
മനുഷ്യര്‍ എന്നുമുതലാണ് മാംസം ഭക്ഷിച്ചു തുടങ്ങിയത് എന്ന് ചോദിച്ചാല്‍, മനസിലെത്തുക ആദിമ മനുഷ്യര്‍ പണ്ട് മുതലേ മാംസം കഴിച്ച് തന്നെയായിരിക്കില്ലേ ജീവിച്ചതെന്നായിരിക്കും. പക്ഷേ നമ്മള്‍ ചിന്തിച്ചത് പോലെ നമ്മുടെ പൂര്‍വികര്‍ മാംസം ഭക്ഷിച്ചായിരുന്നില്ല ജീവിച്ചതത്രേ. പുതിയ പഠനമാണ് ഇത്തരമൊരു നിഗമനത്തിലേക്ക് എത്താന്‍ കാരണം. ആദിമ മനുഷ്യന്റെ പല്ലുകളാണ് ഈ ഉത്തരങ്ങളുടെ അടിസ്ഥാനം.
സൗത്താഫ്രിക്കയിലെ ആസ്ട്രലോപിത്തക്കസ് സ്പീഷീസിന്റെ ഫോസിലില്‍ ഗവേഷകര്‍ ചില പരിശോധനകള്‍ നടത്തി. 3.5 മില്യണ്‍ പഴക്കമുള്ള ഫോസിലുകളാണിവ. പല്ലുകളിലെ നൈട്രജന്‍ ഐസോടോപുകളെ കുറിച്ച് പഠനം നടത്തിയാണ് ഇവരുടെ ഡയറ്റ് രീതികളെ കുറിച്ച് മനസിലാക്കിയത്. നൈട്രജന്‍ 14നും നൈട്രജന്‍ 15നും പല അളവിലായി തനിയെ തന്നെ ഉണ്ടാകുന്നതാണ്. ഇരപിടിക്കുന്നവരില്‍ സസ്യഭുക്കുകളെക്കാള്‍ കൂടുതല്‍ നൈട്രജന്‍ 14 അടിഞ്ഞുകൂടും. ഈ ഐസോടോപുകള്‍ പരിശോധിച്ചതോടെയാണ് എത്രമാത്രം മാംസമാണ് ആദിമ മനുഷ്യനായ ആസ്ട്രലോപിത്താക്കസ് കഴിച്ചിരുന്നതെന്ന് മനസിലാക്കാന്‍ ശാസ്ത്രജ്ഞരെ സഹായിച്ചത്.
ആസ്ട്രലോപിത്തക്കസിന്റെ പല്ലില്ലുള്ള നൈട്രജന്റെ അളവ് സസ്യഭുക്കുകളുടെതിന് സമാനമായിരുന്നു. ഇതോടെ അവര്‍ കൂടുതലും സസ്യഭുക്കകളായിരുന്നു എന്ന അനുമാനത്തിലെത്താന്‍ കഴിഞ്ഞു. എന്നിരുന്നാലും ഇവര്‍ ഇടയ്ക്കിടെ മാംസവും ഭക്ഷിച്ചിരുന്നുവെന്ന് ഗവേഷകര്‍ പറയുന്നു. മുമ്പുള്ള പഠനങ്ങള്‍ സൂചിപ്പിക്കുന്നത് 2 മില്യണ്‍ വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ആദിമ മനുഷ്യന്‍ മാംസം സ്ഥിരമായി ആഹാരമാക്കി തുടങ്ങിയിട്ടെന്നാണ്. ഇത് തെളിയിക്കുന്നതാണ് ഇവര്‍ ഉപയോഗിച്ചിരുന്ന മൂര്‍ച്ചയേറിയ ആയുധങ്ങള്‍. മാത്രമല്ല മുറിവേറ്റ ജീവികളുടെ എല്ലുകളും തെളിവായുണ്ട്. 2.9 മില്യണ്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് കശാപ്പുശാലയായ ഇടം ഇന്നും കെനിയയിലുണ്ട്.
250, 000 വര്‍ഷങ്ങള്‍ക്ക് മുമ്പ് ജീവിച്ചിരുന്ന നീയാണ്ട്രത്താല്‍ സ്പീഷീസ് മാംസഭുക്കുകളായിരുന്നു. മനുഷ്യന്റെ തലച്ചോറിന്റെ വികസനത്തിന് മാംസം ആവശ്യമാണെന്ന ഐഡിയയെ വെല്ലുവിളിക്കുന്നതാണ് പുതിയ പഠനം. ആസ്ട്രലോപിത്തക്കസ് വലിയ രീതിയില്‍ മാംസം കഴിച്ചിരുന്നവരല്ല. ഇനിയും ഇക്കാര്യത്തില്‍ പഠനം ആവശ്യമുണ്ടെന്നും ഗവേഷകര്‍ പറയുന്നു. മനുഷ്യന്റെ പരിണാമത്തില്‍ എങ്ങനെയാണ് അവരുടെ ഭക്ഷണരീതിക്ക് സ്വാധീനമുള്ളത് എന്ന കാഴ്ചപ്പാടില്‍ പുതിയ പഠനം വലിയ മാറ്റമാണ് കൊണ്ടുവരുന്നത്.
Content Highlights: New study reveals that early hominins may not have relied on meat