ഏറ്റവും കാമ്പുള്ള പ്രസംഗങ്ങളുടെ ഉടമ; മതനിരപേക്ഷ രാഷ്ട്രീയം എക്കാലത്തും ഉയർത്തിപ്പിടിച്ച വ്യക്തി: പി രാജീവ്

വിദ്യാര്‍ത്ഥിയായിരുന്ന കാലം മുതല്‍ തന്നെ സാനു മാഷുമായി തനിക്ക് അടുപ്പമുണ്ടായിരുന്നു

dot image

കൊച്ചി: എഴുത്തുകാരനും ചിന്തകനുമായ പ്രൊഫ. എം കെ സാനുവിൻ്റെ വിയോഗത്തിൽ അനുശോചിച്ച് മന്ത്രി പി രാജീവ്. വിദ്യാര്‍ത്ഥിയായിരുന്ന കാലം മുതല്‍ തന്നെ സാനു മാഷുമായി തനിക്ക് അടുപ്പമുണ്ടായിരുന്നുവെന്നും അവാസാന നാളുകളിൽ ആശുപത്രിയിൽ പോയി കണ്ടിരുന്നുവെന്നും പി രാജീവ് പറഞ്ഞു.

സാനു മാഷിൻ്റെ വിയോഗം ഏറെ ദുഃഖകരമാണെന്നും പി രാജീവ് പറഞ്ഞു. ഈ അടുത്ത് അദ്ദേഹം വീണിരുന്നു. ആ വീഴ്ചയും പിന്നാലെയുണ്ടായ അണുബാധയും മരണ കാരണമായി. പുരോഗമന, മതനിരപേക്ഷ രാഷ്ട്രീയം എക്കാലത്തും ഉയര്‍ത്തിപ്പിടിച്ചിരുന്ന ആളായിരുന്നു സാനു മാഷ്. അദ്ദേഹം പ്രസംഗിക്കാത്തയിടങ്ങള്‍ വിരളമാണ്. ഏറ്റവും കാമ്പുള്ള പ്രസംഗങ്ങൾക്ക് ഉടമയായിരുന്നു അദ്ദേഹം. നിലപാടുകളില്‍ എന്നും അദ്ദേഹം ഉറച്ച് നിന്നു. മാഷുമായുള്ള നടത്തങ്ങളും സായാഹ്നങ്ങളും മറക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇന്ന് വൈകിട്ട് 5.48 ഓടെയായിരുന്നു എം കെ സാനുവിൻ്റെ മരണം. 99 വയസായിരുന്നു. വീണ് പരിക്കേറ്റതിനെ തുടർന്ന് ഒരാഴ്ചയിലേറെയായി ചികിത്സയിലായിരുന്നു. കൊച്ചിയിലെ അമൃത ആശുപത്രിയിൽ ആയിരുന്നു അന്ത്യം.

1928 ഒക്ടോബര്‍ 27ന് ആലപ്പുഴയിലെ തുമ്പോളിയിലായിരുന്നു എം കെ സാനുവിന്റെ ജനനം. അതീവ സമ്പന്ന കൂട്ടുകുടുംബത്തില്‍ ജനിച്ച എം കെ സാനു, അകാലത്തില്‍ അച്ഛന്‍ മരിച്ചതോടെ ദാരിദ്ര്യത്തിന്റെയും നിസ്സഹായതയുടെയും നിഴലിലായി. അവിടെ നിന്നാണ് അദ്ദേഹം സാഹിത്യ ലോകത്തും സാംസ്‌കാരിക മണ്ഡലത്തിലും നിറഞ്ഞത്. നാല് വര്‍ഷത്തോളം സ്‌കൂള്‍ അധ്യാപനായി സേവനം അനുഷ്ഠിച്ചു. പിന്നീട് വിവിധ ഗവണ്‍മെന്റ് കോളേജുകളില്‍ അധ്യാപക വൃത്തിയിലേര്‍പ്പെട്ടു. 1958ല്‍ അഞ്ചു ശാസ്ത്ര നായകന്മാര്‍ എന്ന ആദ്യഗ്രന്ഥം പ്രസിദ്ധീകരിച്ചു. 1960ല്‍ വിമര്‍ശനഗ്രന്ഥമായ കാറ്റും വെളിച്ചവും പുറത്തിറങ്ങി.

1983ല്‍ അധ്യാപനത്തില്‍ നിന്ന് വിരമിച്ചു. 1986ല്‍ പുരോഗമന സാഹിത്യസംഘം പ്രസിഡന്റായി. കോണ്‍ഗ്രസ് നേതാവ് എ എല്‍ ജേക്കബിനെ പരാജയപ്പെടുത്തി 1987ല്‍ എറണാകുളം നിയമസഭാ മണ്ഡലത്തില്‍ നിന്ന് ഇടതുപക്ഷ സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി മത്സരിച്ച് വിജയിച്ചു.

Content Highlights- 'The owner of the most heartfelt speeches, he always upheld secular politics'; P Rajeev

dot image
To advertise here,contact us
dot image