ഏറ്റവും മികച്ച പ്രതിപക്ഷ നേതാക്കളിൽ ഒരാൾ, വിഎസിന്റെ വിയോ​ഗം പുരോഗമന രാഷ്ട്രീയത്തിന് വലിയ നഷ്ടം; എം വി ഗോവിന്ദൻ

'പുരോഗമന രാഷ്ട്രീയത്തിന് വലിയ നഷ്ടമാണ് വിഎസിന്റെ വിയോ​ഗം'

dot image

ആലപ്പുഴ: ഏറ്റവും മികച്ച പ്രതിപക്ഷ നേതാക്കളിൽ ഒരാളായിരുന്നു വി എസ് അച്യുതാനന്ദനെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പുരോഗമന രാഷ്ട്രീയത്തിന് വലിയ നഷ്ടമാണ് വിഎസിന്റെ വിയോ​ഗം. സഖാവ് വി എസിന്റെ നഷ്ടം നമ്മുക്ക് നികത്താനാകുന്ന ഒന്നല്ല. സഖാവ് എകെജിയും, നായനാരുമെല്ലാം നമ്മളെ വിട്ട് പിരിഞ്ഞപ്പോള്‍ പാർട്ടി നേതാക്കൾ പറഞ്ഞത് അവർ ഏറ്റെടുത്ത് നടത്തുന്ന ഉത്തരവാദിത്വം മറ്റൊരാൾക്ക് സാധ്യമാകില്ലയെന്നാണ്. ഒരു കൂട്ടായ പ്രവർത്തനത്തിലൂടെ മാത്രമെ ഇത്തരത്തിലുളള മഹാരഥന്മാരുടെ വിടവ് നിർത്താനാകുവെന്നും എം വി ഗോവിന്ദൻ കൂട്ടിച്ചേർത്തു.

വന്‍ ജനാവലിയെ സാക്ഷിനിര്‍ത്തി, തൊണ്ട പൊട്ടുന്ന മുദ്രാവാക്യങ്ങള്‍ ബാക്കിയാക്കിയാണ് ആ ചുവന്ന നക്ഷത്രം ഓര്‍മ്മയായത്. പുന്നപ്രയിലെ രക്തസാക്ഷികളുടെ മണ്ണായ വലിയ ചുടുകാട്ടില്‍ വി എസ് അച്യുതാനന്ദന്‍ എന്ന കമ്മ്യൂണിസ്റ്റ് നേതാവിന് ഇനി അന്ത്യവിശ്രമം. ഒടുവില്‍ പൊതുദര്‍ശനം നടന്ന റിക്രിയേഷന്‍ ഗ്രൗണ്ടില്‍ വി എസിന് ഔദ്യോഗിക ബഹുമതികളോടെ യാത്രയയ്പ്പ് നല്‍കി.

കമ്മ്യൂണിസ്റ്റ് നേതാക്കളായ ടി വി തോമസിന്റെയും പി ടി പുന്നൂസിന്റെയും അന്ത്യവിശ്രമ ഭൂമിക്ക് നടുവിലാണ് വിഎസിനും അന്ത്യവിശ്രമ സ്ഥലമൊരുക്കിയത്. വലിയ ചുടുകാട്ടില്‍ പ്രവേശന ഗേറ്റിന്റെ ഇടതുഭാഗത്താണ് വി എസിന്റെ സംസ്‌കാരം നടന്നത്. പാര്‍ട്ടി പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ച് അഭിവാദ്യം അര്‍പ്പിച്ച ശേഷം വി എസിന്റെ മകന്‍ അരുണ്‍ കുമാര്‍ ചിതയ്ക്ക് തീകൊളുത്തി.

