സിഎംഡിആര്‍എഫിലേക്ക് സംഭാവന നല്‍കിയവര്‍ക്ക് നന്ദി സന്ദേശം അയക്കുന്നതില്‍ എന്താണ് തെറ്റ്?: ഹെെക്കോടതി

അതേസമയം മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഡിഎ സന്ദേശത്തില്‍ രാഷ്ട്രീയമില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു

സിഎംഡിആര്‍എഫിലേക്ക് സംഭാവന നല്‍കിയവര്‍ക്ക് നന്ദി സന്ദേശം അയക്കുന്നതില്‍ എന്താണ് തെറ്റ്?: ഹെെക്കോടതി
dot image

കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയവര്‍ക്ക് വാട്‌സ്ആപ്പ് വഴി നന്ദി സന്ദേശം അയക്കുന്നതില്‍ എന്താണ് തെറ്റെന്ന് ഹൈക്കോടതി. ഡിഎ സന്ദേശം ചോദ്യം ചെയ്ത ഹര്‍ജിക്കാരനോടായിരുന്നു കോടതിയുടെ ചോദ്യം. സംഭാവന നല്‍കിയവര്‍ക്ക് നന്ദി അറിയിക്കാനുള്ള അനുമതിക്കായി സര്‍ക്കാര്‍ കഴിഞ്ഞ ദിവസം കോടതിയെ സമീപിച്ചിരുന്നു. വയനാട്ടിലെ വീടുകളുടെ നിര്‍മാണം പൂര്‍ത്തിയായ സാഹചര്യത്തിലായിരുന്നു ഈ നീക്കം. എന്നാല്‍ പണം സ്വീകരിച്ചതിനുള്ള രസീത് ഇതിനകം സര്‍ക്കാര്‍ നല്‍കിയിട്ടുണ്ടെന്നും മറുപടി സത്യവാങ്മൂലം നാളെ നല്‍കാമെന്നുമാണ് ഹര്‍ജിക്കാരന്‍ കോടതിയെ അറിയിച്ചത്. സ്പാര്‍ക്കിലെ വിവരങ്ങള്‍ ഉപയോഗിച്ചല്ല നന്ദി സന്ദേശം അയക്കുന്നതെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. സര്‍ക്കാരിന്റെ ഉപഹര്‍ജി നാളെ പരിഗണിക്കും.

അതേസമയം മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഡിഎ സന്ദേശത്തില്‍ രാഷ്ട്രീയമില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഡിഎ ശമ്പളത്തിന്റെ ഭാഗമാണെന്നും മുഖ്യമന്ത്രി രാഷ്ട്രീയ നേതൃത്വം മാത്രമാണെന്ന് പറഞ്ഞ് വേര്‍തിരിക്കാനാവില്ലെന്നുമാണ് സര്‍ക്കാരിന്റെ വാദം. തെരഞ്ഞെടുപ്പ് കാലത്താണ് സന്ദേശം അയച്ചതെന്നത് യാഥാര്‍ത്ഥ്യമല്ലെന്നും ഹര്‍ജിക്കാരന്റെ ഭരണഘടനാ അവകാശം ലംഘിച്ചിട്ടില്ലെന്നും സര്‍ക്കാര്‍ പറഞ്ഞു. മന്ത്രിസഭയ്ക്കാണ് യഥാര്‍ത്ഥ എക്സിക്യൂട്ടീവ് അധികാരമെന്നും സര്‍ക്കാര്‍ പറഞ്ഞു. സേവന വിവരങ്ങള്‍ അറിയിക്കാന്‍ ജീവനക്കാരുടെ പ്രത്യേക സമ്മതം ആവശ്യമില്ലെന്നും കോടതിയില്‍ സര്‍ക്കാര്‍ പറഞ്ഞു.

എന്നാല്‍ ഡിഎ സന്ദേശം പരസ്യമല്ലേയെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി ചോദിച്ചു. ശമ്പള സന്ദേശം അയക്കാനാണ് ജീവനക്കാര്‍ മൊബൈല്‍ നമ്പര്‍ നല്‍കിയത്. അതിന്മേല്‍ എങ്ങനെ ഡിഎ സന്ദേശം അയക്കാനാകുമെന്നും ഹൈക്കോടതി ചോദിച്ചു. ഇതിന് ജീവനക്കാര്‍ക്ക് സേവന സന്ദേശങ്ങള്‍ അയയ്ക്കാനാകുമെന്നാണ് സര്‍ക്കാര്‍ മറുപടി നല്‍കിയത്. പിന്നാലെ എപ്പോഴാണ് ഐടി മിഷന്‍ സ്പാര്‍ക് വിവരങ്ങള്‍ ശേഖരിച്ചതെന്നും കോടതി ചോദിച്ചു.

2003 മുതല്‍ സ്പാര്‍ക് വിവരങ്ങള്‍ ഐടി മിഷന്റെ കൈവശമുണ്ടെന്നും ഇ ഗവേര്‍ണന്‍സിന്റെ നോഡല്‍ ഏജന്‍സിയാണ് ഐടി മിഷന്‍ എന്നും സര്‍ക്കാര്‍ മറുപടി നല്‍കി. ജീവനക്കാരുടെ വിവരങ്ങള്‍ ഐടി മിഷന് സന്ദേശം അയക്കാനായി ഉപയോഗിക്കാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഐടി മിഷനിലെ ഒരു ജീവനക്കാരനും സ്പാര്‍ക് വിവരങ്ങള്‍ ശേഖരിക്കാനുള്ള അധികാരമില്ലെന്നും ഹൈക്കോടതി പറഞ്ഞു. ജീവനക്കാര്‍ക്ക് വിവരശേഖരണത്തിന് കഴിയില്ലെന്നും ഓട്ടോമാറ്റിക് സംവിധാനം വഴിയാണ് ഐടി മിഷന്‍ സന്ദേശം അയയ്ക്കുന്നതെന്നും സര്‍ക്കാര്‍ മറുപടി നല്‍കി. ഐടി മിഷനിലെ ഉദ്യോഗസ്ഥന്‍ നാളെ ഹൈക്കോടതിയില്‍ നേരിട്ട് ഹാജരായി നടപടികള്‍ വിശദീകരിക്കും. വയനാട്ടിലെ ഭവന നിര്‍മാണ പദ്ധതികള്‍ പൂര്‍ത്തീകരിച്ച സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തവര്‍ക്ക് നന്ദി സന്ദേശം അറിയിക്കാനുണ്ടെന്നാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. അഡ്വക്കേറ്റ് ജനറല്‍ നേരിട്ട് ഹാജരായാണ് ഹൈക്കോടതിയില്‍ ഇക്കാര്യത്തില്‍ അനുമതി തേടിയത്.

Content Highlights: Kerala High Court seeks clarity from petitioner on objection to thank you messages

dot image
To advertise here,contact us
dot image