കൽപ്പറ്റയിൽ ടി സിദ്ദിഖിന് എതിരാളിയാര്? ഒറ്റ പേരിലേയ്ക്ക് എത്താൻ ആർജെഡി

തദ്ദേശ തെരഞ്ഞെെടുപ്പിലും ലോക്സഭാ തെരഞ്ഞെടുപ്പിലും കൽപ്പറ്റ മണ്ഡലത്തിൽ യുഡിഎഫ് നിർണ്ണായകമായ മുൻതൂക്കം നേടിയിരുന്നു

കൽപ്പറ്റയിൽ ടി സിദ്ദിഖിന് എതിരാളിയാര്? ഒറ്റ പേരിലേയ്ക്ക് എത്താൻ ആർജെഡി
dot image

കൽപ്പറ്റ: പരമ്പരാഗതമായി യുഡിഎഫിൻ്റെ ശക്തികേന്ദ്രമാണ് കൽപ്പറ്റ. 2016ൽ സിപിഐഎം വിജയിച്ച കൽപ്പറ്റ 2021ൽ ടി സിദ്ദിഖിലൂടെ കോൺഗ്രസ് തിരിച്ച് പിടിക്കുകയായിരുന്നു. 2016ൽ സിപിഐഎമ്മിൻ്റെ സി കെ ശശീന്ദ്രൻ യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന എം വി ശ്രേയാംസ് കുമാറിനെയാണ് പരാജയപ്പെടുത്തിയത്. 13083 വോട്ട് ഭൂരിപക്ഷത്തിനായിരുന്നു സി കെ ശശീന്ദ്രൻ്റ വിജയം. എൽഡിഎഫിൽ മടങ്ങിയെത്തിയ എൽജെഡിക്ക് 2021ൽ സിപിഐഎം കൽപ്പറ്റ സീറ്റ് വിട്ടുനൽകി. അത്തവണ എൽഡിഎഫിനായി മത്സരിച്ച എൽജെഡിയിലെ എം വി ശ്രേയാംസ് കുമാർ കോൺഗ്രസിൻ്റെ ടി സിദ്ദിഖിനോട് 5470 വോട്ടിനാണ് പരാജയപ്പെട്ടത്.

തദ്ദേശ തെരഞ്ഞെെടുപ്പിലും ലോക്സഭാ തെരഞ്ഞെടുപ്പിലും കൽപ്പറ്റ മണ്ഡലത്തിൽ യുഡിഎഫ് നിർണ്ണായകമായ മുൻതൂക്കം നേടിയിരുന്നു. കൽപ്പറ്റ മണ്ഡലത്തിൻ്റെ ഭാ​ഗമായ പതിനൊന്ന് തദ്ദേശ സ്ഥാപനങ്ങളിൽ ഒൻപതിലും ഭരണം യുഡിഎഫിനാണ്. കൽപ്പറ്റ മുൻസിപ്പാലിറ്റിയിൽ ഭരണം നേടാൻ സാധിച്ചതാണ് എൽഡിഎഫിൻ്റെ ഏക ആശ്വാസം. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ വയനാട് ലോക്സഭാ മണ്ഡലത്തിൻ്റെ ഭാഗമായ കൽപ്പറ്റ നിയമസഭാ മണ്ഡലത്തിൽ യുഡിഎഫ് 49657 വോട്ടിൻ്റെ ലീഡ് നേടിയിരുന്നു.

