വിഎസ്സിനെ അത്രമേൽ ജനം സ്നേഹിച്ചിരുന്നു, ഈ യാത്ര നൽകിയ അനുഭവം വിവരണാതീതം; അനുഭവം പങ്കുവെച്ച് പി രാജീവ്

വി എസ് അച്യുതാനന്ദന്റെ വിലാപയാത്രയിലെ അനുഭവം പങ്കുവെച്ച് മന്ത്രി പി രാജീവ്

dot image

തിരുവനന്തപുരം: അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഐഎം നേതാവുമായ വി എസ് അച്യുതാനന്ദന്റെ വിലാപയാത്രയിലെ അനുഭവം പങ്കുവെച്ച് വ്യവസായ മന്ത്രി പി രാജീവ്. സെക്രട്ടറിയേറ്റിലെ ദര്‍ബാര്‍ ഹാളില്‍ നിന്ന് ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെ ആരംഭിച്ച വിലാപയാത്ര ജനസാഗരത്തിന് നടുവിലൂടെ ഇന്ന് രാവിലെ കൊല്ലവും ആലപ്പുഴയും പിന്നിട്ടാണ് വി എസിന്റെ സ്വന്തം വേലിക്കകത്ത് വീട്ടിലേക്ക് എത്തിയത്. അത്രയും നേരം കൺമുന്നിൽ കണ്ട അനുഭവമായിരുന്നു മന്ത്രി ഫേസ്ബുക്കിലുടെ പങ്കിട്ടത്.

മന്ത്രി പി രാജീവിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

കെഎസ്ആർടിസി ബസ് ജനക്കൂട്ടത്തിനിടയിലൂടെ വളരെ പതുക്കെ നീങ്ങുകയായിരുന്നു. ബസ്സിനുള്ളിൽ വി എസ് നിശ്ചലം കിടക്കുന്നു. അവസാന നോക്ക് കാണാനായി പതിനായിരങ്ങൾ പകലെന്നോ രാത്രിയെന്നോ വ്യത്യാസമില്ലാതെ വഴിയോരങ്ങളിൽ കാത്ത് നിൽക്കുന്നു. വെളുപ്പിന് മൂന്നുമണിക്ക് കൊട്ടിയത്ത് ജനാവലിയുടെ തിക്കും തിരക്കിനുള്ളിൽനിന്നും ഒരു ചെറുപ്പക്കാരി ടവലിൽ പൊതിഞ്ഞ പിഞ്ചുകുഞ്ഞിനെ കൈകളിൽ ഉയർത്തി വി എസ്സിന് നേരെ കാണിച്ചു. കുഞ്ഞിന്റെ തുറന്നുവരുന്ന കണ്ണുകളിൽ വിഎസ്സിന്റെ നിശ്ചലചിത്രം പതിഞ്ഞുവോ ആവോ? ഭാവിയിൽ ആ കുഞ്ഞ് വളർന്നുവരുമ്പോൾ വി എസ് എന്ന കമ്മ്യൂണിസ്റ്റിനെ അവസാന നോക്ക് കണ്ടതും ഈ ചരിത്ര യാത്രയുടെ ഭാഗമായതും അമ്മ പറഞ്ഞുകൊടുക്കായിരിക്കും….

വി എസ്സിന്റെ അവസാന യാത്രയിൽ ഇങ്ങനെയെത്രയെത്ര കാഴ്ചകൾ….
തിരുവനന്തപുരത്തെ ദർബാർ ഹാളിൽനിന്നും 22 ന് ഉച്ചക്ക് പുറപ്പെട്ട യാത്ര പുന്നപ്രയിലെ വിഎസ്സിന്റെ വീട്ടിലെത്തിയത് 20 മണിക്കൂറിലധികം എടുത്തിട്ടാണ്. നിശ്ചലനായ വി എസ്സിനൊപ്പമുള്ള യാത്രയിൽ പകലും രാത്രിയും മാറിമറിഞ്ഞതറിഞ്ഞില്ല… എസ് യൂ ടിയിൽ നിന്നും 21ന് വൈകുന്നേരം ആരംഭിച്ച മുദ്രാവാക്യം ഒരിക്കലും നിലച്ചതേയില്ല. അർദ്ധരാത്രി കഴിഞ്ഞ് കാര്യവട്ടത്തും കഴക്കൂട്ടത്തും കാത്തുനിന്നതിലേറെയും ചെറുപ്പക്കാർ. പലരും വി എസ് സജീവമല്ലാതിരുന്ന അവസാന വർഷങ്ങളിൽ സ്കൂൾ വിദ്യാർത്ഥികളായിരുന്നവർ. അവരുടെ മുദ്രാവാക്യങ്ങളിലെ തീക്ഷണതയും ആത്മാർത്ഥതയും പുതുതലമുറയോട് എങ്ങനെ സഖാവ് കണക്ട് ചെയ്യപ്പെട്ടുവെന്ന് വിളിച്ചുപറയുന്നു
.