സെക്രട്ടറിയേറ്റിലെ ദര്‍ബാര്‍ ഹാളില്‍ നിന്ന് ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെ ആരംഭിച്ച വിലാപയാത്ര ജനസാഗരത്തിന് നടുവിലൂടെ ഇന്ന് രാവിലെ കൊല്ലവും ആലപ്പുഴയും പിന്നിട്ടാണ് വി എസിന്റെ സ്വന്തം വേലിക്കകത്ത് വീട്ടിലേക്ക് എത്തിയത്. 22 മണിക്കൂറുകള്‍ പിന്നിട്ട വിലാപയാത്രയ്ക്കാണ് കേരളം ഒരു രാത്രിയും രണ്ട് പകലും സാക്ഷ്യം വഹിച്ചത്. കുടുംബാംഗങ്ങള്‍ക്ക് വി എസിന് അന്തിമോപചാരം അര്‍പ്പിക്കാന്‍ വീടിനുള്ളില്‍ പ്രത്യേകം സൗകര്യം ഒരുക്കിയിരുന്നു. ശേഷം പൊതുദര്‍ശനത്തിനായി മുറ്റത്ത് തയ്യാറാക്കിയ പന്തലിലേക്ക് ഭൗതിക ശരീരം മാറ്റുകയായിരുന്നു.

ആര്‍ത്തലച്ചുപെയ്യുന്ന മഴയെ അവഗണിച്ച് പ്രായഭേദമന്യേ കേരളം വിഎസിലേക്ക് ഒഴുകുന്ന കാഴ്ചയാണ് കണ്ടത്. ശേഷം ഭൗതിക ശരീരം വഹിച്ചുള്ള വിലാപയാത്ര സിപിഐഎം ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് എത്തിച്ചു. ജനസാഗരത്തിന് നടുവിലൂടെയാണ് പാര്‍ട്ടിയുടെ ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് പഴയ ജില്ലാ സെക്രട്ടറി അവസാനമായി എത്തിയത്. അവിടെയും സമരനായകന്‍ തങ്ങളിലൂടെ ജീവിക്കുന്നുണ്ടെന്ന് ആര്‍ത്ത് വിളിക്കുന്ന ആള്‍ക്കൂട്ടമായിരുന്നു അഭിവാദ്യങ്ങളുമായി കാത്ത് നിന്നത്. ഉറക്കെ ഉറക്കെ വിഎസ് എന്ന രണ്ടക്ഷരത്തിലേക്ക് ആള്‍ക്കൂട്ടം ലയിച്ചു. പ്രിയസഖാവിന് അന്ത്യാഭിവാദ്യം അര്‍പ്പിക്കാന്‍ നേതാക്കള്‍ ജില്ലാ കമ്മിറ്റി ഓഫീസില്‍ എത്തി. വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍, സാമൂഹിക സാംസ്‌കാരിക സാമുദായിക രംഗത്തെ പ്രമുഖര്‍ അടക്കമുള്ളവര്‍ വി എസിന് അന്ത്യയാത്ര നല്‍കാനെത്തി. നിയന്ത്രിക്കാനാകാത്ത തിരക്കാണ് സിപിഐഎം പാര്‍ട്ടി ഓഫീസിലും പരിസരത്തും ഉണ്ടായിരുന്നത്. പെരുമഴയെ വകവെക്കാതെയായിരുന്നു സമരസൂര്യനെ കാണാന്‍ നാട് എത്തിയത്. അരമണിക്കൂര്‍ മാത്രം ജില്ലാ കമ്മിറ്റി ഓഫീസില്‍ തീരുമാനിച്ച പൊതുദര്‍ശനം മണിക്കൂര്‍ കഴിഞ്ഞും നീണ്ടു.

സിപിഐഎം പാര്‍ട്ടി ഓഫീസില്‍ നിന്ന് വൈകിട്ടോടെയാണ് വി എസിന്റെ ഭൗതിക ശരീരം റിക്രിയേഷന്‍ ഗ്രൗണ്ടിലേക്ക് എത്തിച്ചത്. തുടര്‍ന്ന് ഔദ്യോഗിക ബഹുമതിയോടെയുള്ള യാത്രയയപ്പ്. തങ്ങളുടെ പ്രിയ നേതാവിനെ അവസാനമായി ഒരു നോക്കുകാണാന്‍ ഇവിടേയ്ക്കും ജനസാഗരം ഒഴുകിയെത്തി. 'കണ്ണേ കരളേ വി എസ്സേ' എന്ന മുദ്രാവാക്യം ഇവിടെയും അലയടിച്ചു. പെയ്തുതോരാത്ത മഴയെ വകവെയ്ക്കാതെ ഇവിടെയും ആളുകള്‍ പ്രിയ നേതാവിനായി മണിക്കൂറുകള്‍ കാത്തുനിന്നു. 8.15 ഓടെ വി എസിന്റെ ഭൗതിക ശരീരം റിക്രേയഷന്‍ റിക്രിയേഷന്‍ ഗ്രൗണ്ടില്‍ നിന്ന് വലിയ ചുടുകാട്ടിലേക്ക് കൊണ്ടുപോയി. ഈ സമയമത്രയും അന്തരീക്ഷത്തില്‍ 'ആര് പറഞ്ഞു മരിച്ചെന്ന്, ഞങ്ങളിലൂടെ ജീവിക്കുന്നു' എന്ന മുദ്രാവാക്യം മുഴങ്ങിക്കൊണ്ടിരുന്നു.

