
കൊല്ലം: ഷാര്‍ജയില്‍ ഫ്‌ളാറ്റില്‍ ജീവനൊടുക്കിയ അതുല്യ ശേഖര്‍ ഭര്‍ത്താവ് സതീഷില്‍ നിന്നും നേരിട്ടത് കടുത്ത പീഡനം. വിവാഹം കഴിഞ്ഞ് കുറച്ചുനാളുകള്‍ കഴിഞ്ഞതുമുതല്‍ക്കെ മാനസിക, ശാരീരിക പീഡനം മകള്‍ നേരിട്ടിരുന്നുവെന്ന് അതുല്യയുടെ പിതാവ് റിപ്പോര്‍ട്ടറിനോട് പറഞ്ഞു. ഒന്നര വര്‍ഷത്തിന് ശേഷം സതീഷിനെതിരെ പരാതി നല്‍കിയിരുന്നുവെങ്കിലും കൗണ്‍സിംലിംഗിന് ശേഷം ഇരുവരും വീണ്ടും ഒന്നിക്കുകയായിരുന്നു. ഒരു മകള്‍ ഉള്ളതിനാല്‍ എല്ലാം സഹിച്ചാണ് അതുല്യ സതീഷിനൊപ്പം കഴിഞ്ഞിരുന്നതെന്നും പിതാവ് പറയുന്നു.
'പിറന്നാള്‍ പാര്‍ട്ടി കഴിഞ്ഞ് മുറിയിലേക്ക് പോയതാണ് അതുല്യ. അതിന് ശേഷമാണ് പ്രശ്‌നം ഉണ്ടായതെന്നാണ് കരുതുന്നത്. മൂന്ന് മാസം മുന്‍പ് നാട്ടില്‍ വന്നിരുന്നു. ജോലിയില്‍ പ്രവേശിക്കണം എന്നുപറഞ്ഞാണ് തിരികെ ഷാര്‍ജയിലേക്ക് പോയത്. കല്ല്യാണം കഴിഞ്ഞ് ഒരു മാസം കഴിഞ്ഞപ്പോള്‍ തന്നെ പ്രശ്‌നങ്ങളും പീഡനങ്ങളുമാണ്. 48 പവന്‍ കൊടുത്തിട്ടും ഭര്‍ത്താവിന് തൃപ്തിയുണ്ടായിരുന്നില്ല. ബൈക്ക് വാങ്ങി നല്‍കി. കാര്‍ വാങ്ങിക്കൊടുക്കണമെന്ന് പറഞ്ഞ് നിരന്തരം പീഡനങ്ങളായിരുന്നു. മാനസിക പീഡനം ആദ്യമേ തുടങ്ങി. അതിന് പിന്നാലെ ശാരീരിക പീഡനവും തുടങ്ങി', പിതാവ് പറയുന്നു.
'11 വര്‍ഷമായി വിവാഹം കഴിഞ്ഞിട്ട്. വിവാഹം കഴിഞ്ഞ് ഒന്നരവര്‍ഷത്തിന് ശേഷം കേസ് കൊടുത്തിരുന്നു. കൗണ്‍സിംലിംഗിന് ശേഷം ഇരുവരും വീണ്ടും ഒന്നിക്കുകയായിരുന്നു. വീണ്ടും പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. പെണ്‍കുഞ്ഞില്ലേ. അതിനാല്‍ കോംപ്രമൈസ് ചെയ്ത് പോവുകയായിരുന്നു. അടികൊണ്ടാലും ഇടികൊണ്ടാലും സഹിച്ചങ്ങ് പോകും. അവന്‍ മദ്യപിച്ചാല്‍ മര്‍ദ്ദനം സ്ഥിരമാണ്. ചില ദിവസങ്ങളില്‍ അത് കൂടിപ്പോകും. മകളെ നാട്ടിലേക്ക് വിളിച്ചെങ്കിലും ഇവന്‍ വിടില്ലായിരുന്നു. ഭക്ഷണം പാകം ചെയ്ത് കൊടുക്കാനും ടെച്ചിംങ്‌സ് കൊടുക്കാനും മീന്‍ പൊരിച്ചുകൊടുക്കാനും മുട്ട പൊരിച്ചുകൊടുക്കാനും ഒരാളെ വേണം. ഭാര്യയെന്ന പരിഗണനയൊന്നുമില്ല. അത്തരമൊരു സ്വഭാവക്കാരനാണ്' എന്നും പിതാവ് വെളിപ്പെടുത്തി.
മുന്‍ പൊരിക്കല്‍ അവന്‍ കരഞ്ഞുപിടിച്ച് പിന്നാലെ നടന്നിട്ടാണ് അതുല്ല്യയെ സതീഷിനൊപ്പം വിട്ടത്. നോര്‍മലായ മനുഷ്യനാണെങ്കില്‍ മാറുമായിരിക്കും. ഇവന്‍ മദ്യപിച്ചുകഴിഞ്ഞാല്‍ ഭ്രാന്തനെപ്പോലെയാണെന്നും പിതാവ് കൂട്ടിച്ചേര്‍ത്തു.
ശനിയാഴ്ച രാവിലെയായിരുന്നു തേവലക്കര തെക്കുഭാഗം സ്വദേശി അതുല്യ ശേഖറിനെ (30) ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഷാര്‍ജ റോളപാര്‍ക്കിന് സമീപത്തെ ഫ്‌ലാറ്റില്‍ തുങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടത്. അതുല്യ ഇന്നലെ പുതിയ ജോലിയില്‍ പ്രവേശിക്കാനിരിക്കുകയായിരുന്നു. ദുബായില്‍ കോണ്‍ട്രാക്ടിങ് സ്ഥാപനത്തില്‍ എന്‍ജിനീയറായി ജോലി ചെയ്യുകയാണ് സതീഷ്. മരണത്തില്‍ ഷാര്‍ജ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Content Highlights: Kollam athulya sharjah death father reaction