നേരം പരാപര വെളുക്കുന്ന സമയത്ത് കരുനാഗപ്പള്ളിയിലെ ജനക്കൂട്ടത്തിൽനിന്നും എനിക്ക് കാണണമെന്ന് പറഞ്ഞ് ഒരു നിലവിളി കേട്ടു. ഒരു പ്രായമുള്ള സ്ത്രീ നിശ്ചലമായ വി എസ്സിന്നെ നോക്കി കണ്ണീർ തോരാതെ നിന്നു. ഏറേ പ്രായമായ നിരവധിപേർ മറ്റുള്ളവരുടെ സഹായത്തോടെ ചാറ്റൽമഴയെ വക വെയ്ക്കാതെ ഒരു നോക്ക് കാണാനെത്തി…. ആശുപത്രിയിൽ നിന്നും പരസഹായത്തോടെ ഇറങ്ങിവന്ന പ്രായമായ സ്ത്രീയുടെ ഒരു കണ്ണ് മുഴുവനും പൊതിഞ്ഞുകെട്ടിയിരുന്നു. പക്ഷേ, വി എസ്സിനെ കാണാൻ അവർക്ക് തുറന്നുവെച്ച ഒരു കണ്ണു തന്നെ ധാരാളം.

കഴക്കൂട്ടത്ത് ആവേശത്തോടെ മുദ്രാവാക്യം വിളിച്ച ഒരു കുടുംബം നടന്നും ഓടിയും വാഹനത്തിന് ഒപ്പം സഞ്ചരിച്ചു കൊണ്ടേയിരുന്നു. പിന്നെ ആറ്റിങ്ങലിനടുത്തുവരെ അവർ അച്ഛനും അമ്മയും മകളുമൊന്നിച്ച് സഞ്ചരിച്ചുകൊണ്ടേയിരുന്നു. അങ്ങനെ പലരുമുണ്ടായിരുന്നു ഒരു കാഴ്ചകൊണ്ട് തൃപ്തിപ്പെടാതെ അവർ കിലോമീറ്ററുകൾ ഓടിയും നടന്നും വി എസ്സിനൊപ്പം സഞ്ചരിച്ചുകൊണ്ടിരുന്നു. സെക്രട്ടേറിമേറ്റിന് മുമ്പിൽനിന്നും ഒരാൾ കഴക്കൂട്ടം വരെ നിലക്കാത്ത മുദ്രാവാക്യങ്ങളുമായി അനുധാവനം ചെയ്തു.

അർദ്ധരാത്രിയിലും കാത്തുനിൽക്കുന്നവർ വെറുമൊരു കാഴ്ചക്കാരായിരുന്നില്ല. മണിക്കൂറുകൾ കാത്തുനിന്നതിന്റെ അലോസോരങ്ങളില്ലാതെ അർദ്ധരാത്രിയിലും വെളുപ്പാൻകാലത്തും അവർ മുദ്രാവാക്യം വിളിക്കുമ്പോൾ വലിഞ്ഞുമുറുകുന്ന കണ്ഠനാളവും ചുരുട്ടിയ മുഷ്ഠിയിലെ ദൃഢതയും ആഴത്തിലുള്ള സ്നേഹം നിറഞ്ഞുകിടക്കുന്നു. അവരിൽ പുരുഷൻമാർ മാത്രമല്ല സ്ത്രീകളും കുട്ടികളുമൊക്കെയുണ്ട്. അവർ അക്ഷരാർത്ഥത്തിൽ ആബാലവൃദ്ധമായിരുന്നു.

അവരിൽ ചിലർ തൊഴുകയും മുഷ്ഠി ഉയർത്തുകയും ചെയ്തു. അവരിലെല്ലാവരുമുണ്ടായിരുന്നു. ഞങ്ങളുടെ നെഞ്ചിലെ റോസാപ്പൂവെയെന്ന മുദ്രാവാക്യം വിളിച്ചുവന്ന ഒരാൾ റോസാപ്പൂക്കൾ നിറഞ്ഞുനിൽക്കുന്ന ചെടിയുള്ള വലിയ ചട്ടി ഫ്രീസറിന് താഴെ വെച്ചു. കേരളം ഒരുമനസ്സായി ഈ അവസാന യാത്രയിൽ വി എസ്സിനൊപ്പം സഞ്ചരിച്ചു. ഒരു കമ്മ്യൂണിസ്റ്റിന് നൽകാവുന്ന ഏറ്റവും അർത്ഥവത്തായ യാത്രയയപ്പ്. സിപിഐ എം നേതാവും മുൻ മുഖ്യമന്ത്രിയുമായിരുന്ന വി എസ്സിനെ അത്രമേൽ ജനം സ്നേഹിച്ചിരുന്നു. ഈ യാത്ര നൽകിയ അനുഭവം വിവരണാതീതം….

