കലാഭവൻ നവാസിന്റെ ഖബറടക്കം പൂർത്തിയായി

ഹൃദയാഘാതം മൂലമാണ് മരണം എന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.

dot image

നടനും മിമിക്രി കലാകാരനുമായ കലാഭവന്‍ നവാസിന്റെ അപ്രതീക്ഷിത വിയോഗത്തിൽ ഞെട്ടലിലാണ് സിനിമാ ലോകം. ഹൃദയാഘാതം മൂലമാണ് മരണം എന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. നടന്റെ ഖബറടക്കം പൂർത്തിയായി. ഇന്നലെ രാത്രിയാണ് ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ ബോധരഹിതനായ നിലയിൽ നവാസിനെ കണ്ടെത്തിയത്. തുടർന്ന് ചോറ്റാനിക്കര ടാറ്റ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. പ്രകമ്പനം എന്ന സിനിമയുടെ ചിത്രീകരണത്തിനായായിരുന്നു നവാസ് ചോറ്റാനിക്കരയിൽ എത്തിയത്.

ഷൂട്ടിങ്ങ് കഴിഞ്ഞ് റൂമിൽ വിശ്രമിക്കുന്ന സമയത്ത് രാത്രി 8.45 ഓടെയാണ് നവാസിനെ മുറിയിൽ കുഴഞ്ഞുവീണ നിലയിൽ കണ്ടെത്തുന്നത്. ഉടൻ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ചലച്ചിത്ര നടനായിരുന്ന അബൂബക്കറിന്റെ മകനാണ് കലാഭവൻ നവാസ്. ഭാര്യ രെഹ്നയും സിനിമാതാരമാണ്. മറിമായം എന്ന ടിവി പരിപാടിയിലെ കോയ എന്ന കഥാപാത്രം അവതരിപ്പിച്ച് ശ്രദ്ധേയനായ നിയാസ് ബക്കറാണ് സഹോദരൻ. ഒരിടവേളയ്ക്ക് ശേഷം സിനിമയിൽ സജീവമാകവെയാണ് നവാസിൻറെ വിയോഗം. ഇന്നും നാളെയും ഷൂട്ടിംഗ് ഇല്ലാത്തതിനാൽ വീട്ടിലേക്ക് മടങ്ങാനുള്ള തയ്യാറെടുപ്പിലായിരുന്നു നടൻ.

കലാഭവന്റെ സ്റ്റേജ് പരിപാടികളിലൂടെയാണ് നവാസ് ശ്രദ്ധേയനായത്. 1995-ൽ ചൈതന്യം എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. മിസ്റ്റർ ആൻഡ് മിസ്സിസ്, ചൈതന്യം, മിമിക്സ് ആക്ഷൻ 500, ഏഴരക്കൂട്ടം, ജൂനിയർ മാൻഡ്രേക്ക്, ഹിറ്റ്ലർ ബ്രദേഴ്സ്, ബസ് കണ്ടക്ടർ, കിടിലോൽ കിടിലം, മായാജാലം, മീനാക്ഷി കല്യാണം, മാട്ടുപ്പെട്ടിമച്ചാൻ, അമ്മ അമ്മായിയമ്മ, മൈ ഡിയർ കരടി, ചന്ദാമാമ, വൺമാൻ ഷോ, തില്ലാന തില്ലാന, വെട്ടം, ചക്കരമുത്ത്, ചട്ടമ്പിനാട്, തത്സമയം ഒരു പെൺകുട്ടി, മൈലാഞ്ചി മൊഞ്ചുള്ള വീട്, മേരാനാം ഷാജി തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

Content Hightights: Kalabhavan navas burial has been completed

dot image
To advertise here,contact us
dot image