
കൊച്ചി: ജനാധിപത്യവും മതനിരപേക്ഷതയും വലിയ വെല്ലുവിളികൾ നേരിടുന്ന ഇക്കാലത്ത്, എന്നും അവയെ സംരക്ഷിക്കാനുള്ള യുവത്വം പ്രകടിപ്പിച്ചയാളാണ് എം കെ സാനു. സാനു മാഷ് എന്ന് കേരളം സ്നേഹത്തോടെ വിളിച്ച ആ മഹാമാനുഷി അത്തരത്തിൽ ഒരു സാംസ്‌കാരിക അടയാളത്തിന്റെയും പ്രതിരോധത്തിന്റെയും ആൾരൂപമായിരുന്നു. അനാരോഗ്യം തന്നെ ക്രൂരമായി പരീക്ഷിച്ച പ്രായത്തിലാണ് എം കെ സാനു എമ്പുരാൻ സിനിമ കാണാനെത്തുന്നത്.
ഗുജറാത്ത് കലാപത്തിന്റെ ദൃശ്യാവിഷ്കാരത്തിന്റെ പേരിൽ പൃഥ്വിരാജ് ക്രൂരമായ സൈബർ ആക്രമണവും നേരിടുന്ന സമയം. വർഗീയതയുടെ പേരിൽ കൂട്ടക്കൊല നടന്നതാണ് സിനിമയുടെ പ്രതിപാദ്യമെന്നും സിനിമയിൽ നിന്ന് പല ഭാഗങ്ങളും നീക്കം ചെയ്തത് തെറ്റാണെന്നും അന്ന് സാനു മാഷ് തുറന്ന നിലപാട് സ്വീകരിച്ചു. കാട്ടിലെ വന്യമൃഗങ്ങൾക്ക് ഒപ്പം ജീവിക്കുന്നതാണ് നാട്ടിൽ ജീവിക്കുന്നതിനേക്കാൾ നല്ലതെന്ന തോന്നൽ ഭരണകൂടം ഉണ്ടാക്കുന്നുവെന്നും അദ്ദേഹം തുറന്നടിച്ചിരുന്നു.
കേരളം ഏറെ ചർച്ച ചെയ്ത ആശാ സമരത്തിലും എം കെ സാനു എടുത്ത നിലപാട് വലിയ ചർച്ചയായിരുന്നു. വിഷുദിനത്തില്‍ ഒരു നിലവിളി താന്‍ കേള്‍ക്കുന്നുവെന്നും അത് ആശാവര്‍ക്കര്‍മാരുടെ സമരത്തില്‍ നിന്ന് ഉയരുന്നതാണെന്നുമാണ് എം കെ സാനു പറഞ്ഞത്. ആശ വര്‍ക്കര്‍മാരുടെ ആവശ്യം പൂര്‍ണമായി സര്‍ക്കാര്‍ അംഗീകരിക്കണമെന്നും സംസ്ഥാന- കേന്ദ്ര സര്‍ക്കാരുകള്‍ അതില്‍ അത്യുത്സാഹം കാണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. പ്രായവും അവശതയും ശരീരത്തിന് മാത്രമാണെന്നും അത് നിലപാടുകളേയും ഇടപെടലുകളേയും ബാധിക്കില്ലെന്നും അവസാന നാളുകളിലും അദ്ദേഹം തെളിയിച്ചുകൊണ്ടിരുന്നു.
ഇന്ന് വൈകിട്ട് 5.45ഓടെയാണ് എം കെ സാനുവിന്റെ അന്ത്യം. വീണ് പരിക്കേറ്റതിനെ തുടർന്ന് ഒരാഴ്ചയിലേറെയായി ചികിത്സയിലായിരുന്നു. കൊച്ചിയിലെ അമൃത ആശുപത്രിയിൽ ആയിരുന്നു അന്ത്യം.
1928 ഒക്ടോബര്‍ 27ന് ആലപ്പുഴയിലെ തുമ്പോളിയിലായിരുന്നു എം കെ സാനുവിന്റെ ജനനം. അതീവ സമ്പന്ന കൂട്ടുകുടുംബത്തില്‍ ജനിച്ച എം കെ സാനു, അകാലത്തില്‍ അച്ഛന്‍ മരിച്ചതോടെ ദാരിദ്ര്യത്തിന്റെയും നിസ്സഹായതയുടെയും നിഴലിലായി. അവിടെ നിന്നാണ് അദ്ദേഹം സാഹിത്യ ലോകത്തും സാംസ്‌കാരിക മണ്ഡലത്തിലും നിറഞ്ഞത്. നാല് വര്‍ഷത്തോളം സ്‌കൂള്‍ അധ്യാപനായി സേവനം അനുഷ്ഠിച്ചു. പിന്നീട് വിവിധ ഗവണ്‍മെന്റ് കോളേജുകളില്‍ അധ്യാപക വൃത്തിയിലേര്‍പ്പെട്ടു. 1958ല്‍ അഞ്ചു ശാസ്ത്ര നായകന്മാര്‍ എന്ന ആദ്യഗ്രന്ഥം പ്രസിദ്ധീകരിച്ചു. 1960ല്‍ വിമര്‍ശനഗ്രന്ഥമായ കാറ്റും വെളിച്ചവും പുറത്തിറങ്ങി.
1983ല്‍ അധ്യാപനത്തില്‍ നിന്ന് വിരമിച്ചു. 1986ല്‍ പുരോഗമന സാഹിത്യസംഘം പ്രസിഡന്റായി. കോണ്‍ഗ്രസ് നേതാവ് എ എല്‍ ജേക്കബിനെ പരാജയപ്പെടുത്തി 1987ല്‍ എറണാകുളം നിയമസഭാ മണ്ഡലത്തില്‍ നിന്ന് ഇടതുപക്ഷ സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി മത്സരിച്ച് വിജയിച്ചു.
Content Highlights: Remembering MK Sanus life and stances