
കൊല്ലം: മലയാളി യുവതിയെയും ഒന്നര വയസുകാരിയായ മകളെയും ഷാർജയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി. തൻ്റെ മരണത്തിന് കാരണം ഭർത്താവും കുടുംബവുമാണെന്ന് വിപഞ്ചിക കുറിപ്പിൽ ആരോപിക്കുന്നു. ഭര്‍തൃ പിതാവ് അപമര്യാദയായി പെരുമാറിയതായും സ്ത്രീധനം കുറഞ്ഞു പോയെന്ന് ആരോപിച്ച് ക്രൂരമായി പീഡിപ്പിക്കുന്നതായും വിപഞ്ചികയുടെ കുറിപ്പിൽ പറയുന്നു. 'മരിക്കാന്‍ ഒരാഗ്രഹവുമില്ല. മകളുടെ മുഖം കണ്ട് കൊതിതീര്‍ന്നിട്ടില്ല. ഒരിക്കലും കൊലയാളികളെ വെറുതെ വിടരുത്. എന്‍റെ മരണത്തില്‍ നിതീഷ് മോഹന്‍, ഭര്‍തൃസഹോദരി നീതു എന്നിവരാണ് ഒന്നാം പ്രതികള്‍. രണ്ടാം പ്രതി ഭര്‍ത്താവിന്റെ പിതാവ് മോഹനൻ ആണ്' എന്നും വിപഞ്ചിക കത്തിൽ പറഞ്ഞു.
പിതാവ് അപമര്യാദയായി പെരുമാറി എന്നറിഞ്ഞിട്ടും നിതീഷ് പ്രതികരിച്ചില്ല. അതിനു പകരം തന്നെ വിവാഹം ചെയ്തത് അയാള്‍ക്ക് കൂടി വേണ്ടിയാണ് എന്നായിരുന്നു മറുപടി. ഭര്‍തൃസഹോദരി തന്നെ ജീവിക്കാന്‍ അനുവദിച്ചിട്ടില്ലെന്നും വിപഞ്ചിക കുറിപ്പിൽ പറയുന്നു. വിവാഹം ആഡംബരമായി നടത്തിയില്ല. സ്ത്രീധനം കുറഞ്ഞുപോയി, കാര്‍ കൊടുത്തില്ല എന്നൊക്കെ പറഞ്ഞ് തന്നെ കൊല്ലാക്കൊല ചെയ്തു. വീടില്ലാത്തവള്‍, പണമില്ലാത്തവള്‍, തെണ്ടി ജീവിക്കുന്നവള്‍ എന്നിങ്ങനെയെല്ലാം ആക്ഷേപിച്ചു. കുഞ്ഞിനെ ഓര്‍ത്ത് തന്നെ വിടാന്‍ കെഞ്ചിയിട്ടും ഭര്‍തൃസഹോദരി കേട്ടില്ല. ഇവരുടെ വാക്കും കേട്ട് നിതീഷ് വീട്ടില്‍ വലിയ ബഹളമുണ്ടാക്കിയെന്നും സഹോദരിയുടെ പേരും പറഞ്ഞ് ഗര്‍ഭിണിയായിരുന്ന തന്റെ കഴുത്തില്‍ ബെല്‍റ്റ് ഇട്ട് വലിച്ചുവെന്നും വിപഞ്ചിക പറയുന്നു.
ഒരിക്കലും ആ സ്ത്രീ തന്നെ ജീവിക്കാന്‍ അനുവദിച്ചിട്ടില്ല. ഗര്‍ഭിണിയായി ഏഴാം മാസത്തില്‍ തന്നെ നിതീഷ് വീട്ടില്‍ നിന്ന് ഇറക്കി വിട്ടു. നിതീഷിന് ഒരുപാട് സ്ത്രീകളുമായി ബന്ധമുണ്ടെന്നും കത്തില്‍ പറയുന്നുണ്ട്. തുടക്കത്തിലൊക്കെ നിതീഷ് തന്നെ തല്ലുമായിരുന്നുവെങ്കിലും കാര്യങ്ങള്‍ നോക്കുമായിരുന്നുവെന്നും എന്നാല്‍ കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി തനിക്ക് വെള്ളമോ ആഹാരമോ വസ്ത്രമോ ഒന്നും തരില്ലെന്നും വിപഞ്ചിക ആരോപിച്ചു. തന്നെ അവർക്ക് ഒരു മാനസിക രോഗിയാക്കണമെന്നായിരുന്നു ആഗ്രഹം. തന്‍റെ കൂട്ടുകാർക്കും ഒഫിസിലുള്ളവർക്കുമെല്ലാം നിതീഷും അയാളുടെ സഹോദരിയും അച്ഛനും ചെയ്യുന്ന ദ്രോഹങ്ങളെക്കുറിച്ച് അറിയാമെന്നും പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിച്ചത്.
അതേസമയം മരണത്തിൽ ഷാര്‍ജ പൊലീസ് അന്വേഷിക്കുന്നുണ്ട്. ഷാര്‍ജ അല്‍ ഖാസിമി ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം മൃതദേഹം 16-ന് നാട്ടിലെത്തിക്കാനാകുമെന്ന് ബന്ധുക്കള്‍ കരുതുന്നത്. സംസ്‌കാരം പിന്നീട് മാതൃസഹോദരന്റെ വീടായ പൂട്ടാണിമുക്ക് സൗപര്‍ണികയില്‍ നടത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്.ദുബായിലെ ഒരു സ്വകാര്യസ്ഥാപനത്തില്‍ ഫയലിങ് ക്ലാര്‍ക്കായിരുന്നു വിപഞ്ചിക. ദുബായില്‍ത്തന്നെ ജോലിചെയ്യുന്ന കോട്ടയം നാല്‍ക്കവല സ്വദേശി നിധീഷ് വലിയവീട്ടിലാണ് ഭര്‍ത്താവ്. ഇരുവരും വേര്‍പിരിഞ്ഞ് താമസിക്കുകയായിരുന്നുവെന്നാണ് വിവരം. ഏഴുവര്‍ഷമായി വിപഞ്ചിക യുഎഇയിലാണ് ജോലിചെയ്യുന്നത്. നാലരവര്‍ഷം മുന്‍പായിരുന്നു വിവാഹം.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)
Content Highlight : Vipanchika says in her letter that her husband and family are the reason for her death