റെഡ് സല്യൂട്ട് കോമ്രേഡ് വി എസ്...

22 മണിക്കൂറുകള്‍ പിന്നിട്ട വിലാപയാത്രയ്ക്കാണ് കേരളം ഒരു രാത്രിയും രണ്ട് പകലും സാക്ഷ്യം വഹിച്ചത്. കുടുംബാംഗങ്ങള്‍ക്ക് വി എസിന് അന്തിമോപചാരം അര്‍പ്പിക്കാന്‍ വീടിനുള്ളില്‍ പ്രത്യേകം സൗകര്യം ഒരുക്കിയിരുന്നു. ശേഷം പൊതുദര്‍ശനത്തിനായി മുറ്റത്ത് തയ്യാറാക്കിയ പന്തലിലേക്ക് ഭൗതിക ശരീരം മാറ്റുകയായിരുന്നു

ആര്‍ത്തലച്ചുപെയ്യുന്ന മഴയെ അവഗണിച്ച് പ്രായഭേദമന്യേ കേരളം വിഎസിലേക്ക് ഒഴുകുന്ന കാഴ്ചയാണ് കണ്ടത്. ശേഷം ഭൗതിക ശരീരം വഹിച്ചുള്ള വിലാപയാത്ര സിപിഐഎം ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് എത്തിച്ചു. ജനസാഗരത്തിന് നടുവിലൂടെയാണ് പാര്‍ട്ടിയുടെ ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് പഴയ ജില്ലാ സെക്രട്ടറി അവസാനമായി എത്തിയത്. അവിടെയും സമരനായകന്‍ തങ്ങളിലൂടെ ജീവിക്കുന്നുണ്ടെന്ന് ആര്‍ത്ത് വിളിക്കുന്ന ആള്‍ക്കൂട്ടമായിരുന്നു അഭിവാദ്യങ്ങളുമായി കാത്ത് നിന്നത്. ഉറക്കെ ഉറക്കെ വിഎസ് എന്ന രണ്ടക്ഷരത്തിലേക്ക് ആള്‍ക്കൂട്ടം ലയിച്ചു. പ്രിയസഖാവിന് അന്ത്യാഭിവാദ്യം അര്‍പ്പിക്കാന്‍ നേതാക്കള്‍ ജില്ലാ കമ്മിറ്റി ഓഫീസില്‍ എത്തി. വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍, സാമൂഹിക സാംസ്‌കാരിക സാമുദായിക രംഗത്തെ പ്രമുഖര്‍ അടക്കമുള്ളവര്‍ വി എസിന് അന്ത്യയാത്ര നല്‍കാനെത്തി. നിയന്ത്രിക്കാനാകാത്ത തിരക്കാണ് സിപിഐഎം പാര്‍ട്ടി ഓഫീസിലും പരിസരത്തും ഉണ്ടായിരുന്നത്. പെരുമഴയെ വകവെക്കാതെയായിരുന്നു സമരസൂര്യനെ കാണാന്‍ നാട് എത്തിയത്. അരമണിക്കൂര്‍ മാത്രം ജില്ലാ കമ്മിറ്റി ഓഫീസില്‍ തീരുമാനിച്ച പൊതുദര്‍ശനം മണിക്കൂര്‍ കഴിഞ്ഞും നീണ്ടു.

