
കൊച്ചി: യൂട്യൂബര്‍ ഷാജന്‍ സ്‌കറിയ പൊലീസിന്റെ വയര്‍ലെസ് സന്ദേശം ചോര്‍ത്തിയന്നെ കേസില്‍ പാലാരിവട്ടം പൊലീസിന് മജിസ്‌ട്രേറ്റ് കോടതിയുടെ രൂക്ഷ വിമര്‍ശനം. കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം നടത്താന്‍ തീരുമാനിച്ച ഉത്തരവിലാണ് പൊലീസിനെതിരെ കോടതിയുടെ വിമര്‍ശനം. കേസെടുത്ത് 500 ദിവസമായിട്ടും അന്വേഷണം നടത്തുന്നതില്‍ പാലാരിവട്ടം പൊലീസ് കുറ്റകരമായ കാലതാമസം വരുത്തിയെന്നും എറണാകുളം ജെഎഫ്എംസി കോടതി വിമർശിച്ചു.
അന്വേഷണം സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ പൊലീസിന് കഴിഞ്ഞില്ലയെന്നും പൊലീസ് ആകെ ചെയ്തത് ഷാജന്‍ സ്‌കറിയയെ ചോദ്യം ചെയ്യാന്‍ ഹാജരാകാനായി 2024 ഡിസംബറില്‍ നല്‍കിയ നോട്ടീസ് മാത്രമാണ്. ഈ നോട്ടീസ് യൂട്യൂബര്‍ ഷാജന്‍ സ്‌കറിയ കൈപ്പറ്റാതെ മടങ്ങി. ഒന്‍പതാം പ്രതിക്ക് തുടര്‍ന്ന് നോട്ടീസ് നല്‍കാന്‍ പൊലീസ് തയ്യാറായില്ല. പൊലീസിന്റെ വയര്‍ലെസ് സന്ദേശം ചോര്‍ത്തിയെന്ന കേസിലെ അന്വേഷണം പൂര്‍ത്തിയാക്കാന്‍ പൊലീസിന് ഒരു പദ്ധതിയുമില്ലയെന്നും പൊലീസിന്റെ സമീപനം തുടര്‍ന്നും അനുവദിക്കാനാവില്ലെന്നും മജിസ്‌ട്രേറ്റ് കോടതി വിമർശിച്ചു.
കേസന്വേഷണത്തിലെ കാലതാമസം ന്യായീകരിക്കാവുന്നതിലും അപ്പുറമാണ്. ഈ സാഹചര്യത്തില്‍ കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം അനിവാര്യമാണ്. ഫൊറന്‍സിക് പരിശോധന ഉള്‍പ്പടെയുള്ള അന്വേഷണം ഉടന്‍ പൂര്‍ത്തിയാക്കണം. അന്തിമ അന്വേഷണ റിപ്പോര്‍ട്ട് എത്രയും വേഗം നല്‍കണമെന്നുമാണ് ഉത്തരവില്‍ പാലാരിവട്ടം പൊലീസിന് നല്‍കിയ നിര്‍ദ്ദേശം. ഓരോ 30 ദിവസത്തിലും അന്വേഷണ പുരോഗതി പൊലീസ് കോടതിയെ അറിയിക്കണം. അന്വേഷണത്തിലെ വീഴ്ച ഒഴിവാക്കാനാണ് കോടതി മേല്‍നോട്ടമെന്നും ഉത്തരവിലുണ്ട്.
ഇന്ത്യന്‍ ടെലിഗ്രാഫ് നിയമത്തിലെ 21, 26 വകുപ്പുകളും ഔദ്യോഗിക രഹസ്യ നിയമത്തിലെ 3, 5 വകുപ്പുകളുമാണ് ഷാജന്‍ സ്‌കറിയ ഉള്‍പ്പടെയുള്ള പ്രതികള്‍ക്കെതിരെ ചുമത്തിയത്. എഫ്‌ഐആറിലെ മറ്റൊരു വകുപ്പായ ഐടി നിയമത്തിലെ 66എഫ്, ജീവപര്യന്തം വരെ ലഭിക്കാവുന്ന കുറ്റമാണ്. യൂട്യൂബര്‍ ഷാജന്‍ സ്‌കറിയക്കെതിരെ ഗുരുതര ആക്ഷേപമുണ്ടായിട്ടും പൊലീസ് ഗൗരവതരമായി പരിഗണിച്ചില്ലെന്ന അഡ്വ. ഫിര്‍ദൗസിന്റെ പരാതിയിലാണ് മജിസ്‌ട്രേറ്റ് കോടതിയുടെ കടുത്ത നടപടി.
Content Highlight : Court criticizes police in Shajan Scaria wireless message interception case