
ഇക്കഴിഞ്ഞ പ്രണയദിനത്തില്‍ റിപ്പോര്‍ട്ടര്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ കലാഭവന്‍ നവാസും ഭാര്യ രഹ്ന നവാസും അവരുടെ പ്രണയത്തെ കുറിച്ചും ജീവിതത്തെ കുറിച്ചുമുള്ള ഓര്‍മകള്‍ പങ്കുവച്ചിരുന്നു. പ്രണയത്തെ കുറിച്ച് രണ്ട് വാക്കുകള്‍ സംസാരിക്കാന്‍ പറഞ്ഞപ്പോള്‍, തങ്ങളെ തന്നെ മാതൃകയായി കാട്ടി, ദേ ഇതാണ് പ്രണയം, നിങ്ങള്‍ കണ്ടില്ലേ… ധൈര്യമായി പ്രണയിച്ചോളു പക്ഷേ പ്രണയത്തിലൊരു സത്യമുണ്ടാവണം, അതൊരു തമാശയാവരുതെന്നാണ് അദ്ദേഹം ചിരിച്ചു കൊണ്ട് ഭാര്യയെ ചേര്‍ത്തു നിര്‍ത്തി പറഞ്ഞത്. പ്രണയിച്ച് വിവാഹം കഴിച്ചാലും ഇല്ലെങ്കിലും വിവാഹത്തിന് ശേഷം പ്രണയിക്കണം. നമുക്ക് സന്തോഷിക്കാനും സ്വപ്‌നം കാണാനും ദൈവം തന്നിരിക്കുന്ന അനുഗ്രഹമാണ് പ്രണയം. അതിനായി ഒരു ഇണയെ തരുന്നു. അടിസ്ഥാപരമായി എങ്ങനെ വിവാഹം കഴിച്ചാലും പ്രണയമില്ലാതെ ജീവിതമില്ലെന്നും അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞിരുന്നു.
ഒരു പ്രോഗ്രാമിനാണ് ആദ്യമായി രഹ്നയും നവാസും കണ്ടുമുട്ടുന്നത്. മുമ്പ് പരിചയവുമില്ല. പക്ഷേ അതിനും വര്‍ഷങ്ങള്‍ക്ക് മുമ്പ് സിനിമാ മംഗളം വാരികയിലെ സുന്ദരനും സുന്ദരിയുമെന്ന സെഗ്മെന്റില്‍ ഇരുവരുടെയും ചിത്രങ്ങള്‍ ഒരുമിച്ച് അച്ചടിച്ച് വന്നിരുന്നുവെന്ന കാര്യം ഇരുവരും സംസാരത്തിനിടയില്‍ ഓര്‍ത്തു. അതിന് ശേഷം നീലാകാശം എന്ന സിനിമയുടെ ഭാഗമായി ഇരുവരും. ഇതിനിടെയാണ് ചിത്രത്തിന്റെ സെറ്റിലെത്തിയ നവാസിന്റെ സഹോദരന്‍ രഹ്നയുടെയും നവാസിന്റെയും വിവാഹ ചര്‍ച്ചയിലേക്ക് എത്തുന്നത്. പിന്നീട് വിവാഹം ഉറപ്പിച്ചിട്ടും രണ്ട് വര്‍ഷം കഴിഞ്ഞാണ് ഇവർ വിവാഹിതരാവുന്നത്. ആ രണ്ട് വര്‍ഷ കാലയളവില്‍ കുടുംബത്തോടുള്ള ഉത്തരവാദിത്തവും തന്റെ കടമയും എന്താണെന്ന് നവാസ് രഹ്നയോട് സംസാരിച്ചിരുന്നു. കുടുംബത്തെ നന്നായി നോക്കുന്നയാള്‍ക്കൊപ്പം സന്തോഷമായി ജീവിക്കാന്‍ കഴിയുമല്ലോ എന്ന സന്തോഷമാണ് ആ സമയം തനിക്കുണ്ടായിരുന്നതെന്ന് രഹ്നയും പറയുന്നുണ്ട്.
അതേസമയം മികച്ച ക്യാരക്ടര്‍ വേഷങ്ങളിലൂടെ സിനിമയിലേക്ക് തിരികെ എത്തിയതിനെ കുറിച്ചും റിപ്പോര്‍ട്ടറിനോട് നവാസ് തുറന്ന് സംസാരിച്ചിരുന്നു. തന്നെ സംബന്ധിച്ചടുത്തോളം സിനിമയിലില്ലെങ്കിലും താന്‍ കലാ മേഖലയില്‍ തന്നെ തിരക്കിലായിരുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്. "ഒരു ഇടവേള വന്നിട്ടില്ല സ്റ്റേജ് ഷോകളുമായി മുന്നോട്ടു പോവുകയായിരുന്നു. ചാനല്‍ പരിപാടികളിലും തിരക്കിലായിരുന്നു. ക്യാരക്ടര്‍ റോളുകള്‍ കിട്ടി തുടങ്ങിയതോടെ വീണ്ടും സജീവമായി" എന്നായിരുന്നു നവാസിന്‍റെ വാക്കുകള്‍.
Content Highlights: Kalabhavan Navas about Love and Life