രണ്ട് ദിവസം മുൻപ് വരെ വിളിച്ചതാണ്; ആശുപത്രിയിൽ എത്തി കണ്ടശേഷമാണ് മരിച്ചു എന്ന് വിശ്വാസമായത്: ബിജുക്കുട്ടന്‍

'ശരീരം നോക്കുന്ന ആളായിരുന്നു. അടുത്ത കാലത്ത് ആരോഗ്യം നല്ല രീതിയില്‍ നോക്കിയിരുന്നു'

dot image

കൊച്ചി: നടനും മിമിക്രി താരവുമായ കലാഭവന്‍ നവാസിന്റെ വിയോഗത്തില്‍ പ്രതികരിച്ച് നടന്‍ ബിജുക്കുട്ടന്‍. അത്രയ്ക്ക് അടുക്കും പുലര്‍ത്തിയിരുന്ന ആളാണ് കലാഭവന്‍ നവാസെന്നും രണ്ട് ദിവസം മുന്‍പുവരെ വിളിച്ചതാണെന്നും ബിജുക്കുട്ടന്‍ പറഞ്ഞു. ആശുപത്രിയില്‍ എത്തി കണ്ടശേഷമാണ് നവാസ് മരിച്ചു എന്ന് വിശ്വാസമായതെന്നും ബിജുക്കുട്ടന്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞു.

മാനസികമായും ശാരീരകമായും യാതൊരു പ്രശ്‌നവുമില്ലാതിരുന്ന ആളാണ് നവാസെന്നും ബിജുക്കുട്ടന്‍ പറഞ്ഞു. ശരീരം നോക്കുന്ന ആളായിരുന്നു. അടുത്ത കാലത്ത് ആരോഗ്യം നല്ല രീതിയില്‍ നോക്കിയിരുന്നുവെന്നും ബിജുക്കുട്ടന്‍ പറഞ്ഞു. കഠിനാധ്വാനിയായ വ്യക്തിയായിരുന്നു നവാസ് എന്ന് അന്‍വര്‍ സാദത്ത് എംഎല്‍എയും പറഞ്ഞു. നവാസിന്റെ മരണം ഞെട്ടലോടെയാണ് കേട്ടത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റും. നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുമെന്നും ബിജുക്കുട്ടന്‍ പറഞ്ഞു.

കലാഭവന്‍ നവാസിന്റെ വിയോഗം വിശ്വസിക്കാനാവുന്നില്ലെന്ന് നടനും മിമിക്രി താരവുമായ കെ എസ് പ്രസാദും പറഞ്ഞു. ഇന്ന് വൈകിട്ടാണ് സംഭവം അറിയുന്നത്. അപ്പോള്‍ തന്നെ നവാസിന്റെ സഹോദന്‍ നിയാസിനെ ഫോണില്‍ ബന്ധപ്പെട്ടു. മരണം സ്ഥിരീകരിച്ച കാര്യം നിയാസ് പറഞ്ഞു. ഹോട്ടല്‍ മുറിയില്‍ ബോധരഹിതനായി കിടക്കുകയായിരുന്നു എന്നാണ് മനസിലാക്കുന്നത്. നവാസിന് ശാരീരിക അവശതകള്‍ ഒന്നും ഉണ്ടായിരുന്നില്ല. ആരോഗ്യം സൂക്ഷിച്ചിരുന്ന ആളായിരുന്നു. 1993ലാണ് നവാസ് കലാഭവനില്‍ എത്തുന്നത്. അന്ന് മുതല്‍ സൗഹൃദം സൂക്ഷിച്ചിരുന്നുവെന്നും പ്രസാദ് പറഞ്ഞിരുന്നു.

ഇന്ന് വൈകിട്ടാണ് കലാഭവന്‍ നവാസിനെ ചോറ്റാനിക്കരയിലെ ഹോട്ടല്‍ മുറിയില്‍ ബോധരഹിതനായി കണ്ടെത്തിയത്. തുടര്‍ന്ന് ചോറ്റാനിക്കരയിലെ ടാറ്റ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. പ്രകടമ്പനം എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിന്റെ ഭാഗമായി ചോറ്റാനിക്കരയില്‍ എത്തിയതായിരുന്നു നവാസ്.

കലാഭവന്റെ സ്റ്റേജ് പരിപാടികളിലൂടെയാണ് നവാസ് ശ്രദ്ധേയനായത്. 1995-ല്‍ ചൈതന്യം എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ്, ചൈതന്യം, മിമിക്സ് ആക്ഷന്‍ 500, ഏഴരക്കൂട്ടം, ജൂനിയര്‍ മാന്‍ഡ്രേക്ക്, ഹിറ്റ്ലര്‍ ബ്രദേഴ്സ്, ബസ് കണ്ടക്ടര്‍, കിടിലോല്‍ കിടിലം, മായാജാലം, മീനാക്ഷി കല്യാണം, മാട്ടുപ്പെട്ടിമച്ചാന്‍, അമ്മ അമ്മായിയമ്മ, മൈ ഡിയര്‍ കരടി, ചന്ദാമാമ, വണ്‍മാന്‍ ഷോ, തില്ലാന തില്ലാന, വെട്ടം, ചക്കരമുത്ത്, ചട്ടമ്പിനാട്, തത്സമയം ഒരു പെണ്‍കുട്ടി, മൈലാഞ്ചി മൊഞ്ചുള്ള വീട്, മേരാനാം ഷാജി തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

ചലച്ചിത്ര നടനായിരുന്ന അബൂബക്കറിന്റെ മകനാണ് കലാഭവന്‍ നവാസ്. ഭാര്യ രെഹ്നയും സിനിമാതാരമാണ്. മറിമായം എന്ന ടിവി പരിപാടിയിലെ കോയ എന്ന കഥാപാത്രം അവതരിപ്പിച്ച് ശ്രദ്ധേയനായ നിയാസ് ബക്കറാണ് സഹോദരന്‍.

Content Highlights- Actor bijukuttan on kalabhavan navas death

dot image
To advertise here,contact us
dot image