
പത്തനംതിട്ട: പത്തനംതിട്ട പയ്യനാമണ്‍ ചെങ്കുളം പാറമടയില്‍ പാറ അടര്‍ന്ന് വീണ സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം. അപകടം നടന്ന് രണ്ടര മണിക്കൂര്‍ പിന്നിട്ടിട്ടും അപകട സ്ഥലത്തെത്താന്‍ ഫയര്‍ഫോഴ്‌സ് അടക്കമുള്ള രക്ഷാപ്രവര്‍ത്തകര്‍ക്ക് സാധിക്കുന്നില്ല. നിലവില്‍ എന്‍ഡിആര്‍എഫ് സഖ്യത്തെ എത്തിക്കാനുള്ള ശ്രമത്തിലാണ്. പാറകള്‍ വീഴുന്നതാണ് രക്ഷാപ്രവര്‍ത്തനം ഏറെ ദുഷ്‌കരമാക്കുന്നത്.
നേരത്തെ അനധികൃത പാറപ്പൊട്ടിക്കലിന് പരാതി ലഭിച്ചിട്ടുണ്ടെന്ന വിവരങ്ങള്‍ പുറത്ത് വരുന്നുണ്ട്. ജോലി ചെയ്യുന്നതിനിടയില്‍ ഹിറ്റാച്ചി മറിഞ്ഞുണ്ടായ അപകടമെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരമെന്ന് പത്തനംതിട്ട ജില്ലാ കളക്ടര്‍ പ്രേം കൃഷ്ണ പറഞ്ഞു. കൃത്യമായ കാരണം അറിഞ്ഞു വരുന്നേയുള്ളുവെന്നും ഇപ്പോള്‍ രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം റിപ്പോര്‍ട്ടറിനോട് പറഞ്ഞു. ലൈസന്‍സുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അന്വേഷിച്ചിട്ടില്ലെന്നും ബാക്കി കാര്യങ്ങള്‍ പുറമേ ശേഖരിക്കുമെന്നും പ്രേം കൃഷ്ണ വ്യക്തമാക്കി.
കുറേക്കാലമായി നാട്ടുകാരില്‍ നിന്ന് പരാതി വന്ന ക്വാറിയാണെന്ന് കോന്നി എംഎല്‍എ കെ യു ജനീഷ് കുമാര്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞു. ഇപ്പോള്‍ രക്ഷാപ്രവര്‍ത്തനത്തിനാണ് പ്രാധാന്യമെന്നും ദുഷ്‌കരമായ സാഹചര്യമാണ് നിലനില്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കോന്നിയിലെയും പത്തനംതിട്ടയിലെയും ഫയര്‍ഫോഴ്‌സ് സംഘം അവിടെയുണ്ട്. കളക്ടറുടെ നേതൃത്വത്തില്‍ ഏകോപനം നടക്കുന്നു. മുകളില്‍ നിന്ന് പാറക്കഷണങ്ങള്‍ താഴേക്ക് വരുന്നത് പ്രയാസമാണെന്നും രക്ഷാപ്രവര്‍ത്തകരുടെ സുരക്ഷയും പ്രധാനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പാറമടയില്‍ പാറ അടര്‍ന്ന് വീണ കല്ലുകള്‍ക്കിടയില്‍ രണ്ട് പേരാണ് കുടുങ്ങി കിടക്കുന്നത്. അതിഥി തൊഴിലാളികളാണ് കുടുങ്ങി കിടക്കുന്നത്. അകപ്പെട്ടവരില്‍ ഒരാള്‍ ജാര്‍ഖണ്ഡ് സ്വദേശിയും മറ്റൊരാള്‍ ഒറീസ സ്വദേശിയുമാണ്. അജയ് രാജ്, മഹാദേവ് പ്രധാന്‍ എന്നിവരാണ് അപകടത്തില്‍പ്പെട്ടത്. ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെയായിരുന്നു അപകടമുണ്ടായത്. ഹിറ്റാച്ചി ഉപയോഗിച്ച് പാറ നീക്കം ചെയ്യുന്നതിനിടിയിലായിരുന്നു അപകടം. ഹിറ്റാച്ചി ഓപ്പറേറ്ററും ഹെല്‍പ്പറുമാണ് കുടുങ്ങി കിടക്കുന്നത്. ഹിറ്റാച്ചി പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്.
Content Highlights: Konni MLA says this is a quarry that received complaints from locals Rescue operations are difficult