മിഥുൻ്റെ മരണം; സ്‌കൂള്‍ മാനേജ്‌മെന്റിന് എതിരെ കേസ്

മാനേജ്‌മെന്റിനെതിരെ നടപടിയെടുക്കാതെ പ്രധാന അധ്യാപികയ്‌ക്കെതിരെ മാത്രം നടപടി സ്വീകരിച്ചതിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു

dot image

കൊല്ലം: സ്‌കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി മിഥുന്‍ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ കൊല്ലം തേവലക്കര ബോയ്‌സ് ഹൈസ്‌ക്കൂള്‍ മാനേജ്‌മെന്റിന് എതിരേയും കേസ്. ശാസ്താംകോട്ട പൊലീസാണ് കേസെടുത്തത്. സ്‌കൂള്‍ മാനേജര്‍, മാനേജ്‌മെന്റ് കമ്മിറ്റി അംഗങ്ങള്‍ എന്നിവരും പ്രതികളാകും. സൈക്കിള്‍ ഷെഡ് കെട്ടിയ സമയത്തെ മാനേജ്‌മെന്റും സ്‌കൂളിന് ഫിറ്റ്‌നെസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയ പഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയര്‍ക്കെതിരെയും കേസെടുക്കും.

മാനേജ്‌മെന്റിനെതിരെ നടപടിയെടുക്കാതെ പ്രധാന അധ്യാപികയ്‌ക്കെതിരെ മാത്രം നടപടി സ്വീകരിച്ചതിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ യഥാര്‍ത്ഥ കാരണക്കാരായ സ്‌കൂള്‍ മാനേജ്‌മെന്റിനെയും കെഎസ്ഇബിയെയും ഒഴിവാക്കി പ്രധാനാധ്യാപികയ്‌ക്കെതിരെ നടപടി സ്വീകരിച്ചത് നീതിയല്ലെന്നായിരുന്നു കഴിഞ്ഞ ദിവസം കെപിഎസ്ടിഎ പ്രതികരിച്ചത്. അധ്യാപകരെ അടച്ചാക്ഷേപിക്കുന്ന നയം വിദ്യാഭ്യാസ മന്ത്രി തിരുത്തണമെന്നും ആവശ്യപ്പെട്ടിരുന്നു.

ഇക്കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സ്‌കൂളില്‍ നിന്നും ഷോക്കേറ്റ് മിഥുന്‍ മരിച്ചത്. ഇന്നലെ പടിഞ്ഞാറെ കല്ലട വിളന്തറയിലെ വീട്ടുവളപ്പില്‍ മൃതദേഹം സംസ്‌കരിച്ചു. സ്‌കൂളിലെ സൈക്കിള്‍ ഷെഡിന് മുകളില്‍ വീണ സുഹൃത്തിന്റെ ചെരുപ്പെടുക്കാന്‍ കയറിയപ്പോഴായിരുന്നു മിഥുന് ഷോക്കേറ്റത്. കെഎസ്ഇബിയില്‍ നിന്ന് അധികൃതര്‍ എത്തി വൈദ്യുതി ബന്ധം വിച്ഛദിച്ച് മിഥുനെ താഴെയിറക്കി ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഇതിന് പിന്നാലെ സ്‌കൂള്‍ മാനേജ്മെന്റ് കമ്മിറ്റിക്ക് വീഴ്ച്ചയുണ്ടായെന്ന് വൈദ്യുത വകുപ്പിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നു. തറയില്‍ നിന്ന് ലൈനിലേക്കും സൈക്കിള്‍ ഷെഡിലേക്കും സുരക്ഷാ അകലം പാലിച്ചിട്ടില്ലെന്നും പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. സംഭവത്തില്‍ പ്രധാനാധ്യാപികയെ സസ്പെന്‍ഡ് ചെയ്തിരുന്നു. സ്‌കൂള്‍ മാനേജരാണ് സസ്പെന്‍ഷന്‍ ഉത്തരവിറക്കിയത്. കുട്ടികള്‍ക്ക് സുരക്ഷിതത്വം ഉറപ്പാക്കുന്നതില്‍ വീഴ്ച വരുത്തിയതായി ഉത്തരവില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

Content Highlights: Midhun Death Case against school Management

dot image
To advertise here,contact us
dot image