ഒന്‍പത് മണിയോടെയാണ് വി എസിന്റെ ഭൗതിക ദേഹം വലിയ ചുടുകാട്ടിലേക്ക് എത്തിച്ചത്. ഈ സമയമത്രയും വി എസിനെ കാത്ത് പങ്കാളി വസുമതിയമ്മയും മുഖ്യമന്ത്രി പിണറായി വിജയനും മറ്റ് നേതാക്കളും വലിയ ചുടുകാട്ടില്‍ കാത്തിരുന്നു. പ്രിയ നേതാവിന് അന്ത്യാഭിവാദ്യങ്ങള്‍ അര്‍പ്പിക്കാന്‍ വലിയ ചുടുകാടിന് പുറത്തും വലിയ ജനക്കൂട്ടം അണിനിരന്നിരുന്നു. വി എസിന്റെ ഭൗതിക ദേഹം എത്തിച്ചതോടെ ജനങ്ങള്‍ ആര്‍ത്തിരമ്പി ഒരു കടലായിമാറി. ഔദ്യോഗിക ബഹുമതികള്‍ക്ക് ശേഷം 9.10 ഓടെ വി എസ്സിന്റെ ഭൗതിക ദേഹം സംസ്‌കരിച്ചു.

21ന് വൈകിട്ട് 3.20-നായിരുന്നു വി എസിന്റെ മരണം സ്ഥിരീകരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരം എസ് യു ടി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച വി എസിന് പിന്നീട് സാധാരണ നിലയിലേയ്ക്ക് തിരിച്ചുവരാന്‍ സാധിച്ചിരുന്നില്ല. വെന്റിലേറ്ററിന്റെ സഹായത്തോടെ വിഎസിന്റെ ചികിത്സ തുടരുന്നതിനിടെയായിരുന്നു അന്ത്യം. മരിക്കുമ്പോള്‍ 101 വയസ്സായിരുന്നു വി എസ് അച്യുതാനന്ദന്റെ പ്രായം.

കേരളത്തിന്റെ ഏറ്റവും ജനകീയനായ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായിരുന്നു വിഎസ് അച്യുതാനന്ദന്‍. സിപിഐഎമ്മിന്റെ പൊളിറ്റ്ബ്യൂറോ അംഗം, സംസ്ഥാന സെക്രട്ടറി തുടങ്ങിയ നിലകളിലെല്ലാം പ്രവത്തിച്ച വി എസ് അക്ഷരാര്‍ത്ഥത്തില്‍ സമരകേരളത്തിന്റെ രാഷ്ട്രീയ മുഖമായിരുന്നു. അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നാഷണല്‍ കൗണ്‍സിലില്‍ നിന്നും ഇറങ്ങി വന്ന് സിപിഐഎം രൂപീകരിക്കുന്നതില്‍ മുന്നിലുണ്ടായിരുന്ന അവസാന നേതാവ് കൂടിയാണ് ഓര്‍മ്മയാകുന്നത്. തിരുവിതാംകൂറിലും പിന്നീട് ഐക്യകേരളത്തിലും നടന്ന തൊഴിലാളി വര്‍ഗ രാഷ്ട്രീയ പോരാട്ടങ്ങളുടെ ഒരുയുഗം കൂടിയാണ് വിഎസിന്റെ വിയോഗത്തോടെ അവസാനിച്ചിരിക്കുന്നത്.

Content Highlights: MV Govindan About V S Achuthanandan

dot image
To advertise here,contact us
dot image