
കൊല്ലം: ഷാർജയിൽ ജീവനൊടുക്കിയ മകൾ വിപഞ്ചികയുടേയും കൊച്ചുമകൾ വൈഭവിയുടേയും മൃതദേഹങ്ങൾ നാട്ടിലെത്തിക്കണമെന്ന ആവശ്യവുമായി അമ്മ ശൈലജ. കുഞ്ഞിന്റെ മൃതദേഹം വിട്ടുകിട്ടിയെന്ന് വിപഞ്ചികയുടെ ഭര്‍ത്താവായ നിധീഷ് അറിയിച്ചുവെന്നും ഇന്ന് തന്നെ ഷാര്‍ജയില്‍ സംസ്‌കാരം നടത്താന്‍ തീരുമാനമായെന്നും ശൈലജ അറിയിച്ചു. മകളുടെയും കൊച്ചു മകളുടെയും മൃതദേഹം നാട്ടിലെത്തിക്കണമെന്നും ജന്മനാട്ടിൽ സംസ്കരിക്കണമെന്നാണ് ആഗ്രഹമെന്നും ശൈലജ പറഞ്ഞു. വിഷയത്തിൽ കോൺസുലേറ്റ് ഇടപെടണമെന്നും അമ്മ ആവശ്യപ്പെട്ടു.
മൃതദേഹം നാട്ടിലെത്തിയ ശേഷം നിധീഷിന്റെ വീട്ടില്‍ സംസ്‌കരിച്ചാലും കുഴപ്പമില്ലെന്നും അമ്മ പറഞ്ഞു. പക്ഷെ നാട്ടിലെത്തിക്കണമെന്നാണ് തങ്ങളുടെ ആഗ്രഹം. മൃതദേഹങ്ങൾ ഷാർജയിൽ സംസ്‌കരിക്കണമെന്ന് നിധീഷ് വാശിപിടിക്കുന്നത് എന്തിനാണെന്ന് മനസ്സിലാവുന്നില്ലെന്നും ശൈലജ പറഞ്ഞു.
ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയായിരുന്നു കൊല്ലം കൊറ്റംകര കേരളപുരം സ്വദേശിനി രജിത ഭവനില്‍ വിപഞ്ചികയെയും മകള്‍ വൈഭവിയെയും അല്‍ നഹ്ദയിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. ദുബായിലെ സ്വകാര്യ സ്ഥാപനത്തില്‍ ഫയലിങ് ക്ലര്‍ക്കാണ് വിപഞ്ചിക. ദുബായില്‍ തന്നെ ജോലി ചെയ്യുകയാണ് ഭര്‍ത്താവ് നിതീഷ്. ഇരുവരും വേര്‍പിരിഞ്ഞ് താമസിക്കുകയായിരുന്നുവെന്നാണ് വിവരം. ഏഴുവര്‍ഷമായി വിപഞ്ചിക ദുബായിലാണ് ജോലി ചെയ്യുന്നത്. നാലര വര്‍ഷം മുന്‍പായിരുന്നു വിവാഹം.
Content Highlights- Nidheesh's family is preparing to bury the child's body in Sharjah, Vipanchika's mother wants it to be brought home.