നിലവിലെ എംഎൽഎ ടി സിദ്ദിഖ് തന്നെയാകും കൽപ്പറ്റയിൽ ഇത്തവണ യുഡിഎഫ് സ്ഥാനാർത്ഥി. രാഷ്ട്രീയ വോട്ടുകളിൽ യുഡിഎഫിനുള്ള മേൽക്കൈ ടി സിദ്ദിഖിന് ഗുണകകരമാകുമെന്നാണ് കരുതപ്പെടുന്നത്. വയനാട് ജില്ലയിലെ കോൺഗ്രസിലെ അസ്വാരസ്യങ്ങളും ടി സിദ്ദിഖിനെ ബാധിക്കാനിടയില്ല. മുസ്ലിം ലീഗിന് കൽപ്പറ്റ മണ്ഡലത്തിലുള്ള നിർണ്ണായക സ്വാധീനവും ടി സിദ്ദിഖിന് അനുകൂലമാണ്. കൽപ്പറ്റയിൽ ആർജെഡി തന്നെ മത്സരിക്കുമോ സിപിഐഎം സീറ്റ് ഏറ്റെടുക്കുമോ എന്ന നിലയിലുള്ള ചർച്ചകൾ സജീവമാണ്. നിലവിലെ സാഹചര്യത്തിൽ കൽപ്പറ്റയിൽ ആർജെഡി തന്നെ മത്സരിക്കാനാണ് സാധ്യത. മുൻ കോൺഗ്രസ് നേതാവും തോട്ടംതൊഴിലാളി മേഖലയിൽ സ്വാധീനവുമുള്ള പി കെ അനിൽ കുമാറിനെ ഇവിടെ ആർജെഡി പരിഗണിക്കുന്നുണ്ട്. ആർജെഡി ആർജെഡി സംസ്ഥാന ജനറൽ സെക്രട്ടറി സലീം മടവൂർ, മുൻ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും യുവനേതാവുമായ ജുനൈദ് കൈപ്പാണി, ഹരിത വിവാദവുമായി ബന്ധപ്പെട്ട് ലീഗ് വിട്ടെത്തിയ പി പി ഷൈജൽ, ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹിയും ജില്ലാ നേതാവുമായ നാസർ മച്ചാൻ എന്നിവരെയും ആർജെഡി പരിഗണിക്കുന്നുണ്ട്.

2021ലെ കൽപ്പറ്റയിലെ തെരഞ്ഞെടുപ്പ് ഫലം

  • ടി സിദ്ദിഖ് - യുഡിഎഫ്- 70252 (46.15%)
  • എം വി ശ്രേയാംസ് കുമാർ - എൽഡിഎഫ്- 64782 (42.56%)
  • ടി എം സുബീഷ്- എൻഡിഎ- 14113 (9.27%)
  • അശ്വിൻ ഭീംനാഥ് -ബിഎസ്പി- 928 (0.61%)
  • ടി സിദ്ദിഖ് - സ്വതന്ത്രൻ- 641 (0.42%)
  • സുനിൽ വൈദ്യർ - എഡിഎച്ച്എംപിഐ- 455 (0.30%)
  • കെ ശൈലേഷ് - സ്വതന്ത്രൻ- 210 (0.14%)
  • നോട്ട - 828
  • പോൾ ചെയ്ത വോട്ട് - 152209
  • ഭൂരിപക്ഷം - 5470

കൽപ്പറ്റ മണ്ഡലത്തെ ഇതുവരെ പ്രതിനിധീകരിച്ചവർ

  • 2021- ടി സിദ്ദിഖ് -കോൺഗ്രസ്
  • 2016-2021- സി കെ ശശീന്ദ്രൻ- സിപിഐഎം
  • 2011-2016- എം വി ശ്രേയാംസ് കുമാർ- ജെഡിഎസ്
  • 2006-2011 - എം വി ശ്രേയാംസ് കുമാർ- ജെഡിഎസ്
  • 2001-2006- കെ കെ രാമചന്ദ്രൻ- കോൺഗ്രസ്
  • 1996-2001- കെ കെ രാമചന്ദ്രൻ- കോൺഗ്രസ്
  • 1991-1996- കെ കെ രാമചന്ദ്രൻ- കോൺഗ്രസ്
  • 1987-1991- എം പി വീരേന്ദ്രകുമാർ- ജനതാ പാർട്ടി
  • 1982-1987- എം കമലം- ജനതാ പാർട്ടി (ജി)
  • 1980-1982- എം കമലം- ജനതാ പാർട്ടി
  • 1977-1980- കെ ജി അടിയോടി- കോൺഗ്രസ്
  • 1970-1977- പി സിറിയക്ക് ജോൺ- കോൺഗ്രസ്
  • 1967-1970- ബി വെല്ലിങ്ടൺ- കെടിപി
  • 1965*- ബി വെല്ലിങ്ടൺ- കെടിപി

Content Highlights: Explore the brewing political battle in Kalpetta Assembly constituency as RJD aims to unite on a single candidate to challenge incumbent Congress MLA T. Siddique in the 2026 Kerala Assembly polls. Latest updates, alliance dynamics, and Wayanad election insights.

dot image
To advertise here,contact us
dot image