വെള്ളാപ്പള്ളി നടേശന്‍ ആര്‍എസ്എസ് നേതൃത്വം ഏറ്റെടുക്കണം; പരിഹസിച്ച് മുസ്ലിം ലീഗ് മലപ്പുറം ജില്ലാകമ്മിറ്റി

വെള്ളാപ്പള്ളി ശ്രീനാരായണ ധര്‍മ്മ പരിപാലന സംഘത്തിന്റെ നേതൃത്വത്തിലല്ല ഇരിക്കേണ്ടതെന്നും മുസ്ലിം ലീഗ് മലപ്പുറം ജില്ലാകമ്മിറ്റി

dot image

മലപ്പുറം: വിവാദ പ്രസംഗത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ മുസ്ലിം ലീഗ് മലപ്പുറം ജില്ലാ കമ്മിറ്റി. വെള്ളാപ്പള്ളി നടേശന്‍ ആര്‍എസ്എസിന്റെ നേതൃത്വത്തില്‍ ഇരിക്കാനാണ് ഏറ്റവും അനുയോജ്യന്‍ എന്ന് ജില്ലാ നേതൃത്വം വിമര്‍ശിച്ചു. ശ്രീനാരായണ ധര്‍മ്മ പരിപാലന സംഘത്തിന്റെ നേതൃത്വത്തിലല്ല ഇരിക്കേണ്ടതെന്നും അഭിപ്രായപ്പെട്ടു.

സര്‍വ്വമത മൈത്രിയും മാനവികതയും മതസാഹോദര്യവും വിളംബരം ചെയ്ത ശ്രീനാരായണ ഗുരുവിന്റെ പേരിലുള്ള പ്രസ്ഥാനത്തെ അവഹേളിക്കുകയാണ് വെള്ളാപ്പള്ളി ചെയ്യുന്നത്. ഗുരു ആഹ്വാനം ചെയ്തതിന് വിരുദ്ധമായി അനുയായികള്‍ക്ക് മദ്യം വിളമ്പി മയക്കികിടത്തിയ ശേഷം ഉത്പാദനം വര്‍ധിപ്പിക്കാന്‍ ആഹ്വാനം ചെയ്യുന്ന നടേശന്‍ സ്വയം അപഹാസ്യനാവുകയാണെന്നും മുസ്ലീം ലീഗ് ജില്ലാ കമ്മിറ്റി ചൂണ്ടികാട്ടി.

തിരൂരങ്ങാടിയില്‍ എ കെ ആന്റണിയെ ജയിപ്പിച്ച് മുഖ്യമന്ത്രി സ്ഥാനത്തിരുത്തിയവരാണ് മലപ്പുറത്തുകാരെന്ന് വെള്ളാപ്പള്ളി ഓര്‍ക്കണം. മുസ്ലിങ്ങളെപ്പോലെ ന്യൂനപക്ഷമായ ക്രിസ്ത്യന്‍ സമുദായത്തില്‍ നിന്ന് പലതവണ പലരും മുഖ്യമന്ത്രിമാരായിട്ടുണ്ടല്ലോ. അപ്പോഴൊന്നുമില്ലാത്ത ആശങ്കയാണ് മുസ്ലിം സമുദായത്തില്‍ നിന്നൊരാള്‍ മുഖ്യമന്ത്രിയാകുമെന്ന സാങ്കല്‍പ്പിക കാര്യത്തിന്റെ പേരില്‍ നടേശന്‍ പ്രകടിപ്പിക്കുന്നത് എന്നും ജില്ലാ കമ്മിറ്റി കുറ്റപ്പെടുത്തി.

കേരളം വൈകാതെ മുസ്ലിം ഭൂരിപക്ഷ നാടായി മാറുമെന്നായിരുന്നു വെള്ളാപ്പള്ളിയുടെ പരാമര്‍ശം. മുസ്ലിം ഭൂരിപക്ഷമായി ഇവിടെ മാറും എന്ന് മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനും നേരത്തെ പറഞ്ഞിരുന്നുവെന്നും അതിന് 40 വര്‍ഷം വേണ്ടി വരില്ലെന്നും കേരളത്തില്‍ മതാധിപത്യമാണെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞിരുന്നു. പരാമര്‍ശം വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചെങ്കിലും സമാന പരാമര്‍ശം ഇന്നലെയും വെള്ളാപ്പള്ളി പരാമര്‍ശം ആവര്‍ത്തിച്ചു. മുസ്ലിം ലീഗിന്റെ മതമേലധ്യക്ഷന്മാര്‍ കേരളത്തെ നിയന്ത്രിക്കുകയും ഭരിക്കുകയും ചെയ്യുന്നുവെന്നാണ് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞത്.

Content Highlights: Muslim League Malappuram district committee against Vellapally Natesan

dot image
To advertise here,contact us
dot image