കുടുംബ സദസുകളുടെ പ്രീതി പിടിച്ചുപറ്റിയ കലാകാരന്‍; കലാഭവന്‍ നവാസിന്റെ നിര്യാണത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി

മിമിക്രിയിലൂടെ ചലച്ചിത്ര മേഖലയിലേക്ക് കടന്നുവന്ന അദ്ദേഹം ടെലിവിഷന്‍ പരമ്പരകളിലൂടെ കുടുംബ സദസുകളുടെ പ്രീതി പിടിച്ചുപറ്റിയിരുന്നുവെന്ന് മുഖ്യമന്ത്രി

dot image

തിരുവനന്തപുരം: സിനിമാ നടനും മിമിക്രി കലാകാരനുമായ കലാഭവന്‍ നവാസിന്റെ നിര്യാണത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മിമിക്രിയിലൂടെ ചലച്ചിത്ര മേഖലയിലേക്ക് കടന്നുവന്ന അദ്ദേഹം ടെലിവിഷന്‍ പരമ്പരകളിലൂടെ കുടുംബ സദസുകളുടെ പ്രീതി പിടിച്ചുപറ്റിയിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

അല്‍പസമയം മുമ്പാണ് കലാഭവന്‍ നവാസിന്റെ മരണവിവരം അറിയുന്നത്. നവാസിന്റെ മരണം ഹൃദയാഘാതം മൂലമാണ് എന്നാണ് വിവരം. ചോറ്റാനിക്കരയിലെ ഹോട്ടല്‍ മുറിയില്‍ ബോധരഹിതനായി കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ചോറ്റാനിക്കര ടാറ്റ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. പ്രകമ്പനം എന്ന സിനിമയുടെ ചിത്രീകരണത്തിന്റെ ഭാഗമായി ചോറ്റാനിക്കരയില്‍ എത്തിയതായിരുന്നു നവാസ്.

കലാഭവന്റെ സ്റ്റേജ് പരിപാടികളിലൂടെയാണ് നവാസ് ശ്രദ്ധേയനായത്. 1995-ല്‍ ചൈതന്യം എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ്, ചൈതന്യം, മിമിക്സ് ആക്ഷന്‍ 500, ഏഴരക്കൂട്ടം, ജൂനിയര്‍ മാന്‍ഡ്രേക്ക്, ഹിറ്റ്ലര്‍ ബ്രദേഴ്സ്, ബസ് കണ്ടക്ടര്‍,
കിടിലോല്‍ കിടിലം, മായാജാലം, മീനാക്ഷി കല്യാണം, മാട്ടുപ്പെട്ടിമച്ചാന്‍, അമ്മ അമ്മായിയമ്മ, മൈ ഡിയര്‍ കരടി, ചന്ദാമാമ, വണ്‍മാന്‍ ഷോ, തില്ലാന തില്ലാന, വെട്ടം, ചക്കരമുത്ത്, ചട്ടമ്പിനാട്, തത്സമയം ഒരു പെണ്‍കുട്ടി, മൈലാഞ്ചി മൊഞ്ചുള്ള വീട്, മേരാനാം ഷാജി തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

ചലച്ചിത്ര നടനായിരുന്ന അബൂബക്കറിന്റെ മകനാണ് കലാഭവന്‍ നവാസ്. ഭാര്യ രെഹ്നയും സിനിമാതാരമാണ്. മറിമായം എന്ന ടിവി പരിപാടിയിലെ കോയ എന്ന കഥാപാത്രം അവതരിപ്പിച്ച് ശ്രദ്ധേയനായ നിയാസ് ബക്കറാണ് സഹോദരന്‍.

Content Highlights: CM Pinarayi Vijayan condoles the demise of Kalabhavan Navas

dot image
To advertise here,contact us
dot image