സിപിഐഎം പാര്‍ട്ടി ഓഫീസില്‍ നിന്ന് വൈകിട്ടോടെയാണ് വി എസിന്റെ ഭൗതിക ശരീരം റിക്രിയേഷന്‍ ഗ്രൗണ്ടിലേക്ക് എത്തിച്ചത്. തുടര്‍ന്ന് ഔദ്യോഗിക ബഹുമതിയോടെയുള്ള യാത്രയയപ്പ്. തങ്ങളുടെ പ്രിയ നേതാവിനെ അവസാനമായി ഒരു നോക്കുകാണാന്‍ ഇവിടേയ്ക്കും ജനസാഗരം ഒഴുകിയെത്തി. 'കണ്ണേ കരളേ വി എസ്സേ' എന്ന മുദ്രാവാക്യം ഇവിടെയും അലയടിച്ചു. പെയ്തുതോരാത്ത മഴയെ വകവെയ്ക്കാതെ ഇവിടെയും ആളുകള്‍ പ്രിയ നേതാവിനായി മണിക്കൂറുകള്‍ കാത്തുനിന്നു. 8.15 ഓടെ വി എസിന്റെ ഭൗതിക ശരീരം റിക്രേയഷന്‍ റിക്രിയേഷന്‍ ഗ്രൗണ്ടില്‍ നിന്ന് വലിയ ചുടുകാട്ടിലേക്ക് കൊണ്ടുപോയി. ഈ സമയമത്രയും അന്തരീക്ഷത്തില്‍ 'ആര് പറഞ്ഞു മരിച്ചെന്ന്, ഞങ്ങളിലൂടെ ജീവിക്കുന്നു' എന്ന മുദ്രാവാക്യം മുഴങ്ങിക്കൊണ്ടിരുന്നു.

ഒന്‍പത് മണിയോടെയാണ് വി എസിന്റെ ഭൗതിക ദേഹം വലിയ ചുടുകാട്ടിലേക്ക് എത്തിച്ചത്. ഈ സമയമത്രയും വി എസിനെ കാത്ത് പങ്കാളി വസുമതിയമ്മയും മുഖ്യമന്ത്രി പിണറായി വിജയനും മറ്റ് നേതാക്കളും വലിയ ചുടുകാട്ടില്‍ കാത്തിരുന്നു. പ്രിയ നേതാവിന് അന്ത്യാഭിവാദ്യങ്ങള്‍ അര്‍പ്പിക്കാന്‍ വലിയ ചുടുകാടിന് പുറത്തും വലിയ ജനക്കൂട്ടം അണിനിരന്നിരുന്നു. വി എസിന്റെ ഭൗതിക ദേഹം എത്തിച്ചതോടെ ജനങ്ങള്‍ ആര്‍ത്തിരമ്പി ഒരു കടലായിമാറി. ഔദ്യോഗിക ബഹുമതികള്‍ക്ക് ശേഷം 9.10 ഓടെ വി എസ്സിന്റെ ഭൗതിക ദേഹം സംസ്‌കരിച്ചു.

21ന് വൈകിട്ട് 3.20-നായിരുന്നു വി എസിന്റെ മരണം സ്ഥിരീകരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരം എസ് യു ടി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച വി എസിന് പിന്നീട് സാധാരണ നിലയിലേയ്ക്ക് തിരിച്ചുവരാന്‍ സാധിച്ചിരുന്നില്ല. വെന്റിലേറ്ററിന്റെ സഹായത്തോടെ വിഎസിന്റെ ചികിത്സ തുടരുന്നതിനിടെയായിരുന്നു അന്ത്യം. മരിക്കുമ്പോള്‍ 101 വയസ്സായിരുന്നു വി എസ് അച്യുതാനന്ദന്റെ പ്രായം.

കേരളത്തിന്റെ ഏറ്റവും ജനകീയനായ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായിരുന്നു വിഎസ് അച്യുതാനന്ദന്‍. സിപിഐഎമ്മിന്റെ പൊളിറ്റ്ബ്യൂറോ അംഗം, സംസ്ഥാന സെക്രട്ടറി തുടങ്ങിയ നിലകളിലെല്ലാം പ്രവത്തിച്ച വി എസ് അക്ഷരാര്‍ത്ഥത്തില്‍ സമരകേരളത്തിന്റെ രാഷ്ട്രീയ മുഖമായിരുന്നു. അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നാഷണല്‍ കൗണ്‍സിലില്‍ നിന്നും ഇറങ്ങി വന്ന് സിപിഐഎം രൂപീകരിക്കുന്നതില്‍ മുന്നിലുണ്ടായിരുന്ന അവസാന നേതാവ് കൂടിയാണ് ഓര്‍മ്മയാകുന്നത്. തിരുവിതാംകൂറിലും പിന്നീട് ഐക്യകേരളത്തിലും നടന്ന തൊഴിലാളി വര്‍ഗ രാഷ്ട്രീയ പോരാട്ടങ്ങളുടെ ഒരുയുഗം കൂടിയാണ് വിഎസിന്റെ വിയോഗത്തോടെ അവസാനിച്ചിരിക്കുന്നത്.

Content Highlights: P Rajeev Shares the Experience of Achuthanandan's Mourning Procession

dot image
To advertise here,contact us
dot image