രൂപ്പ് പോരാട്ടം നടക്കും.
Content Highlights: India suffers setback in Asia Cup; Bumrah reportedly withdraws