
കൊച്ചി: തന്റെയും സഹോദരി ആശയുടെയും പിറന്നാൾ ദിനത്തിൽ മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനെ ഓർത്തുകൊണ്ടുള്ള വൈകാരിക കുറിപ്പുമായി മകൻ വി എ അരുൺകുമാർ. തിരുവനന്തപുരത്തെ താമസം മുതലാണ് പിറന്നാളുകൾ അച്ഛനോടൊപ്പമായത് എന്നും എന്നാൽ ഈ പിറന്നാളിന് അച്ഛനില്ലാത്തതിനാൽ വലിയ ശൂന്യത അനുഭവപ്പെടുന്നുവെന്നും അരുൺകുമാർ ഫേസ്ബുക്കിൽ കുറിച്ചു. തന്റെയും സഹോദരിയുടെയും ജന്മദിനം കുട്ടികാലം മുതൽക്കേ അമ്മയുടെ ഒപ്പമാണ് ആഘോഷിക്കുകയെന്നും അപ്പോഴെല്ലാം അച്ഛൻ പാർട്ടി പരിപാടികളിലായിരിക്കുമെന്നും അരുൺകുമാർ ഓർമിക്കുന്നു.
ജൂലൈ 25. എന്റെയും, സഹോദരി ആശയുടെയും ജന്മദിനമാണിന്ന്. കുട്ടിക്കാലം മുതൽ പിറന്നാളുകൾ മിക്കവാറും അമ്മയോടൊപ്പമാണ്, പുന്നപ്രയിലെ വീട്ടിൽ. ആഘോഷങ്ങളൊന്നുമില്ല, അമ്മ മിട്ടായി വാങ്ങിത്തരും. പാർട്ടി പരിപാടികളുടെ തിരക്കിലായിരിക്കും അച്ഛൻ. എപ്പോഴെങ്കിലും വരുന്ന ഫോൺ വിളികൾ നൽകുന്ന സന്തോഷം.
തിരുവനന്തപുരത്തെ താമസം മുതലാണ് പിറന്നാളുകൾ അച്ഛനോടൊപ്പമായത്. ഞങ്ങളുടെ ഈ ജന്മദിനത്തിന് കാത്തു നിൽക്കാതെ അച്ഛൻ യാത്രയായി.വല്ലാത്ത ശൂന്യത അനുഭവപ്പെടുന്നു.
ജൂലൈ 21 നാണ് മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദൻ അന്തരിച്ചത്. വൈകിട്ട് 3.20നായിരുന്നു വി എസിന്റെ മരണം സ്ഥിരീകരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരം എസ്‌യുടി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച വി എസിന് പിന്നീട് സാധാരണ നിലയിലേയ്ക്ക് തിരിച്ചുവരാന്‍ സാധിച്ചിരുന്നില്ല. വെന്റിലേറ്ററിന്റെ സഹായത്തോടെ വിഎസിന്റെ ചികിത്സ തുടരുന്നതിനിടെയായിരുന്നു അന്ത്യം. തുടര്‍ന്ന് വന്‍ ജനാവലിയുടെ അകമ്പടിയോടെ ജൂലായ് 23ന് പുന്നപ്ര വയലാര്‍ രക്തസാക്ഷികള്‍ അടക്കം അന്ത്യവിശ്രമംകൊള്ളുന്ന വലിയ ചുടുകാട്ടില്‍ വി എസിന്റെ ഭൗതികശരീരം സംസ്‌കരിച്ചു.
Content Highlights: VA Arunkumar remembers VS Achuthanandan on his birthday