
കൊച്ചി: നെടുമ്പാശേരിയില്‍ ലഹരികടത്തിന് ശ്രമിച്ച ബ്രസീലിയൻ ദമ്പതികളുടെ വയറ്റിൽ നിന്ന് പുറത്തെടുത്തത് 163 കൊക്കെയ്ൻ ഗുളികകൾ. ഇതിൽ 1.67 കിലോ കൊക്കെയ്ൻ പുറത്തെത്തിച്ചിട്ടുണ്ട്. 16 കോടി വില വരുന്ന ലഹരിയാണ് ഇവർ ക്യാപ്‌സ്യൂള്‍ രൂപത്തിലാക്കി വിഴുങ്ങി കടത്താൻ ശ്രമിച്ചത്. ലൂക്കാസ്, ബ്രൂണ എന്നിവരാണ് ലഹരി ഗുളികകൾ ഇത്തരത്തിൽ കടത്താൻ ശ്രമിച്ചത്. ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.
ശനിയാഴ്ച രാവിലെയാണ് നെടുമ്പാശേരി വിമാനത്താവളത്തിൽ വെച്ച് ഇരുവരെയും ഡിആര്‍ഐ പിടികൂടിയത്. ഇരുവരുടെ സ്‌കാനിംഗില്‍ ക്യാപ്‌സ്യൂള്‍ രൂപത്തിലാക്കി ലഹരിമരുന്ന് വിഴുങ്ങിയതായി വ്യക്തമായതോടെയായിരുന്നു നടപടി. വിമാനത്താവളത്തില്‍ എത്തിയതിന് പിന്നാലെ ചില സംശയങ്ങളെ തുടര്‍ന്ന് വിശദമായ പരിശോധന നടത്തി. എന്നാല്‍ ഇവരുടെ പക്കലുണ്ടായിരുന്ന ലഗേജില്‍ നിന്നും ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇതോടെയാണ് സ്‌കാനിംഗ് നടത്താന്‍ തീരുമാനിച്ചത്.
വിശദമായ പരിശോധനയില്‍ വയറ്റിൽ ക്യാപ്‌സ്യൂളുകള്‍ കണ്ടെത്തിയതോടെ ദമ്പതികളെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇത്തരത്തില്‍ വിഴുങ്ങുന്ന ക്യാപ്‌സ്യൂളുകള്‍ പൊട്ടിയാല്‍ മരണം വരെ സംഭവിക്കാം. കൊച്ചിയിലെത്തിയ ദമ്പതികള്‍ തിരുവനന്തപുരത്തേക്ക് പോകാനാണ് ലക്ഷ്യമിട്ടതെന്നാണ് വിവരം. ഇവര്‍ തലസ്ഥാനത്തെ ഒരു ഹോട്ടലില്‍ മുറി ബുക്ക് ചെയ്തിരുന്നു. ഇവരുടെ ഫോണ്‍ കോളുകടക്കം പരിശോധിക്കുകയാണ് അന്വേഷണ സംഘം.
Content Highlights- Brazilian couple found with 163 cocaine pills in stomach after trying to smuggle drugs