
കൊച്ചി: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും കുറ്റവാളി ഗോവിന്ദച്ചാമി ജയില്‍ച്ചാടിയതില്‍ ദുരൂഹത ആരോപിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പ്രതിയെ കിട്ടിയത് തന്നെ മഹാഭാഗ്യം. ഒരു കൈക്ക് സ്വാധീനമില്ലാത്തയാള്‍ ഏകാന്തതടവില്‍ നിന്നും രാത്രി 1.15 ന് കമ്പികള്‍ മുറിച്ച് പുറത്തുവന്നതിലും നീളമുള്ള തുണിക്കൊണ്ട് ഇത്രയും വലിയ മതില്‍ ചാടിക്കടന്നതിലും ഒരുപാട് ദുരൂഹതകള്‍ ഉണ്ടെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു.
ജയിലിനകത്ത് നിന്നും പുറത്തുനിന്നും ഗോവിന്ദച്ചാമിക്ക് എല്ലാ പിന്തുണയും ലഭിച്ചിട്ടുണ്ട്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിനകത്ത് നടക്കുന്നത് ഇത്തരം കാര്യങ്ങളാണെന്ന് പ്രതിപക്ഷം പലപ്രാവശ്യം നിയമസഭയ്ക്കകത്തും പുറത്തും ഉന്നയിച്ചിട്ടുണ്ട്. ക്രിമിനലുകള്‍ക്ക് കുടപിടിച്ചുകൊടുക്കുകയാണ് അവിടെ. ടി പി ചന്ദ്രശേഖരന്‍വധക്കേസ് പ്രതികള്‍ക്ക് ഇഷ്ടമുള്ള ഭക്ഷണവും മദ്യവും ലഹരിയും. ഏറ്റവും ആധുനികമായ ഫോണുകളാണ് അവര്‍ ഉപയോഗിക്കുന്നത്. കിരീടം വെക്കാത്ത രാജാക്കന്മാരെപ്പോലെയാണ് ജയില്‍ ജീവിതമെന്നും വി ഡി സതീശന്‍ ആരോപിച്ചു.
സാധാരണക്കാരായ മനുഷ്യര്‍കാണിച്ച ജാഗ്രത കാരണമാണ് ഗോവിന്ദച്ചാമിയെ പിടികൂടിയതെന്നും വി ഡി സതീശന്‍ പ്രതികരിച്ചു. സര്‍ക്കാരിന് പ്രിയപ്പെട്ടവര്‍ ജയിലിലുണ്ടെന്ന് നേരത്തെ അറിയാമായിരുന്നു. ഗോവിന്ദച്ചാമി സര്‍ക്കാരിന്റെ പ്രിയപ്പെട്ടവരില്‍ ഒരാളാണെന്ന് ഇന്ന് മനസ്സിലായി. ഇത്ര നീളത്തിലുള്ള തുണിയും കയറും എവിടെ നിന്നാണ് ഒരു കുറ്റവാളിക്ക് കിട്ടിയത്. ടാര്‍സന്‍ പോലും ചെയ്യാത്ത രീതിയിലാണ് ഗോവിന്ദച്ചാമി ജയില്‍ ചാടിയത്. സിസ്റ്റത്തിന്റെ കുഴപ്പമാണെന്നും വി ഡി സതീശന്‍ ചൂണ്ടിക്കാട്ടി.
ജയില്‍ച്ചാടി ആറ് മണിക്കൂറുകള്‍ക്ക് ശേഷമാണ് ഗോവിന്ദച്ചാമിയെ പൊലീസ് പിടികൂടിയത്. തളാപ്പില്‍ നഗരമധ്യത്തില്‍ ആളൊഴിഞ്ഞ കെട്ടടത്തിനോട് ചേര്‍ന്നുള്ള കിണറ്റില്‍ നിന്നാണ് പിടികൂടുന്നത്. സിസിടിവി കേന്ദ്രീകരിച്ചും ദൃക്‌സാക്ഷികളില്‍ നിന്നും ലഭിച്ച വിവരത്തിന്റെയും അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പിടികൂടല്‍.
Content Highlights: v d satheesan reaction in govindachamy jail escape